Monday, 8 December 2025

 സതീ...


ഗുരുവായൂരെത്തി തൊഴുതുനില്ക്കയാ-

ണൊരുവളെന്നുടെ പ്രിയതോഴി 

അവളെയെന്നെന്നും സുഖമായ് വാഴുവാൻ 

മുരവൈരേ സ്വാമീ കനിയേണേ...


പലതാം ദുർഘടവഴികൾ താണ്ടിയാ-

ണെഴുപതിലെത്തിയവളിപ്പോൾ 

പുതുതാ,മാവാസസദനത്തിലെത്തി-

ച്ചിരകാലംവാഴാൻകൊതികൊൾവൂ!


മകനുണ്ടല്ലൊരാൾ ജനനിതന്നിഷ്ടം 

മുറപോലെചെയ്യാനൊരുഭാഗേ 

സഹജനോടൊത്തുനില്ക്കുന്നൂ,പെങ്ങൾ 

മറുഭാഗേ,പൂർണ്ണമനമോടെ 


നവമാം ഗേഹത്തിൽപലരെക്കണ്ടീടാം

സഖിയെക്കൂട്ടാനെന്നറിവൂഞാൻ

മൃദുഹാസംതൂകി ചേർന്നുപോയീടാൻ

വിരുതുമുള്ളവളാണല്ലോ


കരളിൽസംഗീതമുണ്ടു ഭംഗിയി-

ലതുപാടാനുള്ള കഴിവുണ്ട് 

കലയുമുണ്ടു,കൈവേലയുമുണ്ട്

തനുവിനാരോഗ്യമതുമുണ്ട് 


*തുനിവുനല്കുവാൻ ശാസ്താവുമുണ്ട് 

കനിവേകീടുവാൻ പെരുവനേ-

മരുവും ഗൗരീശനുണ്ടു,കണ്ണനോ

ഗുരുപുരിയിങ്കൽ നില്പുണ്ട് 


തരിപോലുമീഷൽ മനതാരിലില്ലാ-

തവിടെ ചെല്ലണം വൈകാതെ

നിവസിച്ചീടേണംസാമോദംനീയാ

സദനേ,വിശ്രാന്തശാന്തയായ്...❤️❤️


 ഗിരിജ ചെമ്മങ്ങാട്ട്

തുനിവ്...ധൈര്യം

No comments:

Post a Comment