Friday, 1 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 132

31.10.2024

താമരസുമത്തിലായ്
കാൽപിണച്ചല്ലോ,നീല-
ത്താമരവിലോചനൻ
ശ്രീലകേ വിളങ്ങുന്നു!
വേണുവൊന്നല്ലോകാണ്മു
പാണിരണ്ടിലുംമായാ-
ഗീതംമന്ദമായ്കേൾപ്പൂ-
വാനിലെമ്പാടും ഹൃദ്യം !

പൊൻതള തിളങ്ങുന്ന 
തൃപ്പദങ്ങളെക്കാൺകെ
മണ്ടിപ്പോമഹങ്കാര-
മെല്ലാമേയുള്ളിൽനിന്നും
ഉണ്ടുവീർത്തൊരക്കുഞ്ഞു-
കുമ്പകണ്ടീടുന്നേരം
കിങ്ങിണിപോലെത്തുള്ളി-
വന്നീടുമാമോദവും

പൊന്മാലയണിഞ്ഞൊരാ
കുഞ്ഞുമാറിടംകാൺകേ
ചെന്നൊന്നുപുണർന്നീടാ-
നാർക്കുമേ തോന്നിപ്പോകും
ഉണ്ടമാലയാൽശോഭി-
ച്ചീടുമാതിരുവുടൽ
കണ്ണിമയ്ക്കാതേനോക്കി-
നിൽക്കേണമെന്നേതോന്നും

കാപ്പുകളണിഞ്ഞൊരാ
തൃക്കൈയ്യിൽ,മുരളിക
ചേർത്തതുകാണുന്നേരം
പാട്ടിനായ് ചെവിയോർക്കും
ഗോപിപ്പൊട്ടണിഞ്ഞൊരാ
തോൾഭംഗികാണുന്നേരം
ലോകചിന്തകൾമായും
'ഞാനി'ല്ലാതായിപ്പോകും

കാരുണ്യബാഷ്പംതൂകും
നീൾമിഴി കാണുന്നേരം
പോയകാലവു,മിന്നും
നാളെയുംമങ്ങിപ്പോകും !
മാലേയത്തിരുനെറ്റി-
ത്തിലകം കാണുന്നേരം
മാഞ്ഞിടുംമനസ്സിനെ-
നീറ്റുന്ന ദുശ്ചിന്തയും

പീലിയും കിരീടവും-
ചേർന്നമൗലികാണുമ്പോൾ
ആപാദചൂഡംനോക്കി
പുളകംകൊള്ളാൻ തോന്നും
ദീപപ്രകാശേ,വിള-
ങ്ങീടുംകണ്ണനെയെന്നും
കാണുവാൻ മരുത്പുരേ
ചെന്നു,പാർക്കുവാൻ തോന്നും

കൃഷ്ണ!കൃഷ്ണഗോവിന്ദാ
കൃഷ്ണ!മാധവാ,കൃഷ്ണാ
കൃഷ്ണ!ഗോകുലബാലാ
കൃഷ്ണ!ദീനബാന്ധവാ
കൃഷ്ണ!നന്ദജാ,ഗോപീ-
നായകാ,കൃപാനിധേ
കൃഷ്ണ!സങ്കടഹരാ
കൃഷ്ണ!പാഹിമാം ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്




No comments:

Post a Comment