Thursday, 7 August 2025

 നായേടെ വാല്


വ്യാഴവട്ടങ്ങൾകുഴലതിലിട്ടാലും
നീരാത്ത നായതൻവാലുപോലെ
ബോധമില്ലാത്തനരന്റെസ്വഭാവമെ-
ന്നേവരുംഭാഷിയ്ക്ക,കേൾക്കയാലോ
ഡോബർമാൻ,റോട്ട് വീലറെന്നീജനുസ്സിലെ
ശ്വാനവീരന്മാരങ്ങൊത്തുകൂടി
കേറിച്ചെന്നല്ലോമൃഗാസ്പത്രിയൊന്നിലായ്
"വാലുമുറിച്ചീടാനായിക്കൊണ്ട്"....?

ഗിരിജ ചെമ്മങ്ങാട്ട്

ഡോബർമാൻ,റോട്ട് വീലർ എന്ന ജനുസ്സിലുള്ളവയുടെ വാല് മുറിക്കാറുണ്ട്.ഇപ്പോൾ നിയമംവഴി നിരോധിച്ചു.

Wednesday, 30 July 2025

മാണ്ഡവി...2

 ( സീതാദു:ഖം ആശാനും,ഊർമ്മിളാദു:ഖം പള്ളത്തുരാമനുംഅവതരിപ്പിച്ചിട്ടുണ്ട്.അടുത്തുകാണുന്നുണ്ടെങ്കിലും ഒരുമിച്ച് ജീവിക്കാൻ യോഗമില്ലാത്ത ഭരതപത്നി മാണ്ഡവിയുടെ മനസ്സ് ആരുമറിഞ്ഞതായി കണ്ടില്ല.ഒരു മഹാകാവ്യം എഴുതാനൊന്നും എനിക്ക് കഴിവില്ല.ഒരു ചെറിയ ശ്രമം മാത്രം)


മാണ്ഡവി

നഗരിക്കുപുറത്തുയർന്നൊരാ
പുതുതായുള്ളൊരുപർണ്ണശാലയിൽ
വ്യഥയാർന്നുവസിച്ചിടുന്നൊരെൻ
പതിയെക്കാൺവതിനായൊരുങ്ങിഞാൻ

രഥമഞ്ചമതിൽവലത്തുചേർ-
ന്നമരുന്നൂ,രഘുരാമനംബയാൾ
ചെറിയമ്മയുമുണ്ടിടത്തിതാ
കരുണാർദ്രം തുണയായിവന്നുടൻ

മുളചീന്തിമെടഞ്ഞവാതിലി-
ന്നിരുഭാഗത്തുനിവർന്നുനില്പവർ
ഭടർ,ഭവ്യതയോടെ മാറിയ-
ങ്ങകമേറാൻ ,തൊഴുകയ്യുമായഹോ

കുടിലിൽ,തറമേൽവിരിച്ചൊരാ
ചെറുപുൽപ്പായയിൽചമ്രമിട്ടതാ
ഭരതൻ,മമജീവനാഥനാ-
ണുപവിഷ്ടൻ,മരവസ്ത്രധാരിയായ്

വിനയത്തൊടെണീറ്റിതമ്മമാ,-
രുടജേ,തേരിലണഞ്ഞുകാൺകയാൽ
തനുനീർത്തിനമസ്ക്കരിച്ചുനൽ-
ച്ചെറുപീഠത്തിലിരുത്തി ഭക്തിയിൽ

മൃദുഭാഷയിൽ ചോദ്യമായ് ക്ഷണം
സുഖവുംക്ഷേമവുമമ്മമാരുമായ്
അരികത്തമരുന്നപത്നിയിൽ
മിഴിയൊന്നങ്ങുതിരിച്ചതില്ലപോൽ

കഠിനവ്രതഭംഗമാവുമെ-
ന്നറിവാർന്നോ,ബഹുദീക്ഷചര്യയിൽ
നിറനേത്രദലങ്ങൾകാണുവാ-
നരുതാഞ്ഞോ,ഹൃദയം നുറുങ്ങയോ

വനവാസിചമഞ്ഞൊരഗ്രജൻ
കനിവാൽനൽകിയപാദുകങ്ങളെ
വിധിപൂജകൾചെയ്തയോദ്ധ്യയെ-
പ്പരിപാലിക്കുകയാണു,മൽപ്രിയൻ!

വ്രതഭംഗിയെഴുന്ന ദേഹവും
ജടചേർന്നിമ്പമിയന്നകേശവും
കൊതിപൂണ്ടവിലോചനങ്ങളാ-
ലകമേ,ചേർത്തു മുകർന്നുഞാൻവൃഥാ

പിരിയുംപൊഴുതോർത്തുനിന്നുഞാൻ
ഹതഭാഗ്യംപെടുമെന്നനീത്തിയെ
അറിയാതൊരുമാത്രയെന്മനം
ചലനംനിന്നതുപോലുറഞ്ഞുവോ

പ്രതിവാരമെനിക്കുകണ്ണിലെൻ
പ്രിയനെക്കിട്ടുവതെത്രഭാഗ്യമായ്
വിരഹാർത്ത,മദീയസോദരി!
പ്രിയയാമൂർമ്മിള ,യെത്ര ദു:ഖിത!
                ***********
ഇതുപോലൊരുനീതിയല്ലയോ
ശ്രുതകീർത്തിക്കുമഹോവിധിച്ചതും
യുവവീരനവൻനരോത്തമൻ
നിയമംനോക്കിടുമെന്റെദേവരൻ

സഹജാജ്ഞകളൊക്കെയുംദ്രുതം
സചിവർക്കേകിടുവാനണഞ്ഞിടേ
അരികത്തണയില്ലൊരിക്കലും
ജനനീപൂജനിവർത്തിടുമ്പൊഴും

മിഥിലയ്ക്കുപിറന്നമക്കളീ-
പുരിയിൽദു:ഖിതരായിരിപ്പതായ്
ശിവപാർവ്വതിമാരൊടോതുവാ-
നൊരുവൻപോലുമൊരുങ്ങുകില്ലയോ?

                         *************
ഗിരിജ ചെമ്മങ്ങാട്ട്.

 



കയ്പ്യ്ക്ക

പന്തലിൽതൂങ്ങിനില്ക്കുന്ന-
തെന്താണെന്നൊരുസംശയം
കാലുമൂന്നുണ്ട്,മറ്റേതോ
കാണുന്നില്ല,മറഞ്ഞതോ

വാലുണ്ടതുനീളത്തി-
ലോടിയ്ക്കാംഈച്ചപാറുകിൽ
താഴേക്കുവീണുനീർന്നിടാ-
നാണോമാർജ്ജാരകൗശലാൽ...

ഈരണ്ടുചെവിയുംകണ്ണും
പാവയ്ക്കയ്ക്കാരുനല്കിയോ
ആരുനിർമ്മിച്ചതീരൂപ-
മീശനോ,എ.ഐ.സൂത്രമോ...?

ഗിരിജ ചെമ്മങ്ങാട്ട്.

Tuesday, 29 July 2025

 മടിച്ചിപ്പെണ്ണ്...


നേരംപോയ്ശ്വാനവീരേ കതിരവകിരണംചൂടുമായെത്തയായീ
പായിൽനിന്നൊന്നെണീക്കാനിനിയൊരുവിളിയുംവേണമെന്നോ കുമാരീ
പാടില്ലാ,നിന്നെയെന്നുംപ്രിയസുതയതുപോൽകാണുമമ്മയ്ക്കുകഷ്ടം-
തേടീടാൻവിട്ടിടൊല്ലാ,യലസതയൊഴിവാക്കീടുകെൻ സാരമേയീ.....🤭😅

ഗിരിജ ചെമ്മങ്ങാട്ട്.

Sunday, 27 July 2025

 ചുരയ്ക്ക


അടുക്കളയ്ക്കുവടക്കുപറമ്പിൽ വലിച്ചെറിഞ്ഞാരോ
അടിച്ചപൊടിയൊടുകൂടൊരുവിത്തതുമുളച്ചുകാണുന്നു
കരുത്തുചേർന്നുപടർന്നൂവള്ളിച്ചെടിയോവളരുന്നു
ഉറപ്പു,മത്തനുമല്ല,ക്കുമ്പളമല്ലാ,വെള്ളരിയും

ഇതെന്തുലതയെന്നോർത്തന്തംവിട്ടടുത്തുഞാൻനില്ക്കേ
വിളർത്തമഞ്ഞപ്പൂവാലെന്തേചിരിച്ചുകളിയാക്കാൻ?
അടുത്തനാളിൽ തന്നവളാഹാ,ചുരയ്ക്കയൊന്നല്ലോ
പരിപ്പുകൂട്ടിമൊളോഷ്യംവയ്ക്കാം,പോരാമോരുകറീം......

        ഗിരിജ ചെമ്മങ്ങാട്ട്. 

Sunday, 13 July 2025

 



വള്ളസ്സദ്യ..

ആറന്മുളവള്ളസ്സദ്യയുണ്ണാനായികണ്ണനിന്നു
താഴെയല്ല,കസേരയിലാണിരിക്കുന്നു !
ഏതേതേതാണാദ്യംസ്വാദുനോക്കേണമെന്നാലോചിച്ചു,
ചേലേറുന്നപപ്പടത്തിൽകയ്യുവയ്ക്കുന്നു...😅🩷

ഗിരിജ ചെമ്മങ്ങാട്ട്.

Saturday, 12 July 2025

 നല്ല കട 🩷💙


"നാഴിക്കഞ്ഞൂറുകിട്ടേണം 

വാങ്ങാനാളുകളെത്തുകിൽ"

നീരാടാനങ്ങുപോന്നേര-

മോതീകണ്ണനൊടമ്മതാൻ

"കയ്യിൽകാശൊന്നുമില്ലെന്ന-

കാരണം പിന്തിരിഞ്ഞവർ

മടിച്ചിടേണ്ട,വന്നീടിൽ

പ്രസാദംപോലെനല്കുവേൻ"


നല്ല മൊതലാളി..😅😅


ഗിരിജ ചെമ്മങ്ങാട്ട്.