Sunday 16 November 2014

പിഴ

ഭണ്ഡാരത്തി ലിടാനായി-
ട്ടമ്മ തന്നൊരു നാണയം 
കയ്യിൽ വെച്ചപ്പൊഴെന്നുള്ളിൽ 
വന്നു പെട്ടൊരു കൌശലം 

മുൻപെന്നോ വഴിയിൽ നിന്നും 
വീണു കിട്ടിയൊ 'രെട്ടണ'
രാജാവിൻ തലയാം മുദ്ര-
കാരണം മൂല്യ മറ്റതായ് 

സ്വീകരിക്കാത്തൊരീ നാണ്യം 
ദേവനായിക്കൊടുത്തിടാം 
തഞ്ചത്തിൽ, നല്ല തുട്ടാലെ-
യിഞ്ചി മിട്ടായി വാങ്ങിടാം 

കുഞ്ഞനീത്തിയൊടോതീ ഞാൻ 
മിണ്ടല്ലാരോടുമിക്കഥ
സമ്മതിച്ചു ശിരസ്സാട്ടി 
ഇഞ്ചി മിട്ടായി തിന്നുവോൾ 

രണ്ടു നാൾ ചെന്നു,പിന്നീടെൻ 
പെങ്ങളും ഞാനുമായി ഹാ
രണ്ടും മൂന്നും പറഞ്ഞിട്ടു 
തമ്മിൽത്തല്ലു തുടങ്ങവേ 

കള്ളിപ്പെണ്ണു കരഞ്ഞും കൊ-
ണ്ടമ്മയോടു പുലമ്പയായ് 
"കള്ളനാണയ മിട്ടമ്മേ 
ഭണ്ഡാരം തന്നിലാങ്ങള 
ഇഞ്ചി മിട്ടായി വാങ്ങിച്ചു 
തിന്നല്ലോ നല്ല കാശിനാൽ 
ചൊല്ലല്ലാരോടുമെന്നേട്ടൻ
ചൊല്ലിത്തന്നതു, മോർപ്പു ഞാൻ "

അമ്മ കേട്ടു ചൊടിച്ചെന്നെ-
ത്തല്ലാനായോടി വന്നുതേ  
"ദൈവ ദോഷം വരുത്താമോ 
ചെയ്യാനെന്തേ കുബുദ്ധിയാൽ 
അമ്പലത്തിൻ നടയ്ക്കൽ നീ 
കുമ്പിടേണം മറക്കൊലാ 
നല്ല നാണയമിന്നാ, പോയ്‌-
ക്കൊണ്ടിടേണം തെരുക്കനെ   
കൂട്ടത്തിൽ വേണം  പിഴയായ് 
കോട്ടമില്ലാത്ത 'നാലണ' 
ചേട്ടത്തങ്ങൾ മനസ്സീന്നു 
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"  

കണ്‍ നിറഞ്ഞു മുഖം താഴ്ത്തി -
യമ്പലത്തിലണഞ്ഞു ഞാൻ 
നാണവുംകെട്ടു കൊണ്ടിട്ടു 
നാണയം രണ്ടു മപ്പൊഴെ 

***************        

  

2 comments:

  1. ഹഹഹ...
    അങ്ങനെയും സംഭവിച്ചു. അല്ലേ!!

    ReplyDelete
  2. അതെ.പാവം ഏട്ടന്‍ ! മിട്ടായി തിന്നാന്‍ കൂടി,അവസാനം പാരേം വെച്ചു അനീത്തി ....

    ReplyDelete