Friday 12 January 2024

 

നിന്നരികത്ത്
മൃതിക്കും ജനിക്കും സദാകൂട്ടുനിൽക്കും
മരുന്നിൻമണംമുറ്റുമാസ്പത്രിയിങ്കൽ
മൃതപ്രായയാം നിൻ ജ്വരക്കട്ടിലിൽ ചേർ-
ന്നിരിക്കുന്ന ഞാനെത്ര സൗഭാഗ്യഹീനൻ
മെലിഞ്ഞും ഹിമംപോലെയാറിത്തണുത്തും
ഞരമ്പുന്തിനിൽക്കുന്നൊരിക്കൈ തലോടി
വിളർത്താകെവാടിത്തളർച്ചവാച്ചീടും
മുഖത്തെക്കുഴിഞ്ഞുള്ള നേത്രങ്ങൾ നോക്കി
പതിഞ്ഞേറെ മന്ദം ചലിക്കുന്ന നെഞ്ചി-
ന്നകത്തെന്നെ,യുൾക്കൊണ്ട ചിത്തത്തെ വാഴ്ത്തി
കരഞ്ഞേറെ വീർപ്പിട്ടു ഹൃത്തടം വിങ്ങി-
പ്പിരിഞ്ഞീടുമീയശ്രുബിന്ദുക്കൾ വീഴ്ത്തി

കിനാക്കളും മോഹപ്രതീക്ഷയും വാരി-
പ്പുണർന്നെന്റെമുന്നിൽ നടന്നെത്തിയോൾ,നീ
പ്രിയംകൊണ്ടുമൂടാൻ നിനക്കേറെനൽകാൻ
തുനിഞ്ഞില്ല ഞാനെൻ യുവത്വത്തുടിപ്പാൽ
അഹംബോധമാർന്നുള്ളൊരക്കാലമെല്ലാ-
മഹോ,പാഞ്ഞുഞാനുഗ്രനശ്വംകണക്കേ
മനംതിങ്ങിവിങ്ങിക്കരഞ്ഞുള്ളനിന്നെ-
ത്തിരിഞ്ഞൊന്നുനോക്കാൻ ശ്രമംചെയ്തിടാതെ
നിറുത്താതെയോടിത്തളർന്നപ്പൊഴെന്നോ
തിരിച്ചെത്തി ഞാൻ നിന്മടിത്തട്ടിൽ വീണു
മൃദുപ്രേമസമ്പന്നമീലാളനത്തിൽ
മനസ്സിന്നഹംഭാവമൊക്കെക്കൊഴിഞ്ഞൂ
കൊടുത്തും കവർന്നും പിണങ്ങിച്ചിരിച്ചും
സുഖംചേർന്നരാഗാർദ്രവിശ്രാന്തവേള
വിധിക്കിഷ്ടമാവാഞ്ഞസൂയാലുവായോ
സഖീ,നീയകാലത്തു വാടിക്കൊഴിഞ്ഞോ
മയക്കംമറന്നുള്ള യാമങ്ങളിൽനീ
മുറുക്കെപ്പിടിക്കുന്നിതെന്തിനെൻകൈകൾ
ഭയപ്പെട്ടുപോകുന്നുവോ നിന്നിൽനിന്നാ-
യകന്നീടുമെന്നോർത്തു,മുമ്പെന്നപോലെ
പ്രിയംചേർന്ന,നീയാണു പോകാനൊരുക്കം-
തുടങ്ങുന്നതെന്നുള്ള ദൈവാജ്ഞയോർത്തും
പ്രിയേ,നിന്റെ യാത്രയ്ക്കൊരുക്കങ്ങളേകാൻ
മനംവിങ്ങിനിൽപ്പൂ,നിരാലംബനീഞാൻ
ദിനങ്ങളും  രാവും വിരാമങ്ങൾകുടാ-
തകന്നങ്ങുപോയീടുമെന്നോർത്തിടാതെ
ദിനങ്ങൾക്കുചേർന്നുള്ള കർമ്മങ്ങൾചെയ്യാൻ
മറന്നിങ്ങിരിക്കുന്നു ഞാൻ നിന്റെചാരെ
                   ************************
ഗിരിജ ചെമ്മങ്ങാട്ട്
( അമ്മയാകുന്നു വീണ്ടും എന്ന കവിതാസമാഹാരത്തിൽനിന്ന്)

No comments:

Post a Comment