Monday 24 November 2014

ആമ്പൽ

കാലവർഷത്തിൻ കനം കുറഞ്ഞു ചിങ്ങ-
മോണം കഴിഞ്ഞു വെയിൽ പിറന്നു 
കായലലകളി,ലാലോലമായൊരു 
കായൽച്ചെടിയെൻ കുളത്തിൽ വന്നു.

ചണ്ടിത്തമെന്നോർത്തു വാരിക്കളഞ്ഞിടാൻ 
മുണ്ടുമുറുക്കി ഞാൻ ചെന്ന നേരം 
ചണ്ടിയല്ലാ,മ്പലാണെന്നറിഞ്ഞുത്സാഹ-
സമ്പത്തുമായിത്തിരിച്ചു പോന്നു

നാലഞ്ചു വാരങ്ങൾ ചെന്നു പൊന്നാമ്പലിൽ 
താലം പോല,ഞ്ചാറിലകൾ വന്നു 
നീളത്തിലുള്ളൊര ത്തണ്ടിൽ കുരുന്നൊരു 
പൂമൊട്ടു തന്മിഴി പൂട്ടി നിന്നു 

ഓരോ ദിനം തോറുമാക്കരിമൊട്ടിന്നു 
ചാരുത വന്നു നിറം പകർന്നു 
നീലത്തെളിത്തണ്ണീർ മേലൊരു കൂപ്പുകൈ 
പോലതു ചന്തമിയന്നു നിന്നു 

അന്തി മയങ്ങിയാൽ മാനത്തു പൂർണ്ണനാ-
മമ്പിളി പുഞ്ചിരി തൂകി നിന്നാൽ 
ഒന്നു മോഹിച്ചു ഞാനിന്നീ കുമുദിനി 
കണ്‍ തുറന്നീടുമെന്നോർത്തനേരം 

ഉച്ച തിരിഞ്ഞു മഴക്കാറുകൾ കരിം-
കച്ചയണിഞ്ഞു നിരന്നു വന്നു 
ദിക്കടഞ്ഞു മിന്നലോടൊത്തിടിവെട്ടി-
ന്നൊച്ചയുമായ്‌ തുലാമാരി വന്നു 

പിറ്റേന്നു കാലത്തു മുങ്ങിക്കുളിക്കുവാ-
നൊറ്റയ്ക്കു ചെന്നു ഞാൻ വെമ്പലോടെ 
കഷ്ടമാ,പ്പല്ലവ മാണ്ടുപോയ് തോയത്തിൽ  
വർഷം തകർത്തതിൻ മൂലമായി 

കുണ്ഠിതത്തോടെ ഞാൻ കൈകൾ തുഴഞ്ഞങ്ങു-
മന്ദമായ് നീന്തീട്ടടുത്തു ചെന്നു 
വെള്ളം വകഞ്ഞു നോക്കീടവേ നിൽക്കുന്നി-
തങ്കുരം ശൈശവപ്രായമായി !

നാളുകൾ വീണ്ടും കടന്നുപോയ് വെള്ളമോ 
നാലഞ്ചു കൽപ്പട താന്നു പോയി 
കാണായിടുന്നിതപ്പൂമുകിഴം വീണ്ടും 
കാലമായ് കണ്‍തുറക്കാനെന്നപോൽ 

പിന്നെയും പെയ്തു തുലാവർഷമപ്പയോ-
നന്ദിനീപുഷ്പമുകുളമന്നും 
നിന്നൂ സമാധിയിൽ മൂന്നു ദിനരാത്രം-
ചെന്നവാർ വീണ്ടും വളർന്നു വന്നാൾ 

വെള്ളം നിറഞ്ഞും കുറഞ്ഞും ഭവിക്കിലും 
പല്ലവത്തിന്നില്ല വാട്ടമൊട്ടും 
നന്നായി വായ്ച്ചിടും പിന്നൊന്നു ചുങ്ങിടും 
നിന്നിടുന്നീമട്ടു മാറി മാറി 

കേട്ടിരിക്കുന്നു പിടിയാന വേനലിൽ 
നീട്ടി വെച്ചീടും പ്രസവമെന്നായ് 
കാട്ടിൽ,വറുതിവരൾച്ചകളൊക്കെയും
മാറ്റിടാൻ,വർഷമെത്തീടുംവരെ 

എന്തെന്തു വിസ്മയമാണി,പ്പ്രപഞ്ചത്തി-
ലെന്നു ചിത്തത്തിൽ നിനച്ചു കൊണ്ടേ 
എന്നും പുലർവേള തന്നിൽ ഞാനാശിച്ചു-
ചെന്നിടും നെയ്തൽ വിരിഞ്ഞു കാണാൻ .

***************
    
  

 

2 comments:

  1. പൂത്താലം പോലെ കവിത!!

    ReplyDelete
  2. കാത്തിരിപ്പിന്നൊടുവില്‍ പൂ വിരിഞ്ഞു , ഉജാലവെളുപ്പുള്ള ഒരു കൊച്ചു പൂവ് !











    ReplyDelete