Thursday 10 August 2023

 

ഈശ്വരൻ വീണ്ടും വന്നാൽ


മങ്ങിക്കത്തീടും നില-
വിളക്കിന്നരികിലാ-
യമ്മിണിയെന്തേ കണ്ണും-
പൂട്ടിവാവുറങ്ങുന്നൂ
കുഞ്ഞുമെയ് നോവില്ലെന്നോ തണുത്തവെറുംനില-
ത്തിങ്ങനെയേറേനേരം
മിണ്ടാതെക്കിടന്നെന്നാൽ
അമ്മയുമേട്ടന്മാരു-
മേട്ടത്തിമാരും കൂടീ-
ട്ടെന്തിനായ് കണ്ണുംചിമ്മി-
ത്തേങ്ങിക്കരഞ്ഞീടുന്നു
എന്തേതെന്നറിയാതെ-
യെന്തുചെയ്യേണ്ടൂവെന്നായ്
മന്ദംമന്ദമായൊരു
മൂലയ്ക്കലൊതുങ്ങീഞാൻ
അങ്ങേയകത്തും നിന്നാ-
ണെന്നു തോന്നീടുന്നൊരു
വിങ്ങിപ്പൊട്ടലോ,കേൾപ്പൂ
ഞാനൊന്നു പങ്ങിച്ചെന്നൂ
കണ്ണനെ മാറിൽച്ചേർത്തു
കണ്ണീരൊലിപ്പിച്ചെന്റെ
കുഞ്ഞമ്മയല്ലോ മനം-
നൊന്തിട്ടു മാഴ്കീടുന്നു
ഖിന്നനായ് നില്പാണുണ്ണി-
യെന്നെക്കാൺകവേ മെല്ലെ-
യന്തികേ വന്നൂ ശോക-
ഭാവത്താൽ മുഖം താഴ്ത്തി
ഉള്ളിലൊന്നുംചേരാത്ത
പാവങ്ങൾ ഞങ്ങൾ ഭയ-
ന്നുമ്മറമുറ്റത്തേയ്ക്ക-
ങ്ങോടിപ്പോയ് തിടുക്കത്തിൽ
ഇന്നലെയന്തിയ്ക്കല്ലേ
ഞങ്ങൾ മൂവരുംചേർന്നു
സന്ധ്യാദീപത്തിൻമുന്നിൽ
കൈകൂപ്പി നാമം ചൊല്ലി
പിന്നെ രാവെത്തേ,മാമ-
മുണ്ടു,പാട്ടുകൾ പാടി
സമ്മോദിച്ചുറങ്ങി,യെ-
ന്തമ്മിണിയുണർന്നില്ല !
അമ്മിണിക്കുരുന്നിനെ
കൈകളിലേന്തീട്ടൊരാ-
ളങ്ങേപ്പറമ്പുംനോക്കീ-
ട്ടെന്തിനോ പോകുന്നേരം
എല്ലാരുമൊന്നായാർത്തു
'വേണ്ടെ' ന്നുതടുത്തപ്പോ-
ളുണ്ണിയും ഞാനും ഭീതി-
പൂണ്ടു,ചേർന്നുനിന്നുപോയ്
രാത്രിയിലമ്മൂമ്മയൊ-
ത്തുറങ്ങാൻ കിടക്കുമ്പോൾ
നേർത്തനാദത്താലാരാ-
"ഞ്ഞമ്മിണിയ്ക്കെന്തേപറ്റി?"
" ഈശ്വരൻകൊണ്ടോയെന്റെ-
തങ്കത്തെ" മുത്തശ്ശിയോ
വാക്കുകൾമുറിഞ്ഞുംകൊ-
ണ്ടോതിനാൾ പതുക്കനേ
പിറ്റേന്നു കാലത്തുണർ-
ന്നപ്പോഴെൻ കുനുനെഞ്ചിൽ
കുറ്റബോധത്തിൻ സൂചി-
മുനകൾ നോവിച്ചീടേ
മുറ്റത്തേയ്ക്കിറങ്ങീഞാ-
നുണ്ണിതൻകയ്യുംപിടി-
ച്ചൊറ്റയ്ക്കു സ്വകാര്യത്തി-
ലീവിധം ചൊല്ലീപിന്നെ
" അമ്മിണിക്കിടാവിനെ-
യീശ്വരൻ കവർന്നപ്പോ-
ളെല്ലാരുമൊന്നായ്ച്ചേർന്നു
വിലപിച്ചീടുന്നേരം
നമ്മൾ രണ്ടുപേർമാത്രം
കണ്ണുനീർപൊഴിച്ചില്ല !
വല്ലാത്തതെറ്റായ്പ്പോയെ-
ന്നറിഞ്ഞീടുന്നൂ കഷ്ടം !
ഒന്നുനാമോർത്തീടേണം
നാളെയെത്തിയീശ്വരൻ
കണ്ണനെയെടുത്തങ്ങു
സ്വന്തമാക്കീടുന്നേരം
എല്ലാരു,മന്നും പൊട്ടി-
ത്തേങ്ങീടുമുറപ്പായും
നമ്മളും നെഞ്ഞുംപൊത്തി-
ക്കേഴണം മറക്കാതെ "
             *************
ഗിരിജ ചെമ്മങ്ങാട്ട്


No comments:

Post a Comment