Tuesday, 2 September 2025

 അമ്മിയും കുട്ടിയും


പൂക്കളഭംഗികൾകാണാനലയവേ-
യോർക്കാതെസംഗമഗ്രാമമെത്തി
പൂക്കളമുറ്റത്തുമാറിയിരിക്കുന്നി-
തേറ്റംവെടുപ്പോടെ "അമ്മിയൊന്ന്"

കുട്ടിയുംതേച്ചുകുളിച്ചിരിക്കുന്നുണ്ടു-
മട്ടുകണ്ടിട്ടെനിക്കിഷ്ടംതോന്നി
ഒന്നുതലോടിഞാനുള്ളത്തിലെന്താവോ
വന്നുവെന്നോ,കുഞ്ഞുകുറ്റബോധം?

എന്തിതിൻഹേതുവെന്നാലോചനയിലായ്മണ്ടിയടുത്തുള്ള വീട്ടിലേയ്ക്ക്
അപ്പൊഴാമുറ്റത്തുകണ്ടേനിതുപോലെ
കുട്ടിയുമമ്മിയും വൃത്തിയോടെ

പക്കത്തെവീട്ടിലുംകാണുന്നൊരമ്മിയെ
കുട്ടിയെ മാറോടുചേർത്തമട്ടിൽ
എന്തേകറന്റില്ലെ,മിക്സികളെല്ലാമേ
നല്ലദിവസം പണിമുടക്കി?

പിന്നെയാണാരോപറഞ്ഞെന്റെ കാതിലാ-
യമ്മിക്കുളിതൻ രസരഹസ്യം
ഉണ്ടൊരുമത്സരമെങ്ങോനടന്നിടും
ചമ്മന്തിയുണ്ടാക്കലാണുഹാ...ഹാ...

ഗിരിജ ചെമ്മങ്ങാട്ട് 

No comments:

Post a Comment