Friday, 4 April 2025

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 171

04.04.2025

തൃക്കയ്യൊന്നതിൽവേണുവും മറുകരേപാമ്പിന്റെവാലുംപിടി-
ച്ചൊട്ടുംഭീരുതചേർന്നിടാതഴകിലായ്
നൃത്തംചവിട്ടുന്നപോൽ
സർപ്പത്തിന്റെഫണത്തിലങ്ങുചിരിതൂകിക്കൊണ്ടുവാണീടുമ-
ക്കൃഷ്ണൻവന്നുമനസ്സിലുള്ളഴലുകൾമാറ്റാൻകനിഞ്ഞീടണേ...
ഹരേ..കൃഷ്ണാ...
     ഗിരിജ ചെമ്മങ്ങാട്ട്

Thursday, 3 April 2025

 


ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 170
03.04.2025
പൊന്നൂഞ്ഞാൽപ്പടിമേലിരുന്നുതളിരുംതോൽക്കുന്നൊരക്കൈകളാൽ
വള്ളിക്കങ്ങുമുറുക്കമോടഥപിടിച്ചാടാൻതുടങ്ങുന്നപോൽ
തങ്കക്കാപ്പുകൾ,വന്യമാല,ചരടിൽപട്ടിന്റെനല്ക്കോണകം
ചന്തത്തോടെയണിഞ്ഞിരിക്കുമവനെ
കണ്ടീടുവേൻകൂപ്പുവേൻ...ഹരേ...കൃഷ്ണാ...
       ഗിരിജ ചെമ്മങ്ങാട്ട്







Thursday, 27 March 2025

 


ഹരേ..കൃഷ്ണാ...3

തൃക്കയ്യിലുള്ളനവനീതംഭുജിച്ചുമൃദുഹാസംപൊഴിക്കുമധരേ
പുത്തൻമുളങ്കുഴലെടുത്തങ്ങുമാനസമുണർത്തുംസ്വരങ്ങൾപകരാൻ
തൃക്കാൽപിണച്ചു,വനമാല്യങ്ങൾചാർത്തി,പലപൊൻകോപ്പണിഞ്ഞുമഴകായ്
നില്ക്കുന്നകോമളകുമാരന്റെവിഗ്രഹമതെന്നുംമനസ്സിൽവരണേ.....

ഗിരിജ ചെമ്മങ്ങാട്ട്





Tuesday, 25 March 2025

 ഹരേ...കൃഷ്ണാ...2


പട്ടുചേല ഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
പൊന്നുവേണുമറുകൈയിലും,ധരി-
ച്ചുള്ളകണ്ണനെ വണങ്ങിടുന്നുഞാൻ
 
     ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 169
25.03.2025

പട്ടുചേലഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
കൂട്ടരൊത്തുകളിയാടുവാൻ,കുഴൽ-
ചേർത്തുനില്ക്കുമവനെത്തൊഴുന്നുഞാൻ....
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട്

Monday, 24 March 2025

 



ഹരേ...കൃഷ്ണാ...1

വികൃതികൊണ്ടുമടുത്തുസഹിച്ചിടാ-
തുരലിലമ്മവരിഞ്ഞുമുറുക്കിലും
പതിവുകാര്യമിതെന്നുനടിക്കുമാ-
ഹരിമുഖാംബുജമിന്നുതൊഴുന്നുഞാൻ...
 
ഗിരിജ ചെമ്മങ്ങാട്ട്. 

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 168
24.03.2025

അരയിൽവേണുവുടക്കിയപോലെയും
കരതലേനവനീതവുമായിഹാ!
ഉരലിൽബന്ധിതനായൊരുകണ്ണ!നിൻ
ചിരിയെഴുംമുഖമിന്നുതൊഴുന്നുഞാൻ...
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട്