Thursday, 27 March 2025

 


ഹരേ..കൃഷ്ണാ...3

തൃക്കയ്യിലുള്ളനവനീതംഭുജിച്ചുമൃദുഹാസംപൊഴിക്കുമധരേ
പുത്തൻമുളങ്കുഴലെടുത്തങ്ങുമാനസമുണർത്തുംസ്വരങ്ങൾപകരാൻ
തൃക്കാൽപിണച്ചു,വനമാല്യങ്ങൾചാർത്തി,പലപൊൻകോപ്പണിഞ്ഞുമഴകായ്
നില്ക്കുന്നകോമളകുമാരന്റെവിഗ്രഹമതെന്നുംമനസ്സിൽവരണേ.....

ഗിരിജ ചെമ്മങ്ങാട്ട്





Tuesday, 25 March 2025

 ഹരേ...കൃഷ്ണാ...2


പട്ടുചേല ഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
പൊന്നുവേണുമറുകൈയിലും,ധരി-
ച്ചുള്ളകണ്ണനെ വണങ്ങിടുന്നുഞാൻ
 
     ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 169
25.03.2025

പട്ടുചേലഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
കൂട്ടരൊത്തുകളിയാടുവാൻ,കുഴൽ-
ചേർത്തുനില്ക്കുമവനെത്തൊഴുന്നുഞാൻ....
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട്

Monday, 24 March 2025

 



ഹരേ...കൃഷ്ണാ...1

വികൃതികൊണ്ടുമടുത്തുസഹിച്ചിടാ-
തുരലിലമ്മവരിഞ്ഞുമുറുക്കിലും
പതിവുകാര്യമിതെന്നുനടിക്കുമാ-
ഹരിമുഖാംബുജമിന്നുതൊഴുന്നുഞാൻ...
 
ഗിരിജ ചെമ്മങ്ങാട്ട്. 

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 168
24.03.2025

അരയിൽവേണുവുടക്കിയപോലെയും
കരതലേനവനീതവുമായിഹാ!
ഉരലിൽബന്ധിതനായൊരുകണ്ണ!നിൻ
ചിരിയെഴുംമുഖമിന്നുതൊഴുന്നുഞാൻ...
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട് 

Sunday, 23 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 167
23.03.2025
ഒറ്റക്കൈവിരലാലെയങ്ങൊരു*നഗംപൊക്കിപ്പിടിച്ചും,തളിർ-
തോറ്റീടുംമറുകയ്യിനാൽമുരളിയച്ചുണ്ടത്തുചേർത്തും,മുദാ
ഒറ്റക്കാലുപിണച്ചുവെച്ചുകനകക്കോപ്പുംധരിച്ചിന്നിതാ
കുട്ടിക്കൃഷ്ണനൊരോമനച്ചിരിയുമായ്നില്ക്കുന്നതായ് കാണ്മുഞാൻ
ഹരേ..കൃഷ്ണാ..

ഗിരിജ ചെമ്മങ്ങാട്ട്.
*നഗം=പർവ്വതം

Friday, 21 March 2025

 ശൂലായ്മ


തണ്ടെല്ലിനുംമുട്ടിനുമുള്ളനോവു-
കൊണ്ടിന്നണഞ്ഞില്ലെഴുതാൻതിടുക്കം
*അമ്പത്തിനാലിന്റെപഴക്കമുണ്ടീ-വണ്ടിക്കിതോർത്തങ്ങുപൊറുത്തിടേണം...
                ഗിരിജ ചെമ്മങ്ങാട്ട്.
*1954 മോഡൽ.
ശൂലായ്മ=സുഖമില്ലായ്മ

Thursday, 20 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 166

20.03.2025

തെല്ലൊന്നിടത്തോട്ടുചെരിഞ്ഞുനില്ക്കും
കൊമ്പന്റെമേലിന്നു,തിടമ്പുമായി
നല്ലോരിണപ്പട്ടുഞൊറിഞ്ഞുടുത്തു
കണ്ണൻവിളങ്ങുന്നൊരുശാന്തിയെപ്പോൽ
ഹരേ..കൃഷ്ണാ....
 
ഗിരിജ ചെമ്മങ്ങാട്ട്. 

Wednesday, 19 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ പന്തീരടിപ്പൂജാലങ്കാരവർണ്ണന 165

19.03.2025

കാലൊന്നുമെല്ലവെമടക്കിയിരുന്നു,മറ്റേ-
ക്കാലൊന്നുപൊക്കിയൊരുതിണ്ണയിലങ്ങുമോദാൽ
ആറാടുവാൻകൊതിയുമായൊരുവേണു,കയ്യിൽ-
ച്ചേലോടെചേർത്തുമരുവുന്നവനെത്തൊഴുന്നേൻ...ഹരേ കൃഷ്ണാ....

        ഗിരിജ ചെമ്മങ്ങാട്ട്.
       

Tuesday, 18 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 164
18.03.2025

പള്ളിവേട്ടയ്ക്കൊരുങ്ങുന്നൊ-
രുണ്ണിയായിന്നുകണ്ണനെ
കണ്ടീടാംകോവിലിൽചെന്നാൽ
കളഭത്തിൽമെനഞ്ഞതായ്

കുട്ടിയാനപ്പുറത്തേറീ-
ട്ടിരിപ്പൂ,കുഞ്ഞുകേശവൻ
കാലിൽതളകൾ,പട്ടിന്റെ-
കോണകം,ഞാത്തുകിങ്ങിണി

പൊന്നുഭൂഷകളൊത്തല്ലോ
വന്യമാല്യങ്ങൾകാണ്മതാ
കാതിലെപ്പൂക്കളും,നെറ്റി-
മേലേ,നല്ലൊരുഗോപിയും

മകുടേ ചേർന്നുകാണുന്നു
പീലികൾ,മുടിമാലകൾ
നെയ് വിളക്കിന്റെനാളത്തിൽ
കാണ്മൂ,സുന്ദരരൂപനെ!

കാലുരണ്ടുമമർത്തീട്ടു-
കാണാമാനച്ചെവിക്കുമേൽ
*"കാലനക്കുന്നൊരാവിദ്യ
ലോകപാലനസാദ്ധ്യമോ?"

ഇടംകയ്യിലെവില്ലൊന്നും
വലംകയ്യിലെയസ്ത്രവും
ഉയർത്തിക്കാട്ടിടുന്നുണ്ടാ-
വീരനായുള്ളമാധവൻ

"എവിടെപ്പോയ്മറഞ്ഞാലു-
മെയ്യുന്നുണ്ടിന്നുപന്നിയെ"
ഏവംനിനച്ചുവാഴുന്നു-
ണ്ടോടുമാനപ്പുറത്തവൻ...

കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
കൃഷ്ണ!ഗോകുലബാലകാ!
കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
രക്ഷയേകമുരാന്തകാ!!

ഗിരിജ ചെമ്മങ്ങാട്ട്.

*ആനപ്പുറത്തിരിക്കുന്നയാൾ ചെവിയുടെതാഴെ,കാലുകൾ അനക്കിയിട്ടാണ് ആനയെ നിയന്ത്രിക്കുന്നത്.

Monday, 17 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന163
17.03.2025
ആരാണിന്നുമരുത്പുരത്തിലൊരുകൈത്താരിൽനറുംവെണ്ണയും
കോലപ്പൂങ്കുഴലിമ്പമോടെമറുകൈത്താരിങ്കലുംചേർത്തുമായ്
പീലിപ്പൂ,പലഹേമഭൂഷ,വനമാല്യം,ചുണ്ടിലായങ്ങതാ
കാണുന്നൂ മൃദുഹാസവും,കുസൃതിയും ആരെന്റെഗോപാലനോ...

ഗിരിജ ചെമ്മങ്ങാട്ട്.








Sunday, 16 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന162

16.03 2025
വെണ്ണപ്പാത്രത്തിൽനിന്നാ,ചെറുകരമതിനാൽവാരിയുണ്ണുമ്പോൾ വായിൽ-
നിന്നുംതാഴേയ്ക്കുവീഴേ,രുചിയൊടുവികൃതിപ്പൈതൽവീണ്ടുംതുടങ്ങും
ഇമ്മട്ടിൽമുട്ടുകുത്തി,ച്ചെറിയൊരു മുരളിത്തണ്ടുചാരത്തുവെച്ച-
ക്കണ്ണൻനില്പതുകാൺകെ,ഹൃത്തടത്തിലുരുകുംദു:ഖങ്ങൾമാഞ്ഞീടുമേ...

ഗിരിജ ചെമ്മങ്ങാട്ട്. 

Saturday, 15 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 161

15.03.2025

തൃക്കയ്യിടത്തിലൊരുവേണു വലത്തുകയ്യിൽ
പുത്തൻസുഗന്ധമിയലുംനവനീതഭോജ്യം
ഉത്സാഹമോടഥധരിച്ചു,മരുത്പുരത്തിൽ
നില്ക്കുംകുമാരനുടെകാലിൽനമസ്ക്കരിക്കാം...
        ഗിരിജ ചെമ്മങ്ങാട്ട് 

Friday, 14 March 2025

 



ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 160
14.03.2025

തൃക്കരങ്ങളിലൊന്നിലുണ്ടു
മുളംകുഴൽ, മറുകയ്യിലോ
സർപ്പവാലതുമായ്,ഭുജംഗമദത്തെമാറ്റിടുവാനിതാ
മെച്ചമേറിയഭൂഷയാൽ,കളഭത്തിലിന്നുമുരാന്തകൻ
നൃത്തമാടുകയാണുനാഗഫണത്തിൽ,കണ്ടുവണങ്ങിടാം...
 
ഗിരിജ ചെമ്മങ്ങാട്ട്

Thursday, 6 March 2025

 മേഥിറൊട്ടി


ഉലുവയിലചെറുതായരിഞ്ഞെണ്ണചൂടാക്കി-
ചെറുതീയിൽതാളിച്ചശേഷം
കടലമാവൊരുതവിയെടുത്തുഗോതമ്പിന്റെ
പൊടിയിലയ്മോദകംചേർത്ത്

ലവണം,മസാലകളുമൊന്നായ്കുഴച്ചൊരേ-
യുരളയാക്കിപ്പരത്തേണം
നറുനെയ്യിൽചുട്ടെടുത്തിട്ടൂണുമേശമേൽചിതമോടെകൊണ്ടുവെയ്ക്കേണം

ഉറതൈരിലുപ്പിട്ടുചുടുചുടേതിന്നവേ-
യറിയാമതിന്നൊത്തരുചികൾ
അറിവോർവിളിക്കുന്നൊ*രുലുവറൊട്ടിക്കില്ല-
യെതിരൊന്നുമെന്നാണുകേൾവി!

ഗിരിജ ചെമ്മങ്ങാട്ട്.
ഉലുവറൊട്ടി=*മേഥിറൊട്ടി




Monday, 3 March 2025

          ചാമ്പയ്ക്ക


മുറ്റത്തെ ചാമ്പയിൽനിന്നുനന്നായ്-
മൂത്തപഴങ്ങൾ കുലുക്കിവീഴ്ത്തി
ബക്കറ്റിലിട്ടുകഴുകിടേണം
വിത്തുംകരടുംകളഞ്ഞിടേണം

വൃത്തിചേർന്നുള്ളതുണിയിലിട്ട്
കത്തുംവെയിലത്തുണക്കിടേണം
ഉച്ചതിരിഞ്ഞാലടുപ്പൊരുക്കി-
വെയ്ക്കണംപാത്രത്തിലെണ്ണവീഴ്ത്തി
ഇട്ടീടണംപിന്നുണക്കിവെച്ചു-
മെച്ചമാക്കിത്തീർത്തചാമ്പക്കകൾ
ചട്ടുകംകയ്യിലെടുത്തിളക്കി-
നില്ക്കണമൊട്ടുംമടുത്തിടാതെ
'ശൂശു'കൾകേട്ടിടാതായിടുമ്പോൾ
ഗ്യാസുതാഴ്ത്തേണം കെടുത്തിടേണം
ചേർക്കണമുപ്പും,മുളകുമെല്ലാം
നേർത്തെപൊടിയാക്കിവെച്ചതല്ലോ
കൂട്ടത്തിലിട്ടിടാംകായമപ്പോൾ
കൂട്ടാമൊരുരുചിവന്നിടാനായ്
അയ്യോ!മറക്കാതുലുവപ്പൊടി
മെല്ലവേചേർത്തങ്ങിളക്കിടേണം
ചൂടാറുവാനായിവെച്ചിടേണം
ആറിയാൽകുപ്പിയിലാക്കിടേണം
ചാമ്പയ്ക്കയെണ്ണേൽവറുത്തുവെങ്കിൽ
വേണ്ട്വോളംകാലമെടുത്തുവെയ്ക്കാം
ഉണ്ണാനിരിക്കിലിടങ്ങഴിച്ചോ-
റുണ്ണുന്നകാര്യമുറപ്പുനൽകാം...

ഗിരിജ ചെമ്മങ്ങാട്ട്.







Sunday, 2 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 159

02.03.2025

ഇടത്തുകയ്യിൽ മേനിയോടുചേർത്തുവെച്ചതാംകുടം
നിറച്ചുവെണ്ണയാണു വാരിവാരിയുണ്ണുവാൻമുദാ
ഒരുങ്ങിനിന്നിടുന്നകണ്ണനുണ്ണിയെത്തൊഴാം,മനം-
നിറഞ്ഞഭക്തിയോടെനാമമായിരം ജപിച്ചിടാം...
        
ഗിരിജ ചെമ്മങ്ങാട്ട്. 

Saturday, 1 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 158

01.03.2025

 ഉണ്ണിക്കയ്യിലൊരുർളവെണ്ണ,മറുകൈത്താരിൽമുളമ്പൂങ്കുഴൽ

മെയ്യിൽഗന്ധമുതിർത്തിടുന്നപുതുതാംമാല്യങ്ങൾ,പൊൻപീലികൾ

പൊന്നിൻഭൂഷകളിട്ടു,ഗോപിതിലകംതൊട്ടിട്ടു,മന്ദസ്മിതം-

ചുണ്ടിൽകാട്ടി,വിളങ്ങിടും മുരഹരാ

കൂപ്പുന്നുഞാനിന്നിതാ...


 ഗിരിജ ചെമ്മങ്ങാട്ട്