കണ്മണിക്ക്...
കണ്മണീനിന്നുടെപെൺകൊടയെങ്കിലും
നിന്നെ കൊടുക്കുകയല്ലഞങ്ങൾ
സുന്ദരമായൊരുദാമ്പത്യജീവിതം
നൽകുന്നൊരാളുമായ്ചേർക്കയാണേ
ചാരിക്കിടക്കുന്നൊരുമ്മറവാതിലാ
പാദത്താൽതള്ളിത്തുറന്നിടേണം
കേറണംമെല്ലെ,ഗൃഹാംഗങ്ങൾതന്നുടെ
ചേതസ്സിലും,രാഗഭാവമോടെ
നെല്ലു,മരിമാവും
ചേർത്തണിഞ്ഞുള്ളൊരാ
*പല്ലക്കിലേറിയിരിക്കുന്നേരം
പൊന്മണീയോർക്കണമെല്ലാരുമേ,നിന്നെ
മന്നവിപോലെ കരുതുമെന്നായ്
എന്തിനുമേതിനുംകുറ്റംപറയുന്നൊ-
രമ്മായിയമ്മയവിടെയില്ല
ഉള്ളുംപുറവുമൊരുപോൽപുതുമക-
ളുള്ളവളാണേ,അവന്റെയമ്മ
ചാരുകസേരമേൽ ഗർവ്വിച്ചിരിക്കുന്ന
രാജാവേയല്ല,അവന്റെയച്ഛൻ
ചേരണമൊട്ടുംമടിയാതെ നല്ലൊരു
തോഴനായിത്തന്നെകണ്ടിടേണം
പാദംവണങ്ങുകയില്ലനിൻദേവരൻ
ത്രേതായുഗത്തിലെലക്ഷ്മണനായ്
കാണണമെന്നുമനിയനായ്ത്തന്നെനീ
പോരടിച്ചീടൊല്ലവനുമായി
നിന്റെ വലത്തുകാലില്ലത്തുവയ്ക്കുന്ന
സുന്ദരയാമമെത്തീടുമ്പൊഴേ
നിന്നെയല്ലോ,നല്ലതോഴിയാക്കീടുവാ-
നെന്നെന്നുംമോഹിപ്പൂ,കൊച്ചുപെങ്ങൾ
രണ്ടുകയ്യുംനീട്ടി സ്വീകരിച്ചീടണം
നല്ലൊരേട്ടത്തിയായ് മാറിടേണം
എന്നുമവൾക്കൊരുകൂട്ടായിരിയ്ക്കേണ-
മെന്നുമവൾക്കൊരുതാങ്ങാകേണം...
കൂടുമ്പോളിമ്പംനിറയ്ക്കുന്നതാണല്ലോ
ന്യൂജനറേഷൻകുടുംബമിപ്പോൾ
നീയുമവനൊത്തുജീവിച്ചുകാട്ടണം
മാതൃകയാകേണമേവർക്കുമേ
പെൺകൊടയെന്നുകേൾക്കുമ്പോൾഭയന്നിടും
പണ്ടത്തെപ്പാവങ്ങൾപെൺകിടാങ്ങൾ
ഇന്നത്തെ കന്യമാരെല്ലാംസ്വതന്ത്രമാം
ചിന്തകളുള്ളവരത്രെപാരിൽ!
ഗിരിജ ചെമ്മങ്ങാട്ട്
******
*ആന്തോളം(പല്ലക്ക്) അണിയുക
No comments:
Post a Comment