Saturday 15 November 2014

നമ്പൂരിശ്ശങ്ക

മൂവന്തിക്കു തുടങ്ങുന്നു 
മൂഷികൻ‌ തന്ടെ ചെയ്തികൾ 
മൂന്നോ നാലോ  ദിനങ്ങളായ്

കുട്ടന്ടെ മുണ്ടു കീറീട്ടും 
കുട്ടിക്കോപ്പുകൾ വെട്ടിയും 
തട്ടിൻ പുറത്തു വാഴുന്നു

അച്ഛന്ടെ പുതുകുപ്പായം 
പിച്ചിച്ചീന്തി നിശാചരൻ
ഒട്ടു വിമ്മിഷ്ടനായച്ഛൻ

അമ്മതന്ടെ മുടിക്കെട്ടും 
വന്നു കണ്ടിച്ചു നിദ്രയിൽ 
കണ്ണീരണിഞ്ഞുപോയമ്മ 

മുത്തശ്ശ്യമ്മ നിവേദിക്കാൻ 
വെച്ച ശർക്കരയൊക്കെയും 
മുക്കിൽ വന്നു ഭുജിച്ചാഖു 

മുത്തശ്ശന്ടെ ചെരിപ്പിന്മേൽ 
പൊത്തു തീർത്തൊരു ഭീകരൻ 
ക്രുദ്ധനായ്ത്തീർന്നു മുത്തശ്ശൻ

ചന്തയിൽ ചെന്നു പിറ്റേന്ന് 
കൊണ്ടുവന്നൊരെലിക്കെണി 
തിന്നാനും വെച്ചു രാത്രിയിൽ 

കാലത്തു കണ്ടു ചെന്നപ്പോൾ 
കേമനൊന്നു കെണിഞ്ഞതായ്
'രാമൻ വന്നിട്ടു കൊന്നീടാം'

കുട്ടൻ കൗതുകമോടെത്തി 
കൂട്ടിൽപ്പെട്ടൊരു മൂഷികൻ‌ 
കൂപ്പുന്നുണ്ടിരു കൈകളും 


" കഷ്ടം! തൊഴുതു നിൽക്കുന്നു
കുട്ടനെപ്പാവമീയെലി 
മുത്തശ്ശാ കൊൽവതെങ്ങനെ ?


കുട്ടൻ ചൊന്നതു കേട്ടപ്പോൾ 
മുത്തശ്ശന്നൊരു വെള്ളിടി !
'കൃത്യത്താൽ പാപമേൽക്കുമോ?'


***************    

   

2 comments:

  1. തൊഴുതുനില്‍ക്കുന്ന ഒരു എലിയെ ഞാനും തുറന്ന് വിട്ടിട്ടുണ്ട്.

    കവിത രസമായിരിക്കുന്നു

    ReplyDelete
  2. സന്തോഷം,അജിത്‌....

    ReplyDelete