Tuesday, 18 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 164
18.03.2025

പള്ളിവേട്ടയ്ക്കൊരുങ്ങുന്നൊ-
രുണ്ണിയായിന്നുകണ്ണനെ
കണ്ടീടാംകോവിലിൽചെന്നാൽ
കളഭത്തിൽമെനഞ്ഞതായ്

കുട്ടിയാനപ്പുറത്തേറീ-
ട്ടിരിപ്പൂ,കുഞ്ഞുകേശവൻ
കാലിൽതളകൾ,പട്ടിന്റെ-
കോണകം,ഞാത്തുകിങ്ങിണി

പൊന്നുഭൂഷകളൊത്തല്ലോ
വന്യമാല്യങ്ങൾകാണ്മതാ
കാതിലെപ്പൂക്കളും,നെറ്റി-
മേലേ,നല്ലൊരുഗോപിയും

മകുടേ ചേർന്നുകാണുന്നു
പീലികൾ,മുടിമാലകൾ
നെയ് വിളക്കിന്റെനാളത്തിൽ
കാണ്മൂ,സുന്ദരരൂപനെ!

കാലുരണ്ടുമമർത്തീട്ടു-
കാണാമാനച്ചെവിക്കുമേൽ
*"കാലനക്കുന്നൊരാവിദ്യ
ലോകപാലനസാദ്ധ്യമോ?"

ഇടംകയ്യിലെവില്ലൊന്നും
വലംകയ്യിലെയസ്ത്രവും
ഉയർത്തിക്കാട്ടിടുന്നുണ്ടാ-
വീരനായുള്ളമാധവൻ

"എവിടെപ്പോയ്മറഞ്ഞാലു-
മെയ്യുന്നുണ്ടിന്നുപന്നിയെ"
ഏവംനിനച്ചുവാഴുന്നു-
ണ്ടോടുമാനപ്പുറത്തവൻ...

കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
കൃഷ്ണ!ഗോകുലബാലകാ!
കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
രക്ഷയേകമുരാന്തകാ!!

ഗിരിജ ചെമ്മങ്ങാട്ട്.

*ആനപ്പുറത്തിരിക്കുന്നയാൾ ചെവിയുടെതാഴെ,കാലുകൾ അനക്കിയിട്ടാണ് ആനയെ നിയന്ത്രിക്കുന്നത്.

No comments:

Post a Comment