Friday 21 November 2014

അമ്മാളു

ഇല്ലം മുടിഞ്ഞൂ, പ്രിയ -
താതനന്നൊരു നാളിൽ 
നന്നെച്ചെറുപ്പത്തിലായ്
മൃത്യു വന്നെത്തീടവേ 
കണ്ണീരോടർഥിച്ചിട്ടും 
ദൈവങ്ങൾ കനിഞ്ഞില്ല -
യുണ്ണിയൊന്നുണ്ടായിട്ടെ -
ന്നില്ലം തെഴുത്തീടുവാൻ

അപ്ഫനോ സന്താനാർത്ഥം
വേൾക്കുവാൻ തുനിഞ്ഞില്ല 
ക്ഷത്രിയ വധൂടിയിൽ 
ചിത്തബന്ധനാകയാൽ 
നഷ്ടഭാഗ്യങ്ങൾ കൊണ്ടു 
സങ്കടപ്പെട്ടൂഞാനും 
കഷ്ട,മമ്മയും നോക്കാ-
നാളില്ലാത്തോരായ് മാറി 

ബന്ധുക്കളുത്സാഹിച്ചു
കന്യകയെന്നെദ്ദൂരെ -
യന്തണ,നൊരാളിനാൽ
വേൾപ്പിച്ചു സനിഷ്കർഷം 
ഇല്ലവും വിട്ടന്നു ഞാൻ 
പോയെന്ടെ തറവാട്ടി-
ലമ്മയെ തനിച്ചാക്കി 
നീറുന്ന മനസ്സുമായ് 

നാളേറെ ച്ചെല്ലും മുൻപെ -
ന്നമ്മയു മിഹലോക 
ജീവിത മുപേക്ഷിച്ചു 
ദീനങ്ങൾ മൂലം പിന്നെ, 
ആളില്ലാതായിപ്പോയെ -
ന്നില്ലവും വസ്തുക്കളും 
നാടിൻനടപ്പായ്ചേർന്നൂ
പക്കത്തെ ജന്മീഗൃഹേ 

നാടാകെ,യഴിഞ്ഞാടി-
' യമ്മതൻ വിളയാട്ടം'
നാഥനെ,കവർന്നെന്നിൽ-
നിന്നുമായ്‌ നിർദ്ദാക്ഷിണ്യം 
രോഗബാധയാലെന്ടെ -
കണ്ണിലെ വെട്ടംകെട്ടു  
ഹേതുക്കളെല്ലാം സ്വന്തം 
ജാതകദോഷം തന്നെ 

എന്തിനായീവണ്ണമെൻ-
മേലേയ്ക്കായ് വീണ്ടും വീണ്ടും 
വന്നടിക്കുന്നൂ വിധാ-
താവിന്ടെ ചമ്മട്ടികൾ! 
തന്നതില്ലെന്തേ നെടു -
മംഗല്യം,സത്പുത്രത്വം 
തന്നതെന്തിനാണന്ധ-
കാരത്തെ മാത്രം ദൈവം!

കാലങ്ങളേറെച്ചെന്നു 
ഞാനിന്നീ വാർദ്ധക്യത്തിൻ 
ഭാരവും പേറിക്കൊണ്ടു 
ജീവിപ്പൂ മരിച്ചപോൽ 
ആരേയും നോവിക്കാതീ -
ഭൂവിൽനിന്നേതും വേഗം 
പോയീടാൻ മാത്രം നിത്യം 
നോമ്പു നോറ്റിരിക്കുന്നു

***

രണ്ടുനാൾ മുൻപാണാരോ
തന്നൊരു സദ് വൃത്താന്ത-
മന്ധയാമെൻ കർണ്ണത്തിൽ 
തേനമൃതെന്നായ്‌ വന്നു 
 ഇല്ലത്തടുത്തേയ്ക്കെന്ടെ-
യീത്തറവാട്ടിൽ നിന്നും 
'പെണ്‍കൊട 'തീർപ്പാക്കുവാൻ 
നമ്പൂരാർ വന്നീടുന്നു 

കൊണ്ടുവെച്ചിട്ടാണല്ലോ 
'കൊടുക്കൽ' ഞാനും പോന്നു 
കണ്ണുകാണില്ലെന്നാലു-
മെൻ ജന്മഭൂവും തേടി
വണ്ടിയിൽ കേറീട്ടാണു
യാത്രയും സഹായിക-
ളുണ്ടു രണ്ടുപേർ തറ-
വാട്ടിലെ,യാത്തേമ്മാര്വോൾ 

കുട്ടിയെക്കൊടുക്കുന്നൊ-
രില്ലത്തിന്നയൽപക്ക -
മെത്തിനാർ ഞങ്ങൾ സന്ധ്യ-
വന്നണഞ്ഞീടും മുൻപേ 
പുത്തൻ പെണ്ണിനെക്കാണാൻ 
വന്നെത്തിയടുത്തുള്ള 
കുട്ടിക,ളടിയായ്മ-
ക്കാരികളെല്ലാവരും 

" കുഞ്ഞിക്കിടാവിന്നോർമ്മ-
തോന്നുന്നോ "ചാരത്താരോ 
വന്നിരിക്കുന്നാശ്ശബ്ദം 
പണ്ടു നിശ്ചയം കേട്ടു 
അഞ്ചാറു ദശാബ്ദങ്ങൾ 
പിന്നാക്കം പറന്നുപോ-
യന്നെന്ടെ കളിക്കൂട്ടു-
കാരിയായിരുന്നവൾ !

 അമ്മാളു ,നിന്നെക്കാണാൻ 
വയ്യെനി,ക്കെന്നാലും നി-
ന്നിമ്പം ചേർന്നീടും നാദം 
ഞാനിന്നു കേട്ടേനല്ലോ 
ഉള്ളത്തിൽ കുളിരുന്നു 
കണ്ണുനീരിറ്റീടുന്നു 
മിണ്ടുവാനാകുന്നില്ല 
സമ്മിശ്രഭാവങ്ങളാൽ 

അന്നു ബാല്യത്തിൽ നമ്മ-
ളില്ലത്തെ തെക്കേമുറ്റം 
തന്നിലായ് കുട്ടിപ്പുര 
വെച്ചതും കളിച്ചതും 
ചെന്നിറക്കാരൻ മാങ്ങ 
വീണപ്പോളോടിച്ചെന്നു-
തിന്നതും,കുളം ചാടി 
നീന്തിത്തിമർത്തുള്ളതും 

ഓർമ്മിക്കയാണിപ്പോൾ ഞാൻ 
തോഴി നീയെന്നിൽ കുളിർ-
നീർമണി വീഴ്ത്തും പോലെ 
ചാരത്തു നിന്നീടുമ്പോൾ 
കാർമുകിൽ പോലാണെന്ടെ 
ലോകമെന്നാലാശ്ചര്യം! 
വാർമതിനിലാവിന്ടെ 
ചാരുത യറിഞ്ഞു ഞാൻ 

ധന്യമിസ്സമാഗമം 
കണ്ടു വിസ്മയം പൂണ്ടെൻ 
ബന്ധുക്കൾ,പുതുബന്ധം 
ചേർക്കുവാൻ ഭാവിക്കുന്നോർ 
കണ്ണില്ലാത്തവൾ തന്ടെ 
കണ്ണുനീർ കണ്ടിട്ടാകാം 
കണ്ഠം പതഞ്ഞൂ, കൂട്ടു-
കാരിക്കും മറ്റുള്ളോർക്കും 

***************


      
   

2 comments:

  1. എന്തിനായീവണ്ണമെൻ-
    മേലേയ്ക്കായ് വീണ്ടും വീണ്ടും
    വന്നടിക്കുന്നൂ വിധാ-
    താവിന്ടെ ചമ്മട്ടികൾ!

    എത്രപേരുടെ ചോദ്യമാണെന്നോ ഇത്!!

    നല്ല ലക്ഷണമൊത്ത കവിത

    ReplyDelete
  2. നാല്‍പ്പത്തെട്ടു കൊല്ലം മുന്‍പ് കണ്ട ഒരു രംഗം ......

    ReplyDelete