Monday, 1 September 2025

 പനിക്കിനാവുകൾ


പനിച്ചൂടിൽക്കിടക്കുമ്പോ-
ഴെന്തെല്ലാംപേക്കിനാവുകൾ
പോയരാവുമുഴുക്കേഞാൻ
കണ്ടൂഞെട്ടിത്തരിച്ചുപോയ്

അടുത്തതൊടിയിൽനില്ക്കും
കൂറ്റൻതെങ്ങിന്റെകായകൾ
ഇടാനായ്തോട്ടിയുംകൊണ്ടു-
ചെന്നാൾ,ഞാനതിസാഹസം

മൂത്തതേങ്ങയതിന്മേല-
ങ്ങരിവാൾതോട്ടികോർക്കവേ
തോട്ടിയൊത്തഥതാഴത്തു-
വീഴുന്നൂതെങ്ങുതന്നെയും

കോലാഹലമറിഞ്ഞിട്ടു
പാഞ്ഞൂഞാൻധൃതിപൂണ്ടുടൻ
പേടിവന്നില്ല,മണ്ടയ്ക്കു-
തേങ്ങവീണുമരിപ്പതായ്
"തോട്ടിപൊയ്പ്പോയതിൻഞായ-
മെന്തുചൊല്ലിജയിച്ചിടും..?"
അതാണെന്നുള്ളിലന്നേരം
കത്തിനിന്നൊരുഭീതികൾ

മച്ചിങ്ങവന്നുവീണപ്പോൾ
ഞെട്ടീ,നിദ്രയുണർന്നുഹാ!
ആശ്വാസവീർപ്പുമായ്,കണ്ണു-
ചീമ്പിമെല്ലെയുറങ്ങിഞാൻ
                     ***
കഴിഞ്ഞില്ല,മയക്കത്തിൽ
വന്നൂസ്വപ്നതുടർച്ചകൾ
ഉറങ്ങാൻസമ്മതിയ്ക്കാത്ത
പനിക്കാലപ്പിരാന്തുകൾ

"പിറ്റേന്നുചാനലാഘോഷം
ചിത്ര!മെന്നെ വിചിത്രമായ്
സീസീടീവികളാൽവാഴ്ത്തീ
തെങ്ങുവീഴ്ത്തിയകള്ളിയായ് !! "
          
ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment