ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 129
21.10.2024മിടുമിടുക്കനാ,മൊരുണ്ണിയെക്കാണാം
ഗുരുവായൂപുരേ,യണഞ്ഞാൽ നിശ്ചയം
തളയണിഞ്ഞുള്ള ചെറുപദങ്ങളും
വളകൾമിന്നുന്ന കിളുന്നുകൈകളും
കനകക്കിങ്ങിണി,കുടപ്പനുംചേർന്നു
മിനുത്തകുമ്പമേലിറുകിക്കാണുന്നു
വെളുത്തനൂലിന്മേലുടുത്തുകാണുന്നു
ചുവന്നപട്ടിനാൽ മെനഞ്ഞകോണകം
തിരുവക്ഷസ്സിങ്കലണിഞ്ഞിട്ടുണ്ടല്ലോ
സുവർണ്ണമാങ്ങമാലയും നന്നായങ്ങ്!
അതിനുചേർന്നൊരുവനമാല,തെച്ചി-
ത്തുളസിപ്പൂക്കളാലതീവസുന്ദരം!
ഭുജക്കാപ്പും,നല്ലചെവിപ്പൂവും,നെറ്റി-
ത്തടത്തിലായൊരു തിളങ്ങുംഗോപിയും
കളഭപ്പീലിമേൽ മുടിമാല്യം,തൂങ്ങി-ക്കിടന്നിടുന്നതാം വിതാനമാല്യങ്ങൾ
സരസിജനേത്ര,നിടത്തായ്കാണുന്നു
ശിവലിംഗമതും കളഭനിർമ്മിതം!
അരികിൽ,മമ്മിയൂർ വിളങ്ങുമപ്പനാ-
ണറിവു,കൈകൂപ്പിതൊഴുന്നുഭക്തിയാൽ!
വലതുകയ്യിനാൽ മുരളിയേന്തിയു-
മിടംകരതാരാൽ ശിവനെ സ്പർശിച്ചും
മുരാരിനില്ക്കുന്നു നിറഞ്ഞു ശ്രീലകേ
*സ്മരാരിയോടൊത്ത്,വരിക, വന്ദിക്ക!
ഗിരിജ ചെമ്മങ്ങാട്ട്
സ്മരൻ=കാമദേവൻ.
*സ്മരാരി=ശിവൻ
No comments:
Post a Comment