Wednesday, 23 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 130

23.10.2024

അമ്പാടിപ്പൈതലായിന്നുഗുരുവായൂർ
ചെന്നാലക്കണ്ണനെക്കാണാം
അമ്മ,യശോദയണിയിച്ചൊരുക്കിയ
പൊന്നുണ്ണിക്കൃഷ്ണനെക്കാണാം

തങ്കത്തളയണിക്കാലും,വളയിട്ട
കുഞ്ഞിക്കരങ്ങളും കാണാം
കുമ്പമേലൊട്ടിക്കിടക്കുന്നകാഞ്ചിയും
ചെമ്പട്ടുകോണവും കാണാം

മാറത്തണിഞ്ഞപൊന്മാലയും,കാനന-
പ്പൂമാലയോടൊത്തുകാണാം
കേയൂരം,കാതിപ്പൂ,ഫാലക്കുറികളും
കോമളവിഗ്രഹേ കാണാം

കാറൊളിത്തൂമുടിക്കെട്ടിൽമയിൽപ്പീലി
മൂന്നെണ്ണമുണ്ടതുംകാണാം
പീലിയോടൊത്തുവെളുത്തപൂവാൽ,മുടി-മാലയും കെട്ടീട്ടുകാണാം

വേണുവലംകയ്യിൽചേർത്തും,മറുകയ്യിൽവേലൊന്നുമായിട്ടു,കൃഷ്ണൻ
വേലായുധനാണുതാനെന്ന ഭാവേന
കോവിലിൽ വന്നിതാനില്പൂ!

സ്വാമിയാണെന്നുനിനച്ചോ,മയൂരവും
ചാരത്തണഞ്ഞതായ്കാണാം
നീലമയില്പുറത്തേറാമെന്നോർത്തിട്ടോ
ബാലകൻനിന്നുചിരിപ്പൂ..

കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ

ഗിരിജ ചെമ്മങ്ങാട്ട്






No comments:

Post a Comment