Tuesday, 6 March 2012

തലവേദന

കണ്ണില്‍ ചെറുനോവായ്  ചെന്നിയില്‍ വിങ്ങലായ് 
മണ്ടക്കുപിന്നിലിടിയായ് 
എന്തുപെരും നോവിതെന്തു തലനോവി-
തെന്ടെ ശിരസ്സുപൊളിഞ്ഞോ ? 

മണ്ണടിച്ചീടും ഘട ഘട വണ്ടിയെന്‍ 
പിന്നിലായേങ്ങി വരുന്നോ?
അഞ്ചാറു ചെണ്ടകള്‍ താളപ്പിഴകളില്‍ 
നില്ലാതെ കൊട്ടുകയാണോ?

നല്ലിളം പഞ്ഞിയാല്‍ തീര്‍ത്ത തലയിണ 
കല്ലുകൊണ്ടെന്നു തോന്നുന്നോ?
നന്നായ് കറങ്ങുന്ന വൈദ്യുതപ്പങ്കയില്‍-
നിന്നും ചുടുകാറ്റുവന്നോ?

മണ്ട തലോടിയാല്‍ മായില്ലെഴുത്തുകള്‍ 
മണ്ടത്തമാരുപറഞ്ഞു 
മണ്ടനോവാലെ തലോടിയെന്‍ സൌഭാഗ്യ-
മണ്ടവരകള്‍ മറഞ്ഞു

ശയ്യയില്‍ കൈകുത്തി കയ്യില്‍ തലകുത്തി 
വയ്യെന്നവശയായ് മാഴ്കെ 
*പയ്യില്ല ദാഹവുമില്ലെന്നുദരത്തില്‍
തിയ്യാളി നില്‍ക്കുന്നതെന്തേ?

ഒക്കാനമാണോ വരുന്നതീപഞ്ചാര-
പ്പാല്‍പ്പായസത്തിനെയോര്‍ക്കെ 
ഏറ്റം മധുരിച്ച നല്പലഹാരങ്ങ-
ളാര്‍ക്കിനിയെന്നുഖേദിച്ചേ

പല്ലിറുമ്മിച്ചെവി പൊത്തിക്കിടക്കവേ 
ഉല്ലാസയാത്ര വെറുത്തെ 
കല്യാണങ്ങള്‍ക്കുകൂടാനും പരമ്പര-
കണ്ടിരിക്കാനും മടുത്തെ

പൊന്നിന്‍ കൈച്ചങ്ങല കെട്ടാനും മിന്നുന്ന 
ചുന്നിപ്പുടവ ചുറ്റാനും 
ഒന്നിനും മോഹമില്ലാതെ തളര്‍ന്നു ഞാന്‍
 കണ്ണുമടച്ചുകിടക്കെ

നോവുമുറക്കവും ചേര്‍ത്തുമെടഞ്ഞൊരു-
ഞാണില്ക്കളി ഞാന്‍ തുടരെ  
കാലൊന്നിടറിസ്സുഷുപ്തിതന്‍ ഗര്‍ത്തത്തില്‍
നേരേത്തലകുത്തി വീണു.
***********
ഓടക്കുഴലിന്ടെ മന്ദ്രസ്വനം കേട്ടെന്‍ 
കാതും മിഴിയുമുണര്‍ന്നു.
 വേണുവല്ലേറെക്കുളിരോടെ മച്ചീന്നു-
തൂങ്ങിക്കറങ്ങുന്നു പങ്ക

മത്തടിച്ചാര്‍ക്കെ മയക്കുവെടിയേറ്റു
സുപ്തി പൂണ്ടേറെക്കഴിയെ
പുത്തനുനര്‍വുമായ്‌ കണ്തുറന്നീടുന്നൊ-
രുത്തുംഗനാനയെപ്പോലെ 

ചിത്തം തെളിഞ്ഞു ഞാന്‍ മുന്പെന്നപോലൊരു-
പച്ച മനുഷ്യത്തിയായി 
മോഹമുണര്‍ന്നൂകിനാവുകള്‍ പൂത്തുല-
ഞ്ഞാകുലഭാവമകന്നു

ത്യാജ്യഭാവം വിട്ടു നാവുണർന്നേറെ ‍നല്‍
ഭോജ്യങ്ങൾക്കായിക്കൊതിച്ചു
കൂട്ടരോടൊത്തു മേളിക്കാന്‍ സവാരിക്കു-
കൂട്ടമായ്‌ പോകാനുറച്ചു

പിറ്റേന്നു വേളിക്കുടുക്കാന്‍ കസവിന്ടെ
സെറ്റുമുണ്ടിസ്തിരിയിട്ടു 
മാറ്റാര്‍ന്ന പൊന്നില്‍ പണിതുള്ള പണ്ടങ്ങ-
ളേറ്റമൊരുക്കൂട്ടി വെച്ചു.

**********
( പയ്യില്ല ....പൈ ഇല്ല ...വിശപ്പില്ല )

(കണ്ണാടികാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തിൽനിന്ന്.)                      


                   .കണ്ണില്‍ ചെറുനോവായ് ചെന്നിയില്‍  വിങ്ങലായ്

      No comments:

Post a Comment