Monday, 3 March 2025

          ചാമ്പയ്ക്ക


മുറ്റത്തെ ചാമ്പയിൽനിന്നുനന്നായ്-
മൂത്തപഴങ്ങൾ കുലുക്കിവീഴ്ത്തി
ബക്കറ്റിലിട്ടുകഴുകിടേണം
വിത്തുംകരടുംകളഞ്ഞിടേണം

വൃത്തിചേർന്നുള്ളതുണിയിലിട്ട്
കത്തുംവെയിലത്തുണക്കിടേണം
ഉച്ചതിരിഞ്ഞാലടുപ്പൊരുക്കി-
വെയ്ക്കണംപാത്രത്തിലെണ്ണവീഴ്ത്തി
ഇട്ടീടണംപിന്നുണക്കിവെച്ചു-
മെച്ചമാക്കിത്തീർത്തചാമ്പക്കകൾ
ചട്ടുകംകയ്യിലെടുത്തിളക്കി-
നില്ക്കണമൊട്ടുംമടുത്തിടാതെ
'ശൂശു'കൾകേട്ടിടാതായിടുമ്പോൾ
ഗ്യാസുതാഴ്ത്തേണം കെടുത്തിടേണം
ചേർക്കണമുപ്പും,മുളകുമെല്ലാം
നേർത്തെപൊടിയാക്കിവെച്ചതല്ലോ
കൂട്ടത്തിലിട്ടിടാംകായമപ്പോൾ
കൂട്ടാമൊരുരുചിവന്നിടാനായ്
അയ്യോ!മറക്കാതുലുവപ്പൊടി
മെല്ലവേചേർത്തങ്ങിളക്കിടേണം
ചൂടാറുവാനായിവെച്ചിടേണം
ആറിയാൽകുപ്പിയിലാക്കിടേണം
ചാമ്പയ്ക്കയെണ്ണേൽവറുത്തുവെങ്കിൽ
വേണ്ട്വോളംകാലമെടുത്തുവെയ്ക്കാം
ഉണ്ണാനിരിക്കിലിടങ്ങഴിച്ചോ-
റുണ്ണുന്നകാര്യമുറപ്പുനൽകാം...

ഗിരിജ ചെമ്മങ്ങാട്ട്.







No comments:

Post a Comment