Friday, 20 December 2024

 ശ്രീ ഗുരുവായൂരപ്പന്റ

ഉച്ചപ്പൂജാലങ്കാരവർണ്ണന 139
20.12.2024

തുറുങ്കിൽപെറ്റുവീണോരീ
ചെറുപൈതലെയെങ്ങനെ
രക്ഷിച്ചീടേണമെന്നോർത്തു
ദു:ഖിച്ചിടുന്നുരണ്ടുപേർ

കുഞ്ഞിക്കരച്ചിൽകേട്ടെന്നാ-
ലുണരുംകാവലാളുകൾ
കയ്യിൽവാളുമായെത്തും
കംസൻ,കോപിച്ചുകൊണ്ടുടൻ

എന്തുചെയ്യേണ്ടുവെന്നായി
ഭീതിപൂണ്ടവർനില്ക്കവേ
ഉണ്ണിക്കൈകളിൽകാണായി
ശംഖചക്രഗദാസുമം

കിടന്നിടത്തുനിന്നേറ്റു-
നില്ക്കുന്നു !വിഷ്ണുരൂപമായ്!
ഇതെന്തുകഥയെന്നായി
ജന്മദാതാക്കൾ നില്ക്കയായ്!

ദേവകീവസുദേവർക്കു
മായാമോഹമകറ്റുവാൻ
നേരുകാട്ടിയരൂപത്തിൽ
കളഭംചാർത്തി,ഭംഗിയിൽ

കാലിൽതളകൾകാണുന്നു
കൈകളിൽകങ്കണങ്ങളും
മഞ്ഞപ്പട്ടുടയാടയ്ക്കു-
മേലല്ലോ,കാണ്മു കിങ്ങിണി

നെഞ്ചിൽതിലകഗോപിപ്പൂ-
വഞ്ചെണ്ണംമാലപോലെയായ്
കേയൂരം കാതിലെപ്പൂവും
കാണാം,ശോഭിച്ചുകൊണ്ടതാ

മന്ദഹാസമിളംചുണ്ടിൽ
പൊൻഗോപി,നിടിലത്തിലും
പീലിയും,പൂമാലകളും
ചൂടിനിൽക്കുന്നുകോവിലിൽ

ഭവസാഗരതീരത്തു
ഭീതയായ്നില്ക്കുമെന്നെനീ
ഭവതാരണനായ് വന്നു
കൈപിടിക്ക,മഹാപ്രഭോ!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹരേഹരേ
കൃഷ്ണ!കൃഷ്ണ!മഹാവിഷ്ണോ
വിശ്വരൂപ!ജനാർദ്ദന!

ഗിരിജ ചെമ്മങ്ങാട്ട്

Thursday, 19 December 2024

           ആശംസ


അച്ഛമ്മയ്ക്കാദ്യമായ് പൗത്ര-
സൗഭാഗ്യാമൃതമേകിനീ
മുത്തച്ഛനോ,ദൗഹിത്ര-
ഭാഗ്യംനൽകിയൊരുണ്ണിനീ

അച്ഛനും ജനയിത്രിക്കും
പുത്രലാഭത്തെ നൽകിനീ
പണ്ടീദിനത്തിൽ വന്നൂ,നീ-
യെല്ലാർക്കുംഭാഗ്യതാരമായ്

വിദ്യയിൽസംഗീതത്തിൽ
വിദ്വാനായിഭവിക്കണം
ധ്രുവ!നീ,യോഗ്യനാവേണം
ധ്രുവനക്ഷത്രമെന്നപോൽ!
                  *******
സതിയുടെ ധുവിക്ക് ജന്മദിനാശംസകൾ....

     ഗിരിജ ചെമ്മങ്ങാട്ട്.

Thursday, 12 December 2024

              കാക്കക്കൂട്


*കാക്കച്ചുള്ളിക്കമ്പിനാലെയെന്നോ
കാക്കകൾനല്ലൊരുകൂടൊരുക്കി
മുറ്റത്തെ മൂവാണ്ടൻമാവിന്മേലെ
തെക്കോട്ടുചാഞ്ഞപെരുങ്കൊമ്പത്ത്

കീറക്കടലാസും പാഴ്ത്തുണിയും
തൂവലും പുൽനാമ്പിൻനാരുമായി
കൂടിനകത്തുമിനുപ്പുകൂട്ടാൻ
കാകമിഥുനമൊരുക്കുകൂട്ടി

മുട്ടകളിട്ടിടാൻ,ചൂടുനല്കീ-
ട്ടക്ഷമകൂടാതടയിരിക്കാൻ
പൊട്ടിവിടർന്നൊരാപ്പൊന്മക്കൾക്കാ-
യഷ്ടികൊടുത്തുവളർത്തീടുവാൻ കുഞ്ഞിച്ചിറകുമുളച്ചുവന്നാൽ
മെല്ലെ പറക്കുന്ന കണ്ടിരിക്കാൻ കാത്തിരിക്കുന്നവർക്കൊപ്പമല്ലോ  കാത്തിരിപ്പിങ്ങീപുരയിൽഞാനും

പള്ളിക്കൂടംപൂട്ടി,കുഞ്ഞുമക്കൾ
വന്നീടുമല്ലോതിമിർത്തുതുള്ളാൻ
കാക്കക്കൂടപ്പോളവർക്കുകാണാം
കാക്കക്കുടുംബമവർക്കുകാണാം
                       *****
നാലഞ്ചുനാളുകഴിഞ്ഞൊരിക്കൽ
മാവിന്റെചോട്ടിലേയ്ക്കൊന്നുചെന്നു
മാവിലയൊന്നുപഴുത്തതുണ്ടോ?
നാവുവടിക്കുവാൻമോഹമാണേ

താഴേയ്ക്കുനോക്കി തിരഞ്ഞീടവേ
മേലേന്നിതെന്തൊരുകോലാഹലം?
ആരെൻനെറുകയിൽവന്നിരുന്ന്,
മേടുന്നു!നൊന്തുഞാൻ മണ്ണിൽവീണു.

മൂത്തോരുപണ്ടെന്നോപാടിയല്ലോ
പാട്ടെന്റെയുള്ളിൽതെളിഞ്ഞിതപ്പോൾ
"കാക്കക്കൂടുള്ളോടംചെന്നുനിന്നാൽ
കാക്കകൾ മണ്ടയ്ക്കുഞോടുനൽകും"

                      ********

*കാക്കച്ചുള്ളി=നന്നേ ചെറിയ ചുള്ളിക്കമ്പ്

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 11 December 2024

 ഗുരുവായൂർ ഏകാദശി

11.12.2024

ഏകാദശിനിവേദ്യത്താൽ
പ്രീതനായുള്ള കണ്ണനെ
ഏതുരൂപത്തിലാണിന്നു-
കളഭം ചാർത്തി ഭൂസുരൻ?

പാൽക്കടൽതന്നിലായ്ലക്ഷ്മീ-
ദേവിയൊത്തുമഹാപ്രഭു
അനന്തശായിഭാവത്തി-ലരുളുംദിവ്യദർശനം!

ഇന്നല്ലോഗീതയാൽപാർത്ഥ-
സന്ദേഹംമാറ്റിമാധവൻ!
വൃന്ദാവനത്തിൽദേവേന്ദ്രൻ
പാലാടീ,സ്വർഗ്ഗഗോവിനാൽ!

ഇന്നുകാണുന്നപോൽപൂജാ-
കർമ്മങ്ങൾചിട്ടയാക്കുവാൻ
*ശിവാവതാരമാചാര്യ-
രിന്നല്ലോവന്നതിപ്പുരി!

തന്ത്രപൂജകളില്ലാതെ
ഭക്തദർശനമേകുവാൻ
ഭഗവാൻനേരിലെത്തുന്ന
ദിനമാണിന്നതത്ഭുതം!

പുരുഭക്തിതികഞ്ഞുള്ള
കുറൂരമ്മയ്ക്കു,മാവിധം  പൂന്താനം,സ്വാമിയാർ,പിന്നെ-
നാരായണീയകാരനും
ദർശനംനൽകി,സാഫല്യം
ചേർത്തതീദിവസത്തിലാം!
മനസ്സുകൊണ്ടുവന്നെത്തി
ഞാനുംവന്ദിച്ചിടുന്നിതാ...

പ്രതിഷ്ഠാദിനമിന്നല്ലോ
കൊണ്ടാടാൻമറ്റൊരുത്സവം!
ഗജേന്ദ്രൻകേശവൻ,പാദേ
ചേർന്നതീദിനമാണുപോൽ!

ചെമ്പൈക്കുപാടുവാൻവീണ്ടും
നാദംനൽകിയതീദിനം!
ചെമ്പൈ,ശിഷ്യരുമായാദ്യം
സംഗീതാർച്ചന ചെയ്തതും!


ഇന്നുവായുപുരേവിഷ്ണു-
ദേവാംശംനേടുമേവരും!
ചരാചരങ്ങളെന്നല്ല
സർവ്വവുംവിഷ്ണുവായിടും!

ഏകാദശീവ്രതംനോറ്റു
"നാരായണ"ജപിക്കുകിൽ
ഭൂവൈകുണ്ഠമിതും,സാക്ഷാൽ
വൈകുണ്ഠം തന്നെയായ്  വരും!

ഗിരിജ ചെമ്മങ്ങാട്ട്

*ശിവാവതാരമാചാര്യൻ=ശങ്കരാചാര്യർ

Sunday, 1 December 2024

             പൂച്ച..... കവിത



രാവിലെയുമ്മറവാതിൽതുറന്നുഞാ-
നേകയായ്മുറ്റത്തിറങ്ങേ
ദൂരെനിന്നല്ലൊരു ' മ്യാവൂ'വിളികേട്ടു
നാലുപാടൊന്നുവീക്ഷിച്ചു

മാവിന്റെകൊമ്പത്തിരുന്നൊരു*പൂശകൻ
കേഴുകയാണെന്നെനോക്കി
ഞാനൊന്നുഞൊട്ടിവിളിക്കേ,മരത്തീന്നു
താഴേക്കിറങ്ങീപതുക്കെ

ചാരത്തുവന്നെൻമുഖത്തൊരുസന്ദേഹ-ഭാവമായൊട്ടിടനോക്കി
പേടിവിട്ടെന്നപോലങ്ങുരുമ്മിക്കൊണ്ടു
പാവമാജീവിനില്പായി

ഏറിയകാരുണ്യമോടൊരുപാത്രത്തിൽ
പാലുമായ്ചെന്നതിൻചാരെ
സ്നേഹമോടേകവേ,മോദിച്ചുവേഗമാ,
ഭാജനംനക്കിത്തുടച്ചു

പിറ്റേന്നുകാലത്തുമെത്തിയാപൂച്ചയെൻ
പക്കത്തു,ക്ഷുത്തുമാറ്റാനായ്
ചുറ്റിയുംപറ്റിയുമെന്റെപാദങ്ങളിൽ
കിക്കിളികൂട്ടാൻതുടങ്ങി

ഒറ്റയ്ക്കുഞാനിരിക്കുമ്പോൾപതിവുപോ-
ലെത്തീടുമല്ലോ കുറുമ്പൻ
മുട്ടിയുരുമ്മിനടന്നീടുമെപ്പൊഴും
കറ്റക്കിടാവിനെപ്പോലെ

പെട്ടെന്നുവന്നവൻകാൽക്കൂടുനൂഴവേ
തട്ടിവീണില്ലെന്റെ,ഭാഗ്യം!
കൊച്ചുചരലൊന്നെടുത്തെറിഞ്ഞെങ്കിലും
ചിറ്റമായ്പിന്നെയുമെത്തി

മർത്ത്യരോടൊട്ടുമിണങ്ങില്ല,കാടന്മാർ
കുട്ടിക്കുറിഞ്ഞിയെപ്പോലെ
അത്ഭുതപ്പെട്ടു,ഞാനെ,ന്നെയെന്തിത്രമേ-
ലിഷ്ടപ്പെടാൻഹേതുവെന്നായ്!

പോയജന്മത്തിലെന്നൊപ്പംകളിച്ചൊരു
സ്നേഹിതനായിരുന്നെന്നോ?
ഞാനറിയാതെന്നെ മോഹിച്ചിരുന്നൊരു
കാമുകനായിരുന്നെന്നോ?

                       ****
നാളുകളേറെക്കഴിഞ്ഞു,ഞാൻ,ദീനമാം
രോദനമൊന്നതുകേൾക്കേ
വാതില്ക്കലെത്തി,പതുങ്ങീട്ടുനോക്കവേ
കാണുന്നൊരുത്തനെവീണ്ടും

നന്നേകരുത്തനാണല്ലോ,മസിലുമായ്
വന്നുനിൽക്കുന്നോൻ,വരത്തൻ
സിംഹമാണെന്നപോലട്ടഹാസങ്ങളാ-
ലെന്തോകയർത്തുചൊല്ലുന്നു

"നിന്ദിച്ചിടുന്ന മനുഷ്യരെച്ചെന്നുനീ
വന്ദിച്ചിടുന്നോ വഷളൻ ?
*'പെണ്ണുങ്ങളെ'പ്പോലെകൊഞ്ചിക്കിണുങ്ങുന്നോ
ഞങ്ങൾക്കപമാനമാകാൻ?"

ആക്രമിക്കാനവനെത്തിവാലുംപൊക്കി
ദേഷ്യത്തിൽ,ശാന്തന്റെ നേരെ
ആർത്തനായെങ്ങോമറഞ്ഞിതെൻചങ്ങാതി
നോക്കു,ഞാനെന്തുചെയ്യേണ്ടു...?

                 *****************
         ഗിരിജ ചെമ്മങ്ങാട്ട്
* പൂശകൻ=പൂച്ചയ്ക്ക് കുഞ്ചൻനമ്പ്യാരിട്ട പേര്
*പെണ്ണുങ്ങളെപ്പോൽ=കുറിഞ്ഞികളെപ്പോൽ









Thursday, 28 November 2024

 




ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 138
28.11.2024
പൊന്നുവേണുവൊരുകയ്യിനാലധരമോടുചേർത്തുമധുതൂകിയും പന്നഗേന്ദ്രനുടെ,ലാംഗുലാഗ്രമതുവാമഹസ്തമതിലേന്തിയും
ഭള്ളൊഴിഞ്ഞഫണിതന്റെവീണൊരുപടത്തിലായ്നടനമാടിയും
നിന്നിടുന്നമുരവൈരിതന്നെയുരുഭക്തിചേർന്നിഹവണങ്ങിടാം...

ഗിരിജ ചെമ്മങ്ങാട്ട്



Friday, 22 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 136

22.11.2024

മോഹിനീരൂപത്തിലാണിന്നുശ്രീലകേ
മോഹനഗാത്രനെ കാണ്മൂ
കാലിൽതളയുണ്ടു കൈകളിൽ കങ്കണം
മോഹനരൂപനണിഞ്ഞു

വെള്ളിപ്പൂഞ്ചേലയണിഞ്ഞതിന്മേലതാ
കിങ്ങിണി കാണുന്നുവല്ലോ
തോളിലെ കേയൂരഭംഗിക്കുമാറ്റെന്ന-
പോലാണുകാതിലെ പൂക്കൾ

ശ്വേതവർണ്ണപ്പട്ടിനാലെ,കുചവസ്ത്ര-
മാ,മണിമാറിലണിഞ്ഞു
ഹേമമാല്യങ്ങളും കാനനമാല്യവും
ചേലിലണിഞ്ഞുകാണുന്നു

മാലേയത്തൂനെറ്റിമേലൊരുഗോപിയും
ശോണാധരത്തിൽ ചിരിയും
മൗലിയിൽ വാർമുടിക്കെട്ടുമായംഗന-
യെന്നപോൽനില്പൂ!മുരാരി

വാമഹസ്തത്തിലമൃതകുംഭം,മറു-
പാണിയിലുണ്ടുകുഴിയൽ
ആനതന്മാർക്കുവിളമ്പിക്കൊടുക്കുന്ന
ഭാവേനനില്ക്കുന്നു കണ്ണൻ

മോഹിനീരൂപന്റെചാരത്തുകോമള-മാമൊരുവിഗ്രഹം  കാണ്മൂ!
മോഹിനീപുത്രൻശബരീശനാണിന്നു
മാതൃസമീപത്തിരിപ്പൂ!

കൃഷ്ണാ,ഹരേ ജയ!കൃഷ്ണാ,ഹരേജയ!കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ
രക്ഷിക്ക!മാമലവാഴുംഹരിഹര-
പുത്ര!ഭവദാസ!ദേവാ...

ഗിരിജ ചെമ്മങ്ങാട്ട്







Wednesday, 20 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന135
18.11.2024

മണ്ഡലത്തിൻകാലമാകയാലെയിന്നുകോവിലിൽ
പഞ്ചഗവ്യമാടിനില്ക്കയാണുനന്ദബാലകൻ
ചന്ദനത്താൽമെയ്ചമച്ചു,പൂജയേറ്റു,കാളിയൻ-
പന്നഗത്തിന്മേലെനൃത്തമാടിനില്പുമാധവൻ

പൊന്നുതളയുണ്ടുകാലിൽ,കങ്കണങ്ങൾപാണിയിൽ
ഉണ്ടുവീർത്തകുമ്പമേലെകിങ്ങിണിയുംഞാത്തുമായ്
കോണകമൊന്നുണ്ടുകാണ്മു,ചേലുചേർന്നുടുത്തതും
കോമളന്റെമാറിലുണ്ടുകാനനപ്പൂമാലയും

തോൾവളയുംകാതിപ്പൂവുംമോഹനമാംനെറ്റിയിൽ,
ഗോപിയുംവരഞ്ഞതുണ്ടു,ചുണ്ടിൽമന്ദഹാസവും
പീലിമൂന്നതിന്റെമേലെയുണ്ടുമുടിമാലയും
മോടികൂടിടുന്നമാലതൂങ്ങിടുന്നുവേറെയും

കോലക്കുഴലുണ്ടുവലംകയ്യിലിടംകയ്യിലോ
നാഗവാലുമുണ്ടു,രാഗഭാവമാണുകണ്ണിലും
മാനസത്തിലുള്ള കാളകൂടമാം മദത്തിനെ
വേരറുത്തുമാറ്റുവാനനുഗ്രഹിക്ക!മാധവാ!

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 17 November 2024

 വായ്ക്കരി....കവിത


എത്രയോപ്രാവശ്യംഞാൻകേറിയപടിക്കെട്ടാ-
ണെത്രവത്സരംകഴിഞ്ഞാണിന്നുചവിട്ടുമ്പോൾ
മുറ്റത്തെജനാവലിക്കിടയിൽക്കൂടേ,മെല്ലെ-
യെത്തിയൊരകത്തളംമൃത്യുശോകത്താൽമൂകം

കാറ്റിനെപ്പേടിക്കാതെയുലയാൻകൂട്ടാക്കാതെ
മേല്പോട്ടുയർന്നീടുന്നദീപനാളത്തിൻചാരെ
കൂപ്പുകയ്യുമായെന്റെമാതുലി,ശയിക്കുന്നു
നേർത്തൊരുമൃദുഹാസംചുണ്ടത്തുമിന്നീടുന്നോ!

കാല്ക്കലഞ്ജലിയുമായ്നില്ക്കവേ,മനതാരൊ-
ന്നാർത്തിപൂണ്ടുവോമിഴി,യശ്രുവാൽ നനഞ്ഞുവോ
കൂർത്തതാ,മപരാധബോധത്തിൻമുനകളെൻ
മാർത്തട്ടിൽ,നോവിച്ചുംകൊണ്ടങ്ങനെയിറങ്ങിയോ?

പണ്ടൊരുകാലം,ഞാനാണെന്തൊരുചപലയാം
പുള്ളിദാവണിക്കാരികൗമാരച്ചാട്ടക്കാരി
ചെന്നുതാമസിച്ചല്ലോമാതുലഗൃഹത്തില-
ന്നഞ്ചാറുമാസംപഠിച്ചീടുവാനായിക്കൊണ്ടേ

*ജ്ഞാതികളൊത്തെന്നാളുംമേളിച്ചുകഴിഞ്ഞുഞാൻ
മൂവരാണല്ലോ സമപ്രായക്കാർ പ്രിയം ചേർന്നോർ
രാഗപൂർണ്ണയാണെന്റെയമ്മായി,യമ്മാമനോ
പേടിയാണെനിക്കല്പംസ്നേഹരൂപനെന്നാലും

പേരുകേട്ടൊരുകവിസാമൂഹ്യപ്രവർത്തകൻ
നാടിനുഗുണംചെയ്വോനെന്റെമാതൃകൻ ദിവ്യൻ!
അതിഥീസൽക്കാരത്താൽനല്ലൊരാതിഥേയനും
സഹധർമ്മിണിതാനോപിന്തുണയേകുന്നോളും

അന്നൊരുനാളിൽ,ആരുമോരാതെയൊരുരാവിൽ
വന്നു,മൂന്നുപേരത്താഴത്തിന്റെനേരത്തല്ലോ
തെല്ലുനീരസംകൂടാതാ,ഗൃഹസ്ഥയാളപ്പോ-
ളുള്ളതുപോലെല്ലാതുമുണ്ടാക്കീതിടുക്കത്തിൽ

സംതൃപ്തർ,വിരുന്നുകാരെല്ലാരുംമടങ്ങവേ
പങ്കിട്ടെടുത്തൂഞങ്ങൾബാക്കിവന്നഭോജ്യങ്ങൾ
ഉണ്ടത്,പോരെന്നാലുമുറങ്ങാൻകിടന്നുഞാ-
നെങ്കിലുമുണർന്നുപോയ്രാത്രിപാതിചെന്നപ്പോൾ

വിശപ്പുമാറാതല്ലേകിടന്നേനുദരത്തിൽ
വിശപ്പിൻവിളിവന്നുവേദനിപ്പിക്കുന്നേരം
ഉറങ്ങാനാവാതങ്ങുതിരിഞ്ഞുംമറിഞ്ഞുമായ്
കുഴങ്ങേ,മനസ്സിന്റെ താളങ്ങൾ തെറ്റിപ്പോയി

ഒരുപുസ്തകത്താളുംപേനയുമായിക്കൊണ്ട-
ന്നിരവിൽ,മെഴുതിരിനാളക്കുഞ്ഞുവെട്ടത്തിൽ
എഴുതിപ്പോയല്ലോഞാൻമൂത്തസോദരിക്കൊരു
ലിഖിതം,പൊട്ടത്തങ്ങൾചേർന്നൊരു നിവേദനം

പലതായ്മടക്കിയക്കൊച്ചുലേഖനം,പിന്നെ
തിരുകിയൊളിപ്പിച്ചൂപാഠപുസ്തകമൊന്നിൽ
അറിയാതുറങ്ങിപ്പോയുണരാൻവൈകിപ്പോയി
പഠനാലയത്തിലേയ്ക്കോടിഞാൻ,തിടുക്കത്തിൽ

വൈകീട്ടുവീട്ടിൽചെന്നുകേറവേ, മുഖംവാടി
വേദനയോടെ കാത്തിരിക്കുന്നെൻപൊന്നമ്മായി
കായിതം നീട്ടിക്കാണിച്ചാളയ്യോ!പരിഭവ-
ഭാവത്തിലെന്തെല്ലാമോപുലമ്പിക്കൊണ്ടേനിന്നു

"പെൺകിടാവാണല്ലോനീ,യെന്തോകുരുത്തക്കേടിൽ
ചെന്നുപെട്ടെന്നാൽനിന്റെയമ്മയോടെന്തോതീടും
എന്റെകൈകളിൽനിന്നെയേൽപ്പിച്ചതല്ലേ,യതുകൊണ്ടാണുഭയന്നുംകൊണ്ടെഴുത്തുവായിച്ചൂഞാൻ"

അത്താഴംകഴിക്കാതെക്കിടന്നാൾ,അമ്മാമനും
മക്കളുംസമാശ്വാസവാക്കേറെച്ചൊന്നെന്നാലും
പെട്ടു,ഞാനബദ്ധമായെന്നോർത്തുകരഞ്ഞല്ലോ
വിഡ്ഢിത്തംകാട്ടിക്കൂട്ടീട്ടെന്തിനീവിലാപങ്ങൾ !

കാല്ക്കലായ്കൈകൾകൂപ്പിനിൽക്കവേയെല്ലാവരും
വായ്ക്കരിയിടാനായിട്ടൊരുങ്ങിച്ചെല്ലുന്നേരം
കൂട്ടത്തിൽക്കൂടീഞാനുമത്താഴംമുടക്കിയ-
വീട്ടാക്കടങ്ങൾതീർക്കാനാവില്ലെന്നറിഞ്ഞിട്ടും...

           ********
*ജ്ഞാതി=ബന്ധു

ഗിരിജ ചെമ്മങ്ങാട്ട്










Saturday, 16 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 134

15.11.2024

ചോന്നതാമരയ്ക്കകത്തുനല്ക്കളഭേമോടിയിൽ
കാൽപിണച്ചുനില്പുകണ്ണനിന്നുശ്രീലകത്തതാ
കാൽത്തളകൾമിന്നിടുന്നുതൃപ്പദേ,കരങ്ങളിൽ-
ചാർത്തിയതായ്കാണ്മുപൊന്നുകാപ്പുകളുംചന്തമായ്

കുമ്പമേൽവിളങ്ങിടുന്നുകിങ്ങിണിയും,കോണകം-
പൊന്നുനൂലിലാണുടുത്തുകാണ്മുചേലുചേർന്നതായ്
കുഞ്ഞുമാറിലുണ്ടുവന്യമാലയും,കഴുത്തിലോ
ഭംഗിയോടണിഞ്ഞതുണ്ടുപൊന്നുമാലയൊന്നതും
ഉണ്ടുചെവിപ്പൂക്കൾ,തോളിലംഗദങ്ങളും,മുഖേ-
കണ്ടിടുന്നുഗോപിശോണവർണ്ണമൊത്തുഭംഗിയിൽ
ചന്ദനേമെനഞ്ഞപീലിയോടുചേർന്നു,വൃന്ദയാ-
ലുണ്ടമാല്യമുണ്ടുകേശമാലകേശവന്നുഹാ!

പുഞ്ചിരിത്തിളക്കമാർന്നചെഞ്ചൊടിയിൽവേണുവാ-
ലിമ്പമായൊഴുക്കിടുന്നഗീതകങ്ങൾകേട്ടിടാൻ
വെമ്പലോടണഞ്ഞിടാം,മുരാരിതന്റെയന്തികേ
ചെന്നുകൈവണങ്ങിടാംപിണച്ചപാദമിന്നുനാം...

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 10 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 133
10.11.2024

ശ്രീലകത്തിന്നുഭൃഗു-
രാമന്റെവേഷത്തിലാ-
യോതിക്കൻകളഭത്തിൽ
ചമച്ചൂമുരാരിയെ
കരുത്തേറിനതൃപ്പാ-
ദങ്ങളിൽ തളകാണാം
നടക്കാനായുന്നൊരാ
മട്ടിൽനില്പതായ്കാണാം

ഇണമുണ്ടിനാൽചേലിൽ
തറ്റുടുത്തതായ്കാണാം
ഇണങ്ങുംമട്ടിൽപൊന്നിൻ
കാഞ്ചിയും മിന്നിക്കാണാം
കഴുത്തിൽവളയത്തിൻ
മാലയോടൊത്തുനല്ല
വനപുഷ്പത്താൽകോർത്ത
മാലയുംനന്നായ്കാണാം
മാറിലെകനകത്തിൻ
മാലയ്ക്കുമേലെക്കാണാം
ഗോമയഭസ്മക്കുറി
നനച്ചുവരച്ചതായ്
തോളത്തുംകാണാംഭസ്മ-
ത്താലുള്ളവിരൽക്കുറി
കാതുരണ്ടിലുംചൂടി-
ക്കാണുന്നുചെവിപ്പൂക്കൾ

മാലേയത്താലെചന്തം
ചേർന്നൊരുമുഖംകാണാം
ഫാലത്തിൽവിഭൂതിയാൽ
തൊട്ടൊരുകുറികാണാം
ജടചേർന്നൊരുമുടി-
കൊണ്ടൊരുകുടുമയും
കുടുമക്കെട്ടിൽ,മുടി-
മാലയുംചുറ്റിക്കാണാം

വലത്തേക്കരത്തിലായ്
വെണ്മഴുകാണാമിടം-
കരത്തിൽകമണ്ഡലു
തൂക്കിയിട്ടതും കാണാം
കരുത്തനായിത്തന്നെ
നില്പു,രേണുകാജാതൻ
മരുത്പുരത്തിൽ,ഭക്ത-
വൃന്ദത്തെ രക്ഷിച്ചീടാൻ

കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ !
കൃഷ്ണകൃഷ്ണഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!

ഗിരിജ ചെമ്മങ്ങാട്ട്







Friday, 1 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 132

31.10.2024

താമരസുമത്തിലായ്
കാൽപിണച്ചല്ലോ,നീല-
ത്താമരവിലോചനൻ
ശ്രീലകേ വിളങ്ങുന്നു!
വേണുവൊന്നല്ലോകാണ്മു
പാണിരണ്ടിലുംമായാ-
ഗീതംമന്ദമായ്കേൾപ്പൂ-
വാനിലെമ്പാടും ഹൃദ്യം !

പൊൻതള തിളങ്ങുന്ന 
തൃപ്പദങ്ങളെക്കാൺകെ
മണ്ടിപ്പോമഹങ്കാര-
മെല്ലാമേയുള്ളിൽനിന്നും
ഉണ്ടുവീർത്തൊരക്കുഞ്ഞു-
കുമ്പകണ്ടീടുന്നേരം
കിങ്ങിണിപോലെത്തുള്ളി-
വന്നീടുമാമോദവും

പൊന്മാലയണിഞ്ഞൊരാ
കുഞ്ഞുമാറിടംകാൺകേ
ചെന്നൊന്നുപുണർന്നീടാ-
നാർക്കുമേ തോന്നിപ്പോകും
ഉണ്ടമാലയാൽശോഭി-
ച്ചീടുമാതിരുവുടൽ
കണ്ണിമയ്ക്കാതേനോക്കി-
നിൽക്കേണമെന്നേതോന്നും

കാപ്പുകളണിഞ്ഞൊരാ
തൃക്കൈയ്യിൽ,മുരളിക
ചേർത്തതുകാണുന്നേരം
പാട്ടിനായ് ചെവിയോർക്കും
ഗോപിപ്പൊട്ടണിഞ്ഞൊരാ
തോൾഭംഗികാണുന്നേരം
ലോകചിന്തകൾമായും
'ഞാനി'ല്ലാതായിപ്പോകും

കാരുണ്യബാഷ്പംതൂകും
നീൾമിഴി കാണുന്നേരം
പോയകാലവു,മിന്നും
നാളെയുംമങ്ങിപ്പോകും !
മാലേയത്തിരുനെറ്റി-
ത്തിലകം കാണുന്നേരം
മാഞ്ഞിടുംമനസ്സിനെ-
നീറ്റുന്ന ദുശ്ചിന്തയും

പീലിയും കിരീടവും-
ചേർന്നമൗലികാണുമ്പോൾ
ആപാദചൂഡംനോക്കി
പുളകംകൊള്ളാൻ തോന്നും
ദീപപ്രകാശേ,വിള-
ങ്ങീടുംകണ്ണനെയെന്നും
കാണുവാൻ മരുത്പുരേ
ചെന്നു,പാർക്കുവാൻ തോന്നും

കൃഷ്ണ!കൃഷ്ണഗോവിന്ദാ
കൃഷ്ണ!മാധവാ,കൃഷ്ണാ
കൃഷ്ണ!ഗോകുലബാലാ
കൃഷ്ണ!ദീനബാന്ധവാ
കൃഷ്ണ!നന്ദജാ,ഗോപീ-
നായകാ,കൃപാനിധേ
കൃഷ്ണ!സങ്കടഹരാ
കൃഷ്ണ!പാഹിമാം ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്




Friday, 25 October 2024

 



വവ്വാലിന്റെ കൂട്ടുകാരൻ 

വെക്കേഷൻകാലംതുടങ്ങിയല്ലോ
കുട്ടന്റെചിത്തംതുടിച്ചുവല്ലോ
അമ്മതൻവീട്ടിലേയ്ക്കോടിയെത്തി
കണ്ണനുത്സാഹവുംകൂട്ടിനെത്തി

ഉണ്ണിയെത്തുന്നതുംകാത്തു,ഞാനാ-
മമ്മമ്മ,യോരോന്നൊരുക്കിവെച്ചു
ചക്കവറുത്തതും മാമ്പഴവും
ഇഷ്ടംപോൽതിന്നാൻനിരത്തിവെച്ചു

ഉച്ചതിരി,ഞ്ഞന്തിനേരമായി
കുട്ടൻനടന്നൂ പുരയ്ക്കുചുറ്റും
തുമ്പികളോടൊരു"ഹായ്"പറഞ്ഞു
കുഞ്ഞിക്കിളിയോടുപുഞ്ചിരിച്ചു

അമ്മമ്മ നട്ടുനനച്ചിടുന്ന
കുഞ്ഞുവാഴത്തോട്ടംകണ്ടുനിന്നു
കായക്കുലകളുംനോക്കിനിന്നൂ
ഓമനക്കുട്ടനുകൺകുളിർന്നു

കായക്കുടപ്പന്മധുനുകരാൻ
*വാവൽപറന്നുവരുന്നകണ്ടു
തേൻകദളിക്കുലമേലിരുന്നു
തേൻകുടിക്കുന്നതുംനോക്കിനിന്നു
"അമ്മമ്മേ,ബാറ്റെ"ന്നുകൂടെക്കൂടെ
കുഞ്ഞുണ്ണി,യാമോദമാർന്നുചൊന്നു
"ബാറ്റിനെയാണെനിക്കേറെയിഷ്ടം
ബാറ്റാണെനിക്കെന്നും കൂട്ടുകാരൻ
ശീലക്കുടപോലെ,യെന്തുഭംഗി!
കാണുന്നുവല്ലോചിറകുരണ്ടും"

കണ്ണെടുക്കാതവൻ നോക്കിനിന്നു
മന്നിലിരുട്ടുവന്നെത്തിയിട്ടും

രാത്രിയാ,യങ്ങേതോദിക്കിൽനിന്നും
ഓർക്കാതെവന്നൊരുമിന്നലെത്തി
കൂട്ടത്തിൽപെട്ടെന്നിടിയുമെത്തി
കാറ്റുമായ് പേമാരികൂടെയെത്തി
പേടിച്ചുപോയൊരക്കണ്ണനുണ്ണി
മൂടിപ്പൂതച്ചുകിടപ്പുമായി
വാവുറങ്ങീടുന്നനേരത്തുമാ,
വാവലാണല്ലോകിനാവിൽവന്നു!

രാമഴതീർന്നു,പകലുണർന്നു
ഓമൽക്കിടാത്തനും കൺതുറന്നു
മാരിക്കുളിരിൽ തനുവിറച്ചാ-
ബാലകൻ മുറ്റത്തിറങ്ങിനിന്നു

വാവലിന്നോർമ്മവന്നോരുനേരം  വാഴക്കുടപ്പനിൽകണ്ണുചെന്നു
വാഴയില്ലിന്നലെക്കാറ്റിനാലെ
താഴേയ്ക്കുവീണോ,കുലയൊടിഞ്ഞോ?

തെക്കേപ്പുറത്തുനിന്നെന്തുശബ്ദം?
കാക്കകളല്ലേ കരഞ്ഞിടുന്നു ?
വൈദ്യുതക്കമ്പിക്കുചുറ്റുമല്ലോ
കൂട്ടമായെല്ലാം പറന്നിടുന്നു!

ഉണ്ണിയൊന്നങ്ങോട്ടുനോക്കിയപ്പോൾ
ദണ്ണമേകുന്നൊരു കാഴ്ചകണ്ടു !
കമ്പിമേലങ്ങതാവാവലല്ലോ
തങ്ങിക്കിടപ്പൂചിറകുനീർത്തി

"അമ്മമ്മേ"യെന്നുകരഞ്ഞുകൊണ്ടാ-
കുഞ്ഞൻ വിളിച്ചൂമനംകലങ്ങി
ചെന്നുഞാനെന്തെന്നുനോക്കിടാനായ്
കണ്ണന്റെചാരത്തുചേർന്നുനില്പായ്

"അമ്മമ്മേ,ബാറ്റതാതൂങ്ങിനില്പൂ
കമ്പിമേലാഹാ!ചലനമറ്റ്
ശണ്ഠക്കാർ കാക്കകൾ കൂട്ടമായെൻ ചങ്ങാതിയെച്ചെന്നുകൊത്തുമാവോ?"

മേലോട്ടുനോക്കുന്നനേരമെന്റെ
മാനസമയ്യോ!പിടഞ്ഞുപോയി
"കേഴൊല്ല തങ്കമേ,യെന്തുചെയ്യാം"
മാറോടണച്ചുഞാൻചൊല്ലി,പിന്നെ

"ഇന്നലെരാത്രിമഴക്കുമുമ്പേ
നല്ലോരിടിവെട്ടി,യോർമ്മയില്ലേ?
പേടിച്ചുവവ്വാൽപറന്നുപോകേ
വീണുപോയ്,കമ്പിമേലെന്നുമാകാം

വൈദ്യുതിപോകുന്നകമ്പിയല്ലേ
ഷോക്കേറ്റു പാവം മരിച്ചതാകാം
പോട്ടെ,വാ,പല്ലുതേയ്ക്കാം കുളിക്കാം
*ശാസ്താവിനെച്ചെന്നുകൈവണങ്ങാം"

കെട്ടിപ്പിടിച്ചു ഞാൻ ചൊന്നനേരം
പൊട്ടിക്കരഞ്ഞുപോയെൻകുമാരൻ
കുട്ടനുസാന്ത്വനവാക്കുനൽകാ-
നൊക്കാതെഞാനുംതളർന്നുപോയി!
     
                  *******
ഗിരിജ ചെമ്മങ്ങാട്ട്

*നാടൻ ഭാഷയിൽ വവ്വാലിന് വാവലെന്നാണല്ലോ പറയാറുള്ളത്

Wednesday, 23 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 130

23.10.2024

അമ്പാടിപ്പൈതലായിന്നുഗുരുവായൂർ
ചെന്നാലക്കണ്ണനെക്കാണാം
അമ്മ,യശോദയണിയിച്ചൊരുക്കിയ
പൊന്നുണ്ണിക്കൃഷ്ണനെക്കാണാം

തങ്കത്തളയണിക്കാലും,വളയിട്ട
കുഞ്ഞിക്കരങ്ങളും കാണാം
കുമ്പമേലൊട്ടിക്കിടക്കുന്നകാഞ്ചിയും
ചെമ്പട്ടുകോണവും കാണാം

മാറത്തണിഞ്ഞപൊന്മാലയും,കാനന-
പ്പൂമാലയോടൊത്തുകാണാം
കേയൂരം,കാതിപ്പൂ,ഫാലക്കുറികളും
കോമളവിഗ്രഹേ കാണാം

കാറൊളിത്തൂമുടിക്കെട്ടിൽമയിൽപ്പീലി
മൂന്നെണ്ണമുണ്ടതുംകാണാം
പീലിയോടൊത്തുവെളുത്തപൂവാൽ,മുടി-മാലയും കെട്ടീട്ടുകാണാം

വേണുവലംകയ്യിൽചേർത്തും,മറുകയ്യിൽവേലൊന്നുമായിട്ടു,കൃഷ്ണൻ
വേലായുധനാണുതാനെന്ന ഭാവേന
കോവിലിൽ വന്നിതാനില്പൂ!

സ്വാമിയാണെന്നുനിനച്ചോ,മയൂരവും
ചാരത്തണഞ്ഞതായ്കാണാം
നീലമയില്പുറത്തേറാമെന്നോർത്തിട്ടോ
ബാലകൻനിന്നുചിരിപ്പൂ..

കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ

ഗിരിജ ചെമ്മങ്ങാട്ട്






Tuesday, 22 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 129

21.10.2024

മിടുമിടുക്കനാ,മൊരുണ്ണിയെക്കാണാം
ഗുരുവായൂപുരേ,യണഞ്ഞാൽ നിശ്ചയം
തളയണിഞ്ഞുള്ള ചെറുപദങ്ങളും
വളകൾമിന്നുന്ന കിളുന്നുകൈകളും

കനകക്കിങ്ങിണി,കുടപ്പനുംചേർന്നു
മിനുത്തകുമ്പമേലിറുകിക്കാണുന്നു
വെളുത്തനൂലിന്മേലുടുത്തുകാണുന്നു
ചുവന്നപട്ടിനാൽ മെനഞ്ഞകോണകം

തിരുവക്ഷസ്സിങ്കലണിഞ്ഞിട്ടുണ്ടല്ലോ
സുവർണ്ണമാങ്ങമാലയും നന്നായങ്ങ്!
അതിനുചേർന്നൊരുവനമാല,തെച്ചി-
ത്തുളസിപ്പൂക്കളാലതീവസുന്ദരം!

ഭുജക്കാപ്പും,നല്ലചെവിപ്പൂവും,നെറ്റി-
ത്തടത്തിലായൊരു തിളങ്ങുംഗോപിയും
കളഭപ്പീലിമേൽ മുടിമാല്യം,തൂങ്ങി-ക്കിടന്നിടുന്നതാം വിതാനമാല്യങ്ങൾ

സരസിജനേത്ര,നിടത്തായ്കാണുന്നു
ശിവലിംഗമതും കളഭനിർമ്മിതം!
അരികിൽ,മമ്മിയൂർ വിളങ്ങുമപ്പനാ-
ണറിവു,കൈകൂപ്പിതൊഴുന്നുഭക്തിയാൽ!

വലതുകയ്യിനാൽ മുരളിയേന്തിയു-
മിടംകരതാരാൽ ശിവനെ സ്പർശിച്ചും
മുരാരിനില്ക്കുന്നു നിറഞ്ഞു ശ്രീലകേ
*സ്മരാരിയോടൊത്ത്,വരിക, വന്ദിക്ക!

ഗിരിജ ചെമ്മങ്ങാട്ട്
സ്മരൻ=കാമദേവൻ.
*സ്മരാരി=ശിവൻ

Saturday, 19 October 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 128
19.10.2024

ദ്വന്ദ്വയുദ്ധമതിൽദുഷ്ടമാതുല-
ധ്വംസനംവിരവിൽ നിർവ്വഹിച്ചപോൽ
ഇന്നുവായുപുരിയിൽജനാർദ്ദനൻ
വന്നിരിപ്പു,കളഭംമെനഞ്ഞതായ്

മണ്ണിലങ്ങുമദമറ്റുവീണൊരാ
മന്നവന്റെവിരിനെഞ്ചിലായ് കരം
തെല്ലമർത്തി,മറുകയ്യിനാലിടി-
ക്കുന്നകാണ്മു!ഹരി!കൃഷ്ണ!മാധവാ

മെയ്യിലുണ്ടു,പലവന്യമാലകൾ
സ്വർണ്ണഭൂഷകളുമുണ്ടുഭംഗിയിൽ
കാതിലോ,കനകഗോപികൾ,മുഖ-
പ്പൂവിലുംകുറിയണിഞ്ഞുകാണ്മതാ

പീലിയുണ്ടു,മകുടത്തിൽ മാലയും
തോരണങ്ങളുമിണങ്ങിനില്പതായ്
കാണുവാൻ,തൊഴുതുനിൽക്കുവാനെനി-
ക്കാവണേതരണമേ,വരം ഭവാൻ

ഇക്ഷിതീങ്കൽജനനായകർ,ചിരം
സ്വേച്ഛയാലെ ഭരണംനടത്തുവോർ
ഉഗ്രശക്തിയൊടെയീ,ധരിത്രിയിൽ
ക്ഷിപ്രമെത്തി,നിധനം നടത്തണേ...


കൃഷ്ണ!കൃഷ്ണ!മധുസൂദനാഹരേ
കൃഷ്ണ!യാദവകുലാധിനായകാ
കൃഷ്ണ!ഗോകുലനിവാസ!മാധവാ
കൃഷ്ണ!വൈരിനിധനാ,തൊഴുന്നുഞാൻ

ഗിരിജ ചെമ്മങ്ങാട്ട്.





Wednesday, 16 October 2024

 


ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 127
16.10.2024
കൃഷ്ണഭൂസുരനിന്നുനല്ക്കളഭംനനച്ചതിരമ്യമായ്
കൃഷ്ണനെപ്പദമൊന്നുകുത്തി,പടിഞ്ഞുവാമപദത്തൊടും
മെച്ചമോടെവരച്ചു,വായുപുരത്തിലുള്ളൊരുശ്രീലകേ
കൊച്ചുകൈയതിൽവെണ്ണ,വേണുവിടത്തുകയ്യിലുമെന്നപോൽ

കുഞ്ഞുപീലിയൊടൊത്തു,മാലകൾചൂടി,മോഹനനെറ്റിയിൽ
ചന്ദനക്കുറിചാർത്തി കർണ്ണമതിങ്കൽനല്ലസുമങ്ങളും
കുഞ്ഞുമാറില,നന്യസൗഭഗമൊത്തനന്മണിമാലയും
അംഗദങ്ങളുമുണ്ടു,കുമ്പയിണങ്ങിടുന്നൊരുകാഞ്ചിയും

പൊന്നുനൂലിലണിഞ്ഞ,ചോന്നനിറത്തിലുള്ളൊരുകോണവും
കങ്കണങ്ങൾവിളങ്ങിടും,മൃദുവായരണ്ടുകരങ്ങളും
പൊൻചിലമ്പുകിലുങ്ങിടും,പദതാരുമായിവിളങ്ങിടും
കണ്ണനുണ്ണിയെയിന്നുകാണണ,മുള്ളുതിങ്ങിടുവോളവും

പണ്ടുദ്രൗപതിതന്റെയക്ഷയപാത്രവക്കിലെചീരയാ-ലല്ലയോ,ക്ഷുഭിതാർത്തമാമുനിതന്റെക്ഷുത്തു നിവൃത്തി  നീ!
ഉണ്ടുവെങ്കിലുമെന്തുകിട്ടിടുമെന്നുകാത്തുവസിക്കയോ
ഉണ്ണണോ,പശിമാറ്റുവാൻ നവനീതമെൻമധുസൂദനാ...?

കൃഷ്ണ!കൃഷ്ണ!മുരാന്തകാ,പശുപാലകാ,മുരളീധരാ,
കൃഷ്ണ!കൃഷ്ണ!മുകുന്ദ!സുന്ദരഗാത്ര!മാധവ!മോഹനാ
കൃഷ്ണ!ഗോപകുമാര!ഗോകുലബാല!നന്ദകുമാരകാ
കൃഷ്ണ!നിൻപദതാരിൽവന്നുതൊഴുന്നുപങ്കജലോചനാ!

ഗിരിജ ചെമ്മങ്ങാട്ട്


Saturday, 12 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 126

09.10.2024

കറുകറുത്തൊരുചുരുൾമുടിയെ
അഴകെഴുംപടികെട്ടിയതിന്മേൽ
പുതുമയാർന്നിരുപീലികളോടെ
നയനമോഹനനിന്നുവിളങ്ങി

നിടിലഗോപിയുമൊന്നതുകാണ്മു
നിറവിലുണ്ടുചെവിപ്പൂവുകളും
ഇരുഭുജങ്ങളിൽ കാപ്പുകളുണ്ട്
ഉടലിൽപൊന്മണിമാലകളുണ്ട്

അരയിൽനല്ലൊരുകിങ്ങിണിയുണ്ട്
അതിനുചേർന്നൊരുകോണകമുണ്ട്
അരിയകൈകളിൽ കങ്കണമുണ്ട്
നനുപദങ്ങളിൽ പൊൻതളയുണ്ട്

ഇടതുകയ്യതിലുണ്ടൊരുവേണു
വലതുകയ്യിലിതെന്തൊരുതൂവൽ?
ചെവിയിലിക്കിളിയിട്ടുമുകുന്ദൻ
കിടുകിടെന്നുചിരിക്കുകയാണോ?

നടയിൽവന്നി,മപൂട്ടിടുവോർക്കാ-
യമൃതധാരാസ്മിതമതുനൽകാൻ
ഹരി!കനിഞ്ഞിടുകെന്നുമിതാഞാൻ
പദയുഗങ്ങൾവണങ്ങുകയല്ലോ!!

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 2 October 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 125

02.10.2024


മാരുതാത്മജന്റെകണ്ഠമേറിയാണുനന്ദജൻ
മോദമോടെചന്ദനാൽമെനഞ്ഞുകാണ്മുഭംഗിയിൽ
ചേലിയന്നപീലി,വന്യമാല,സ്വർണ്ണമാലകൾ
ഗോപി,കാതിലുണ്ടുപൂക്കൾ,ചെഞ്ചൊടിയിൽപുഞ്ചിരി

പൊന്നുകസവുള്ളശ്യാമവർണ്ണമുണ്ടുചുറ്റിനൽ
പൊൻതളകൾമിന്നിടുന്നൊരുണ്ണിതൻപദങ്ങളെ
രണ്ടുകൈകളാലെയിമ്പമോടുചേർത്തുനില്ക്കയാ-
ണിന്നുമാരുതാലയത്തിലഞ്ജനതൻപൊന്മകൻ

പവനപുത്രഗദയതുണ്ടുകുഞ്ഞുവലംകയ്യിലാ-
യിടതുകയ്യിൽപൊന്നുമുളംകുഴലുമുണ്ടുകാണ്മതായ്
പവനനഗരിയണയുവോർക്കുവിരവിൽവരമതേകിടാൻ
മരുവിടുന്നവാസുദേവപാദമിന്നുകൂപ്പിടാം

ഗിരിജ ചെമ്മങ്ങാട്ട് 

Friday, 27 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 124

27.09.2024

കുട്ടിക്കൊമ്പന്റെമേലാണു
കുട്ടിക്കുറുമ്പനെന്നപോൽ
മുട്ടുകുത്തിയതാനില്പൂ!
കൃഷ്ണനിന്നു,മരുത്പുരേ

കണ്ണനെക്കളഭംകൊണ്ടും
കരിയെച്ചന്ദനത്തിലും
ശ്രീനാഥൻ ഭംഗിയിൽ തീർത്തു
ശ്രീതൂകുന്നവിധത്തിലായ്

നെറുകിൽപീലികാണുന്നു-
ണ്ടതിന്മേൽ മുടിമാലയും
നെറ്റിമേൽഗ്ഗോപിയും,ചെഞ്ചു-
ണ്ടതിലോ മന്ദഹാസവും

ചെവിപ്പൂവും,ഭുജക്കാപ്പും
മാറത്തുവനമാലയും
സ്വർണ്ണമാല്യങ്ങളുംചേർന്നു
നന്ദസൂനുവിളങ്ങിനാൻ

പട്ടുകോണത്തിളക്കത്തിൽ
കാണുന്നൂകുഞ്ഞുകിങ്ങിണി
കയ്യിലെക്കാപ്പുമാമട്ടിൽ
കാലിൽത്തളയുമങ്ങനെ

ഒരുകൈനെഞ്ചുചേർത്തിട്ടു
ഞാനാരാണെന്നുകാട്ടിയും
മറുകയ്യാനതൻമെയ്യിൽ
ബലമായ്ചേർത്തുവെച്ചുമായ്

ശ്രീലകത്തതിമോദത്താൽ
വാഴുംകണ്ണനെവാഴ്ത്തുവാൻ
ശ്രീപാദംതൊഴുവാനായെൻ
മാനസംകൊതികൊൾകയായ്!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹരേഹരേ....
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!പാപവിമോചനാ....

ഗിരിജ ചെമ്മങ്ങാട്ട്




Wednesday, 25 September 2024

 ശ്രീ  ഗുരൂവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 123

25.09.2024


ശ്രീലകത്തിന്നൊരുവാശിക്കുടുക്കയായ്
കോണകമില്ലാതെ നില്പുകണ്ണൻ
കാലിൽ തളയുണ്ട് കയ്യിൽവളയുണ്ട്
തോളത്തുപൊന്നിന്റെ കാപ്പുമുണ്ട്

മാറത്തുമുല്ലപ്പൂമൊട്ടിന്റെമാലയ്ക്കു-
ചേരുംപതക്കത്തിൻമാലയുണ്ട്
ഓമൽച്ചെവികളിൽപൂക്കളും,നെറ്റിയിൽ
ഗോപിക്കുറിയുമണിഞ്ഞിട്ടുണ്ട്

നന്മയിൽപ്പീലിക്കുമേലലങ്കാരമായ്
നല്ലോരുമാലയുംചാർത്തീട്ടുണ്ട്
മോളീന്നുതൂങ്ങുന്നതോരണമാലകൾ
ദീപപ്രകാശേതിളങ്ങുന്നുണ്ട്

പൊട്ടിച്ചിരിക്കുന്നകിങ്ങിണികാണുന്നു
കുട്ടന്റെകുഞ്ഞിടംകയ്യിലെന്തേ?
പട്ടുകോണത്തിനുചന്തംതികയാഞ്ഞു
മറ്റൊന്നെടുക്കുവാനമ്മപോയോ?

മുറ്റത്തുനിന്നാരോ*ഭാഷിക്കമൂലമോ
മറ്റേക്കൈകൊണ്ടുമറച്ചതെന്തോ?
പൊട്ടിച്ചിരിയുണ്ട് ചെഞ്ചുണ്ടിൽ,കണ്ണീരാ-
ണിറ്റീടും മൂന്നാലുമുത്തുമുണ്ട്

മണ്ണുവാരിത്തിന്നകുഞ്ഞുവായാൽവിശ്വ-
മമ്മയ്ക്കുമുമ്പിൽതുറന്നുനിന്നോൻ
കുഞ്ഞുവലംകയ്യാലെന്തേയൊളിക്കുന്നു
കണ്ണന്റെമായകളല്ലേയെല്ലാം....!

കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാഹരേ,കൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
മായക്കൃഷ്ണാ
കൃഷ്ണാഹരേ,കൃഷ്ണ!കൃഷ്ണാഹരേ,കൃഷ്ണ!
കൃഷ്ണാഹരേ,കൃഷ്ണ!
വിശ്വരൂപാ...!

*ഭാഷിക്കുക=പരിഹസിക്കുക

ഗിരിജ ചെമ്മങ്ങാട്ട്

Saturday, 21 September 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 122
21.09.2024


കൊല്ലുവാൻവന്നൊരക്കുംഭീന്ദ്രമസ്തകേ
തുള്ളുകയാണിന്നുകണ്ണൻ പുല്ലാങ്കുഴലല്ലകയ്യിൽചുടുനിണം-
ചിന്തുന്ന കൊമ്പുകളാണേ

വാലിൽപിടിച്ചുലച്ചിന്നാകുവലയ-
പീഡത്തെവീരൻ വധിച്ചു
വീണൊരാ,ദന്തിതൻ മസ്തകേ,കേറീട്ടു
ചാടാനൊരുങ്ങുന്നപോലെ കാണികളെല്ലാംവിറയ്ക്കവേ,പുല്ലെന്ന
ഭാവത്തിലാനനംപൊക്കി
ശ്രീലകത്തിന്നുകളഭേമെനഞ്ഞിട്ടു
ഗോപകുമാരനായ്നില്പൂ

തൃച്ചരണങ്ങളിലല്ലോതിളങ്ങുന്നു
ചിച്ചിലംചൊല്ലും തളകൾ
പട്ടുകസവുപുടവമേൽകിങ്ങിണി
പൊട്ടിച്ചിരിക്കുകയാണോ?

മാറത്തുപൊന്മണിമാലകളോടൊത്തു-
കാണാം വനമാലയൊന്ന്
കൈവള,കേയൂരം,കാതിലെപ്പൂക്കളും
പങ്കജനേത്രനണിഞ്ഞു

ചന്ദനത്തൂമുഖേകാണാംതൊടുകുറി
പൊന്മയിൽപ്പീലി,നിറുകിൽ
പൊന്മുടിമാലയും തോരണമാലയും
കണ്ണനുമോടികൂട്ടുന്നു

മത്തഗജേന്ദ്രവധംചെയ്തുമാതുല-
ചിത്തമുലച്ചുവെന്നാലും
ഭക്തരെക്കാണുവാനുത്സുകനായല്ലോ
മുക്തീപുരത്തിൽ വസിപ്പൂ !

കൃഷ്ണാഹരേ,ജയ!കൃഷ്ണാഹരേ,ജയ!
കൃഷ്ണാഹരേ,മോഹരൂപാ
കൃഷ്ണാഹരേ,ജയ!കൃഷ്ണാഹരേ,ജയ!
കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ..

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 18 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 121
18.09.2024

അമ്പാടിമുറ്റത്തെ മൂവാണ്ടൻമാവിന്റെ
കൊമ്പത്തിരിപ്പാണുകണ്ണൻ
കയ്യിലൊരോടക്കുഴലുണ്ടതൂതീടാൻ
ചുണ്ടോടുചേർത്തിട്ടുമുണ്ട്

കാൽത്തള,കൈവള,തോളത്തുകാപ്പുണ്ട്
മാർത്തട്ടിൽ പൊന്മാലയുണ്ട്
കോണകമുണ്ട്,കിലുങ്ങുന്നകിങ്ങിണി
ചേലിലണിഞ്ഞിട്ടുമുണ്ട്

ഗോപീതിലകങ്ങളുണ്ടുചെവിത്തട്ടിൽ
ഗോപകുമാരനണിഞ്ഞു
മാലേയത്തൂനെറ്റിതന്നിലുമുണ്ടല്ലോ
ശോഭിപ്പൂ ഗോപീതിലകം

പീലികളുണ്ടല്ലോകാർമുടിക്കെട്ടിന്മേൽ
കാനനഹാരങ്ങളുണ്ട്
മേലെവിതാനമായുണ്ടല്ലോമാല്യങ്ങൾ
ദീപാലങ്കാരങ്ങളുണ്ട്

*പണ്ടുകുറൂരമ്മപൂജിച്ച,തന്നുട-
ലിന്നുപൂജിക്കുന്നവിപ്രൻ
വന്നീടുംമേൽശാന്തിയായെന്നറിഞ്ഞിട്ടോ
പുഞ്ചിരിതൂകിയിരിപ്പൂ...!

കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!കൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഹരേകൃഷ്ണ!കൃഷ്ണ!

ഗിരിജ ചെമ്മങ്ങാട്ട്
*നിയുക്തമേൽശാന്തി വെള്ളറക്കാട്ട് പുതുമന ശ്രീജിത്ത് നമ്പൂതിരി,വേലൂർ
വെങ്ങിലശ്ശേരി കുറൂരമ്മ ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തിയാണ്.

Monday, 16 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 120

16.09.2024

കൃഷ്ണനാട്ടംകളിവേഷത്തിലാണല്ലോ
കൃഷ്ണനെയോതിക്കനിന്നൊരുക്കി
കാലിൽതളയുണ്ട്,മീതെചിലമ്പുണ്ട്
മോടിയായ് കച്ചഞൊറിഞ്ഞതുണ്ട്

കിങ്ങിണിയുണ്ട്,ഭുജങ്ങളിൽ കാപ്പുണ്ട്
കൈവള ചേലിലണിഞ്ഞിട്ടുണ്ട്
മാറത്തുപൊന്നിന്റെമുത്താരവും,തെച്ചി-പ്പുവുണ്ടമാലയുമിട്ടിട്ടുണ്ട്

നീലക്കുപ്പായത്തിന്മേലിരുതോളീന്നും
തൂങ്ങുന്നൊരുത്തരീയച്ചാർത്തുണ്ട്
കാതിൽ,കനകത്തിൻപൂവുണ്ട്നെറ്റിയിൽ ഗോപിക്കുറിയുമണിഞ്ഞിട്ടുണ്ട്

മൗലിയിൽ കൃഷ്ണമുടിയുണ്ടതിന്മേലെ
പീലിയുണ്ട് കേശമാലയുണ്ട്
ശ്രീലകേ നെയ്നിറദീപപ്രകാശത്തിൽ
ആടാനൊരുങ്ങുന്ന ഭാവമുണ്ട്

കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണാ
കൃഷ്ണാ,കൃഷ്ണാട്ടത്തിൻ
ഭൂഷയണിഞ്ഞുള്ള
കൃഷ്ണാ,വണങ്ങുന്നു
നിന്നെ ഞങ്ങൾ!

ഗിരിജ ചെമ്മങ്ങാട്ട്

Friday, 13 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 119

13.09.2024

അമ്പാടിയുമ്മറത്തൂണിന്റെപിന്നിലായ്
കണ്ണനൊളിച്ചുനിൽക്കുന്നു
അമ്മകാണാതെകുറുമ്പൊന്നുകാട്ടീട്ടു
മെല്ലെന്നുവന്നുനില്പാണോ?

കുഞ്ഞുവലംകാലിലുണ്ടല്ലോകാണുന്നു
മിന്നുന്ന പൊൻതളയല്ലോ
മഞ്ഞക്കസവാടത്തെല്ലതാകാണുന്നു
കിങ്ങിണിപാതിമറഞ്ഞും

മുല്ലമൊട്ടിന്മാലയൊത്തുവനമാല-
യുണ്ടെന്നുതോന്നുന്നുമാറിൽ
ഓടക്കുഴലുണ്ടുകാണ്മൂവലംകയ്യിൽ
തൂണോടുചേർന്നെന്നപോലെ

വേണുവണിക്കയ്യിലല്ലോവളയൊന്നു
കാണുന്നുചന്തത്തിലാഹാ !
കാതിലെപ്പൂവതും,ഗോപിപ്പകുതിയും
പീലിക്കിരീടവുംകാണ്മൂ

ചെഞ്ചൊടിപ്പൂവിൽചിരിയുമൊളിനോട്ടം-തന്നിൽ കുസൃതിയുമായി
പങ്കജനേത്രൻ ഗുരുപുരേവാഴുന്നു
ചെന്നിടാമിന്നുവന്ദിക്കാം

കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാ,ഹരേകൃഷ്ണ!
കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ
കൃഷ്ണാ,ഹരേകൃഷ്ണ!കൃഷ്ണാഹരേകൃഷ്ണ!
കൃഷ്ണാ,ഗോവിന്ദ!ഗോപാലാ

ഗിരിജ ചെമ്മങ്ങാട്ട് 

Saturday, 7 September 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 118

07.09.2024

കാലിൽതളകളണിഞ്ഞ്,പട്ടു-
കോണകം നന്നായുടുത്ത്
കുമ്പമേൽപൊന്നരഞ്ഞാണം,കെട്ടി
പുഞ്ചിരിക്കുന്നുണ്ടുകണ്ണൻ

കൈവളതോൾവളചാർത്തീ,ചെവി-
പ്പൂവുകൾ ഭംഗിയിൽ തൂക്കി
മാറത്തുപൊന്മണിമാല,വൃന്ദ-
പ്പൂവിന്റെ കാനനമാല

നെറ്റിയിൽഗോപിക്കുറിയും,നെറു-
ക്കെട്ടിൽമയില്പീലിച്ചേലും
വെള്ളപ്പൂവാൽമുടിമാല,ചന്തം
കൊള്ളും വിതാനത്തിന്മാല

കുഞ്ഞുവലംകയ്യിലുണ്ടേ,വേണു-
തന്നിടംകയ്യിലൊരപ്പം
തുമ്പിക്കരംകൊണ്ടതാരേ,മെല്ലെ
വന്നെടുക്കുന്നതുകാണാം

ഉണ്ണിഗ്ഗണപതിയാണേ,കണ്ണ-
നുണ്ണി നിവേദിക്കയാണേ
ചിങ്ങചതുർത്ഥിയിന്നല്ലേ,വിഘ്ന-
മെല്ലാമൊഴിയേണ്ടതല്ലേ

കാണാം വിനായകനോടെ,ചേർന്ന്
ഗോകുലബാലനെയിന്ന്
വായുപുരത്തിലണഞ്ഞാൽ,പദ-
സൂനങ്ങൾ കണ്ടുകൂപ്പീടാം

കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ,ഹരേ
കൃഷ്ണാഹരേകൃഷ്ണ!കൃഷ്ണാ
*ബുദ്ധിവിധാതാ,ഗണേശാ,ഗജ-
വക്ര!ഹേരാംബ!പ്രമോദാ

ഗിരിജ ചെമ്മങ്ങാട്ട്

*ഗണപതിയുടെ നാമങ്ങൾ




Monday, 2 September 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 117
02.09.2024

ആനന്ദത്തോടെ കിരണാനന്ദൻ
ആനന്ദരൂപനെയിന്നൊരുക്കി
കാലിൽതളയുണ്ട് കോണകവും
ചേലിലരഞ്ഞാണംകെട്ടീട്ടുണ്ട്

കൈവളയുണ്ട് ഭുജക്കാപ്പുണ്ട്
മെയ്യിൽപലപൊന്നുഭൂഷയുണ്ട്
മാറത്തുതെച്ചിപ്പൂമാലയുണ്ട്
കാതിലോ പൂവിന്റെഞാത്തുമുണ്ട്

നെറ്റിയിൽ ഗോപിക്കുറിയുമുണ്ട്
കൊച്ചുമുടിക്കെട്ടിൽ പീലിയുണ്ട്
പീലിക്കെട്ടിൽമുടിമാലയുണ്ട്
പൂമാല മോടിയിൽ തൂങ്ങുന്നുണ്ട്

തന്നിടംകയ്യിൽ കവണയുണ്ട്
കുഞ്ഞുവലംകയ്യിൽ കല്ലുമുണ്ട്
കൂട്ടരോടൊത്തുകുറുമ്പുകാട്ടാൻ
ഓട്ടംതുടങ്ങുന്നോ കുഞ്ഞുകണ്ണൻ?

എന്തിനാണാവോ,കവണയേന്തി
നന്ദകുമാരകനോടിടുന്നു
ആർത്തുചിരിച്ചല്ലോ പോയിടുന്നു
ആർത്തിമാറ്റീടുന്നലോകനാഥൻ

കൃഷ്ണാ,ഹരേകൃഷ്ണകൃഷ്ണകൃഷ്ണാ കൃഷ്ണാഹരേകൃഷ്ണകൃഷ്ണകൃഷ്ണാ!
കൃഷ്ണാമുകിൽവർണ്ണാ,നന്ദബാലാ !
കൃഷ്ണാ,ജനാർദ്ദനാ,കൈതൊഴുന്നേൻ!

ഗിരിജ ചെമ്മങ്ങാട്ട്

Tuesday, 27 August 2024

 


"കണ്ണാ.....ഞാൻ...മറന്നതല്ല....

കണ്ണ!നിന്റെജന്മദിന-
മായിരുന്നു,പോയനാ-
ളെങ്കിലും,കുറിച്ചിടുവാ-
നായതില്ല വർണ്ണന
കണ്ണനൊരാളെന്റെ,മുന്നിൽ
പുഞ്ചിരിച്ചുനിൽക്കവേ
വന്നതില്ല,കാവ്യഭംഗി-
ചേർന്നപദ്യമൊന്നുമേ

"കുഞ്ഞുകഥയൊന്നു,നന്നു
ചൊല്ലിടുക,വേണമി-
ക്കുഞ്ഞുമെയ്യിലിമ്പമോടെ-
യിക്കിളികൂട്ടീടുക
കുഞ്ഞുവണ്ടിയങ്കണത്തി-
ലോട്ടിടുന്നകാണുവാൻ
വന്നിരിക്ക," ചൊല്ലിയെന്റെ-
യാത്മജന്റെയാത്മജൻ

പീലികൊണ്ടുതല്ലുവാങ്ങി-
യേങ്ങിയേങ്ങിക്കേണതും
തോഴരൊത്തു ഗോകുലത്തിൽ
കാടുകാട്ടിമേഞ്ഞതും
ആലയങ്ങൾതോറുമേറി
വെണ്ണകട്ടുതിന്നതും
ബാലനിവൻ,മുന്നിലെത്തെ-
യോർത്തിടുന്നു,കണ്ണ!ഞാൻ

ഇന്നലത്തെസദ്യയുണ്ടു
കുഞ്ഞുകുമ്പവീർത്തതും
ഇന്നലെനിൻപൊന്നുപുരി
ഗോകുലമായ് തീർന്നതും
തിങ്ങിടുന്നമോദമോടെ-
യിന്നുകിനാക്കാൺകയോ
മെല്ലെവന്നു,ശ്രീലകത്തി-
രിക്കവേ ! മുരാന്തകാ?

ഗിരിജ ചെമ്മങ്ങാട്ട്
27.08.2024

Tuesday, 20 August 2024

 ഐസ്ക്രീം


വൈദ്യുതദീപത്തിന്റെ
മങ്ങിയവെളിച്ചവും
പാശ്ചാത്യസംഗീതത്തിൻ
നേർത്തൊരുനിനാദവും
ചോട്ടിലായ് നിവർത്തിയ 
കാർപ്പറ്റിൻ മൃദുത്വവും 
കാഴ്ചയിൽനാകംപോലെ-
യാണീ,ഭോജനാലയം

പൂമ്പാറ്റക്കുട്ടിപ്പുസ്ത-
കങ്ങളിൽതലപ്പാവു-
ചൂടിനിന്നീടും,കോട്ട-
കാവൽക്കാരനെന്നപോൽ
ഭവ്യനായൊരാൾ വന്നു-
നിൽക്കയാണടുത്തുള്ള
വെള്ളശ്ശീലതൻ,വിരി-
പ്പിട്ട,മേശതൻചാരെ

ഭംഗിയേറീടുംനല്ല-
ചില്ലുപാത്രത്തിൽനിന്നും
മഞ്ഞച്ചകരണ്ടിയാ-
ലു,ണ്ടൊരുമുത്തശ്ശ്യമ്മ
വെണ്ണപോലിരിക്കുന്ന
ഭോജനമെന്തോതോണ്ടി-
ത്തിന്നുവാനൊരുങ്ങുന്ന
കണ്ടു,ഞാനിരിക്കയായ്

സെറ്റുമുണ്ടിലാണല്ലോ
വേഷമാ,തലയെല്ലാം
മുക്കാലുംനരച്ചതാ-
ണെന്നാലുമയ്യേ,കഷ്ടം!
ഒട്ടുമേ,നാണംകൂടാ-
തായമ്മ,മെല്ലേമെല്ലേ
കുട്ടികളേപ്പോലല്ലോ
"കിണുങ്ങി"ക്കഴിക്കുന്നു!

കണ്ണിമയ്ക്കാതെ,നോക്കി-
യിരിക്കുമെന്നെക്കണ്ടു
മെല്ലെയാരാഞ്ഞാനെന്റെ
യേട്ടനന്നേരം,"കുട്ടീ
ചൊല്ലിടൂ,വേണോ?വാങ്ങി-
ത്തന്നിടാം,നിനക്കിപ്പോൾ"
സമ്മതം നടിച്ചൂ,ഞാൻ
പാതിപ്പാവാടക്കാരി

വന്നുടൻ,മേശപ്പുറ-
ത്താ,ദിവ്യഭോജ്യം,കാൺകെ
ഗന്ധമോ മധുരമാ-
ണെന്നല്ലോ,തോന്നിപ്പോയി
മുന്നിലെക്കടലിലെ
തിരയെൻ,വായിൽവന്നു-
തള്ളുവാൻതുടങ്ങിയെ-
ന്നുള്ളവും നിറഞ്ഞുപോയ്

കുഞ്ഞുകോപ്പയിൽനിന്നു-
മന്നേരം,ടീസ്പൂണിനാൽ
മന്ദമായ് വെൺപായസം
മെല്ലവേ,വായിൽവെയ്ക്കേ
ഒന്നുഞെട്ടിപ്പോയ്,വയ്യേ!
യെങ്ങനെകഴിച്ചീടു-
മിന്നു,നന്മധുരം ഞാൻ?
ചുട്ടിട്ടുവയ്യേ...വയ്യേ...!

ഗിരിജ ചെമ്മങ്ങാട്ട്












Sunday, 18 August 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 116

18.08.2024

ചന്ദനംകൊണ്ടുള്ളതാമരപ്പൂവിലാ-
ലായല്ലോവിളങ്ങുന്നുകണ്ണൻ
പൊന്നിൻ തളയിട്ടപാദങ്ങളാൽ,പൂവിൽ
ചന്തത്തിൽ നർത്തനം ചെയ് വൂ

ഇന്നായിരുന്നുപുതുകതിരാൽ'നിറ'-
യെന്നതിന്നുത്സാഹമാണോ
വാട്ടിയവാഴയിലയിൽമധുക്കൂട്ടു-
ചേർത്ത,'അട,'യോർത്തുകൊണ്ടോ?

വെണ്ണയുംവേണുവുംചേർന്നകരങ്ങളിൽ
സ്വർണ്ണവളയല്ലോകാണ്മൂ
ചെമ്പട്ടുകോണകം,കിങ്ങിണിതന്നിലോപൊന്നിന്റെഞാത്തുകൾകാണ്മൂ

മാറത്തുമുല്ലമൊട്ടിന്മുത്തുമാലയും
കാനനമാലയുംകാണ്മൂ
തോളത്തുകാപ്പും,ചെവിത്തട്ടിൽപൂക്കളും മാധവനുണ്ണിയണിഞ്ഞു

ചെഞ്ചൊടിയിൽമന്ദഹാസവുംനെറ്റിയിൽമിന്നുന്നഗോപിയുമുണ്ട്
പൊന്നിന്മകുടേ തിളങ്ങുന്നു പീലികൾ
നന്മുടിമാലയുമുണ്ട്

"ഇല്ലംനിറനിറ..വല്ലംനിറനിറ"-
യെന്നുള്ളശീലുകളോർത്തോ?
കണ്ണനാമുണ്ണിയാടീടുന്നുനർത്തനം
നമ്മളെകാട്ടിടാനാണോ?

കൃഷ്ണാഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണ!നാരായണാ!കൃഷ്ണാ!
കൃഷ്ണാ,മുകിൽവർണ്ണ!മാധവാ,കേശവാ!
കൃഷ്ണാ!,മുരാന്തകാ!കൃഷ്ണാ!

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 14 August 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 115
14.08.2024

ശ്രീലകത്തിന്നുരഘു-
രാമന്റെരൂപംപൂണ്ടു
സോദരന്മാരൊത്തല്ലോ
വാഴുന്നുകണ്ണനുണ്ണി
കാലിൽതളകളുണ്ട്
കൈകളിൽകാപ്പുകളും
ചോന്നകസവുപട്ടു-
മുണ്ടൊന്നുടുത്തിട്ടുണ്ട്

മാറത്തുമുല്ലമൊട്ടു-
മാലയുമിട്ടിട്ടുണ്ട്
പോരാഞ്ഞുകഴുത്തോടു
ചേർന്നൊരുമാലയുണ്ട്
കേയൂരമുണ്ട്,ചെവി-
പ്പൂക്കളുംകാണുന്നുണ്ട്
കോമളവദനത്തിൽ
ഗോപിയുംതൊട്ടിട്ടുണ്ട്

പൊന്നിങ്കിരീടത്തിന്മേൽ
നന്മുടിമാലയുണ്ട്
സുന്ദരവക്ഷസ്സിങ്കൽ
വൃന്ദമാലയുമുണ്ട്
തന്നോടുചേർന്നുനിൽക്കു-
ന്നുണ്ടല്ലോഭരതനും
കല്യനാംലക്ഷ്മണനും
വീരനാംശത്രുഘ്നനും

തന്നിടംകരതാരിൽ
വില്ലുണ്ട്,വലംകയ്യിൽ
പൊന്നിന്റെശരം,ചുണ്ടിൽ
മന്ദഹാസവുമുണ്ട്
കണ്ടിടാമവരജ-
ന്മാരുടെഗാത്രത്തിലും
നല്ലഭൂഷകൾ,കയ്യിൽ
വില്ലൊത്തുശരങ്ങളും

വാതാലയേശനുടെ
കോവിലിലിന്നുചെന്നാൽ
നാലമ്പലദർശന-
പുണ്യത്തെവരിച്ചീടാം
ശ്രീരാമ,ഹരേരാമാ!
ശ്രീരാമചന്ദ്രാരാമാ !
ശ്രീകൃഷ്ണ,ഹരേകൃഷ്ണാ!
ശ്രീകൃഷ്ണ!വണങ്ങുന്നേൻ!

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 11 August 2024

 ഞണ്ടിന്റെ വീട്


ഓണംവരവായി മുറ്റത്തു തീർക്കണം
ചാരുതയൊത്തൊരു പൊൻപൂക്കളം
ചാണകംതേച്ച കളത്തിന്നരികിലാ-
യോമലാളമ്മയെകാത്തിരിപ്പൂ

ചാരിയിട്ടീടും പടിതന്നരുചേർന്നു
ചാരേയ്ക്കണയുന്നതാ,രിതെന്നായ്
ഓമനപ്പൈതൽ,കുതുകംപൂണ്ടീടവേ
കാണുന്നുചോന്നൊരു കുഞ്ഞുഞണ്ട് !

"അമ്മയൊന്നോടിവന്നീടൂവരുന്നിതാ
ഞണ്ടൊന്നു നമ്മുടെ വീട്ടിലേയ്ക്കോ?
ഉണ്ടെട്ടുകാലുക,ളുണ്ടുല്ലോരണ്ടെണ്ണം
കൊമ്പുക,ളെന്നെയിറുക്കുകില്ലേ? "

കൊഞ്ചുംമൊഴികേട്ടനേരമമ്മാമനോ
പുഞ്ചിരിതൂകീട്ടുചൊല്ലിമെല്ലേ
"എന്തറിഞ്ഞീടുന്നുകണ്മണീ,നമ്മളേ-
യല്ലയീമണ്ണിന്റെ തമ്പുരാക്കൾ
നെല്ലുവിളഞ്ഞിടുംപാടവരമ്പത്ത്
കുഞ്ഞുമാളങ്ങളാൽവീടുവെച്ച്
അല്ലലില്ലാതങ്ങുവാണൊരിജ്ജീവിക-ളെന്നുപറഞ്ഞില്ലേനിന്നൊടാരും!

നമ്മൾ,മനുഷ്യർകുടിയേറിവന്നവർ
കയ്യൂക്കുകാട്ടിയോർ,കല്മഷന്മാർ
മണ്ണിട്ടുപാടംനികത്തിയും,പാവമീ
ജന്തുവിൻവാസസ്ഥലംകവർന്നും
കല്ലുപടുത്തുകൊട്ടാരംപണിഞ്ഞവർ
ഭള്ളുകാണിച്ചുഞെളിഞ്ഞുനിന്നോർ
തെല്ലുംകനിവില്ലാതാട്ടിയോടിച്ചവർ
നമ്മളാണല്ലോ വിരുന്നുവന്നോർ"

ഗിരിജ ചെമ്മങ്ങാട്ട്

Friday, 9 August 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 114

09.08.2024

പൊന്നുപടിയിട്ടവള്ളിയൂയലിലാണല്ലയോ
വെണ്ണയുണ്ടിടാനൊരാശ,യമ്മസമ്മതിക്കുമോ?
തന്നിടാമൊവേഗമായതിങ്ങുകൊണ്ടുവന്നിടൂ
കുഞ്ഞുകയ്യിനാലെവാരിയിന്നുഞാൻനുണഞ്ഞിടാം

"മുട്ടുകുത്തിനില്ക്കയാണുകണ്ണനിന്നുവീഴുമോ
മുറ്റമൊക്കെപൊട്ടുചരലല്ലെ"യമ്മയോർക്കിലും
ചിത്തമോദമോടെയേകിപാത്രമോടെവെണ്ണയ-
ക്കൊച്ചുകണ്മണിക്കുമോഹമാറുവോളമുണ്ണുവാൻ

കാൽത്തളയും കൈവളയും കിങ്ങിണിയും കോണവും
കോർത്തുവെച്ചവന്യമാലചന്തമോടണിഞ്ഞതും
ആസ്പദത്തിൽസ്വർണ്ണഭൂഷണങ്ങളുംനിറഞ്ഞതാ
കാട്ടിടുന്നുകാടുകളാ,ശ്രീലകത്തുമാധവൻ

കൃഷ്ണ,കൃഷ്ണ,ഗോപബാല,കൃഷ്ണകൈതൊഴുന്നു ഞാൻ
കൃഷ്ണ,കൃഷ്ണ,കേശവാ,മുകുന്ദകൈതൊഴുന്നു ഞാൻ

ഗിരിജ ചെമ്മങ്ങാട്ട് 

Saturday, 27 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 113

27.07.2024

കണ്ടിടുന്നു ഗുരുവായുരെത്തിയാൽ
കണ്ണനിന്നുരഘുരാമരൂപിയായ്
ഉണ്ടുകയ്യിലൊരുസ്വർണ്ണ*സായകം
വില്ലുമുണ്ടു,മറുപാണിതന്നിലും

ശോണവർണ്ണമഴകൊത്തപട്ടിനാൽ
ചേലൊടൊത്ത,രയിലങ്ങുചുറ്റിയും
മീതെ,ചന്തമിയലുന്ന കിങ്ങിണി
മോദമോടലസമായ്,കിലുങ്ങിയും

മാറിലുണ്ടു,നവഹേമമാലയും
ചേണെഴുന്ന,പുതുവന്യമാലയും
മേനിയിൽ,കനകഭൂഷണങ്ങളും
മൗലിമേലഴകിലായ് കിരീടവും

സുന്ദരന്റെയരികത്തുകാണ്മതാ
തങ്കവർണ്ണമുടലാർന്ന,ജാനകി
വർണ്ണമാലയിരുകൈകളിൽധരി-
ച്ചല്ലി!നമ്രമുഖിയായിനില്പതാ !

വെണ്മയേറുമൊരുപട്ടുചേലയാ-
ണു,ണ്ടുമാറിലൊരു,പച്ചകഞ്ചുകം
കണ്ടിടുന്നു,പലവർണ്ണഭൂഷകൾ
പല്ലവാംഗിയുടെ,യാസ്പദത്തിലും

രാമചന്ദ്രനിത!നില്പു,കോവിലിൽ
സീതയൊത്തു,മൃദുഹാസഭാവനായ്
ഓടിയെത്തി,നടയിൽതൊഴുന്നവർ-
ക്കേകുവാനഭയമെന്നുമെപ്പൊഴും

ഗിരിജ ചെമ്മങ്ങാട്ട്
* സായകം=അമ്പ്

Friday, 26 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 112

26.07.2024

കണ്ണ,നിന്റെവർണ്ണനയ്ക്കുകാത്തിരുന്നുനേരമോ
തെല്ലകന്നുപോയി,ചിത്തമോദവുംതകർന്നുപോയ്
പിന്നെയെന്റെകൂട്ടുകാരിയിമ്പമോടയക്കവേ
തിങ്ങിവന്നുമാനസേ,കുറിക്കുവാനിതക്ഷണം

പിഞ്ചുകയ്യിലൊന്നുവേണുവുണ്ടിടത്തുകയ്യിലോ
ഉന്നതനായുള്ളമഹാമേരുവാണുകാണ്മതും
പൊന്നുഭൂഷണങ്ങൾ,വൃന്ദമാലയുംധരിച്ചു നീ
വന്നുനില്ക്കയാണുവായുമന്ദിരത്തിലിന്നുഹാ!

കുന്നിലുംകരുത്തനായഭീമകായപർവ്വതം
കുഞ്ഞുകയ്യിനാലുയർത്തിനിന്നതല്ലി!മാധവാ
കുന്നിടിഞ്ഞുമണ്ണിലാണ്ടൊര*ർജ്ജുനന്റെവാഹനം
വന്നുപൊക്കിടാനൊരുങ്ങിടാത്തതെന്തു കേശവാ?
കൃഷ്ണ,കൃഷ്ണ,നന്ദഗോപപുത്ര,യശോദാത്മജാ!
കൃഷ്ണ,യദുനാഥ,മധുസൂദനാ,മുരാന്തകാ !
കൃഷ്ണ,മധുകൈടഭവിമർദ്ദനാ,നിരാമയാ!
മുക്തിയേക, ഭക്തരിലലിവുചേർന്നകേശവാ!

ഗിരിജ ചെമ്മങ്ങാട്ട്

*കർണ്ണാടകയിൽ മലയിടിഞ്ഞ് കാണാതായ വാഹനം

Thursday, 25 July 2024

 ശ്രീഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 111 

25.07.2024


ഇരുകൈകളിൽ ശംഖുചക്രവും

മറുകൈകളിൽ ഗദ,*കുന്ദവും

നലമോടെധരിച്ചുനില്പതാ

പ്രഭുവിഷ്ണുവിധത്തിൽമാധവൻ


തളയുണ്ടു,കരത്തിൽകാപ്പുകൾ 

കസവാടയുമുണ്ടരയ്ക്കുമേൽ 

ചിലുചഞ്ചലമോടതിന്നുമേൽ

മണികിങ്ങിണി ഞാന്നുകാണ്മതാ 


തിരുനെഞ്ചിലണിഞ്ഞതില്ലയോ 

പതകങ്ങളൊടൊത്തമാലയും  വനമല്ലികമൊട്ടുമാലയും

വനമാലയുമെത്ര!ചന്തമായ് 


ശ്രവണങ്ങളിൽ പുഷ്പഭംഗിയും

ഭുജകാന്തിയിലംഗദങ്ങളും 

നിടിലത്തിലെ സ്വർണ്ണഗോപിയും 

മുടിമാലയണിഞ്ഞമൗലിയും


നടതന്നിലണഞ്ഞ ഭക്തരിൽ

കനിവോടഭയത്തെയേകുവാൻ

മൃദുഹാസവുമായി കേശവൻ

നിലകൊള്ളുകയാണു മന്ദിരേ !


ഗിരിജ ചെമ്മങ്ങാട്ട് 

*കുന്ദം=താമര,മുല്ല

Monday, 22 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 110

22.07.2024

കുഞ്ഞുപദമൊന്നു നലമോടഥപിണച്ചും
ചെഞ്ചൊടിയിലങ്ങു,ചെറുവേണുവതുചേർത്തും
ഇന്നുഗുരുവായുപുരി,പൊൻകളഭമാർന്നാ
കണ്ണനിതനില്പു ! മധുഗാനമതുതീർക്കാൻ

കുഞ്ഞുതളകാണ്മു,ചരണത്തിലതിഭംഗ്യാ കങ്കണവുമുണ്ടു,ചെറുപാണികളിലാഹാ !
നെഞ്ചിലഴകോടെ,വിലസുന്നുവനമാല
പൊന്നുമണിമാലകളുമുണ്ടു,ചിതമോടെ

കിങ്ങിണിയൊടൊത്തു,ചെറുകോണകവുമുണ്ട്
ചന്തമിയലും,കനകതോൾവളയുമുണ്ട്
കർണ്ണമതിലോ,കുസുമകാന്തിയതുമുണ്ട്
ചന്ദനമുഖത്തിലൊരു,പൊൻകുറിയുമുണ്ട്

പീലിമകുടത്തിൽ,മുടിമാലകളുമുണ്ട്
മോടിപകരുന്ന പലമാലകളുമുണ്ട്
ഓടിയണയുന്ന ജനവൃന്ദനിരനോക്കി ബാലനിത,നിന്നു,ചിരിതൂകിടുകയല്ലോ

ഗിരിജ  ചെമ്മങ്ങാട്ട്

Saturday, 20 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 109

20.07.2024

അമ്പാടിതന്നിലെയുമ്മറത്തെന്നപോൽ
ചമ്രംപടിഞ്ഞിരിക്കുന്നുകണ്ണൻ
വെണ്ണയുമായിപ്പോൾവന്നീടുമേയമ്മ-
യെന്നുള്ളഭാവേന ശ്രീലകത്ത്

മഞ്ജീരമുണ്ടുപാദങ്ങളിൽ,ബാഹുക്കൾ
രണ്ടിലും കാണുന്നു കങ്കണങ്ങൾ
കിങ്ങിണികെട്ടിയകുമ്പയ്ക്കുതാഴെയായ് നന്നായുടുത്തുള്ള കോണകവും

മാറത്തു,കുന്ദമുകുളത്തിന്മാലയും
കാനനമാലയുമിട്ടിട്ടുണ്ട്
തോളത്തുകാപ്പുകളോടൊത്തുകാണുന്നുപൂവിതളാലുളള പൊട്ടൊരെണ്ണം

മാലേയംചാർത്തിയതൂനെറ്റിമേലുണ്ട്
മാധവനുണ്ണിക്കു സ്വർണ്ണഗോപി
പീലിക്കിരിടേ മുടിമാലകാണുന്നു
മൂന്നുമയില്പീലിയൊത്തുചേർന്ന്

കുഞ്ഞുതുടമേലെ വേണുവലങ്കയ്യാ-
ലൊന്നമർത്തിക്കൊണ്ടും,പുഞ്ചിരിച്ചും
തന്നിടംകയ്യാ,മറുതുടമേലെവെ-
ച്ചല്ലോ കിശോരനിരുന്നിടുന്നു !

കൃഷ്ണാ,മുകുന്ദാ,ജനാർദ്ദനാ,മാധവാ
ഭക്തർക്കൊരാശ്രയമായ ദേവാ
കൃഷ്ണാ,ജനാർദ്ദന,കേശവാ,ഗോവിന്ദ!
നിത്യാ,നിരാമയാ,കൈതൊഴുന്നേൻ !

ഗിരിജ ചെമ്മങ്ങാട്ട്



 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 108

19.07.2024

രാമായണമാസമാകയാലോ
ശ്രീരാമചന്ദ്രനായിന്നുകണ്ണൻ
ശ്രീലകത്തല്ലോവിളങ്ങിടുന്നു
ശോണനിറപ്പട്ടുചേലചുറ്റി

കാലിലുണ്ടല്ലോ കനകത്തള
പാണിയിൽകാപ്പുണ്ടു ചന്തമോടെ
ചേലമേലല്ലോ മണിക്കിങ്ങിണി
ചേരുന്നു തങ്കത്തിളക്കമോടെ

മാറത്തു മല്ലികമൊട്ടുമാല
മാങ്ങമാലാ,നൽപതക്കമാല
മാലകൾ പോരെന്നുതോന്നിയിട്ടോ
ഓതിക്കൻ ചാർത്തി വളയമാല

കാതിലോ രണ്ടെണ്ണമുണ്ടുകാണാം
സൂനാഭരണങ്ങൾ ഭംഗിയോടെ
തോളിലും കങ്കണമുണ്ടുചേലിൽ
ഗോപിയും നെറ്റിയിൽ തൊട്ടുകാണ്മു

മൗലിയിൽ തങ്കക്കിരീടമുണ്ട്
നന്മുടിമാലയണിഞ്ഞതുണ്ട്
രാജാവിൻരൂപത്തിലാകയാലാം
പീലികളൊന്നുമേ കാണുന്നില്ല

മുന്നിൽ തറയോടുചേർന്നുഭക്ത്യാ
കുമ്പിട്ടിരിക്കുന്നു രാമഭക്തൻ-
അഞ്ജനാപുത്രനുമുണ്ടുകാണാം
വന്ദിക്കയാണുകരങ്ങൾകൂപ്പി

വില്ലൊന്നിടംകയ്യിൽ ചേർത്തുവെച്ചും
പൊന്നിൻശരം വലംകയ്യിൽവെച്ചും
മന്നിലെ തിന്മകളെയ്തുനീക്കാൻ
വന്നുനില്പൂ രാമചന്ദ്രനായി

രാമരാമാ ഹരേ രാമരാമാ
രാമരാമാ ജയ രാമരാമാ
രാമരാമാ ഹരേ രാമരാമാ
ജാനകീവല്ലഭാ രാമരാമാ

ഗിരിജ ചെമ്മങ്ങാട്ട്


Friday, 19 July 2024

 ദശപുഷ്പമാല


ഇലക്കീറിലിരിക്കുന്ന കറുകക്കൂട്ടത്തിൽനിന്നും

മിടുക്കികൾ മൂന്നുപേരെന്നരികിലെത്തി

ഇലക്കഷ്ണം വാട്ടിക്കീറി,ച്ചുരുട്ടിനൂലാക്കിമെല്ലെ

ദശപുഷ്പമാലകെട്ടൂ ഞങ്ങളെച്ചേർത്ത്

ചിരിച്ചുകൊണ്ടവരെഞാ,നോമനിച്ചുനൂലിൽചേർക്കെ

വരുന്നുമൂന്നുപേർവീണ്ടും ചെറൂളയൊത്ത്

നിറഞ്ഞുള്ളൊരാമോദത്താലവരെയുംകോർക്കെ പൂവ്വാം-

കുരുന്നില കൃഷ്ണക്രാന്തീസമേതമെത്തി

മുരാരിയെസ്മരിച്ചുഞാനവരേയുംകൂടെക്കൂട്ടെ

വരുന്നു മുക്കുറ്റി മുയൽച്ചെവിയുമൊത്ത്

നിലപ്പന കയ്യുന്നിയാംതോഴിയുമായ്,നാണത്തോടെ-

യടുത്തുവന്നപ്പോ,ളൻപുചേർത്തുവെച്ചൂഞാൻ

ഉഴിഞ്ഞതിരുതാളിമാരെവിടെപ്പോയെളിച്ചെന്നോ

തിരഞ്ഞപ്പോൾ മടിച്ചെന്റെയരികിൽവന്നൂ

കൊറോണക്കാലമെന്നാലു,മകലങ്ങൾ പാലിയ്ക്കേണ്ട

മഴയത്തുനിൽക്കുംനിങ്ങൾ ശുചിത്വമുള്ളോർ

കഥയെല്ലാംകണ്ടുനിൽക്കേ കറുകനാമ്പുകൾമൂവ-

രൊരുമയോടടുത്തെന്റെ വിരലിൽ തൊട്ടു 

ദശപുഷ്പമാല ചമച്ചിലയിൽപൊതിഞ്ഞൂനാളെ

പുലർച്ചയ്ക്കു കുളിച്ചുവന്നെടുത്തുചൂടാൻ

                        ***********

ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 107

18.07.2024

ഉരലുംവലിച്ചുകൊണ്ടോടിവരുന്നപോൽ
തളയിട്ട കാലുമായ് കണ്ണൻ
ഗുരുവായുവൂരിലെ ശ്രീലകത്തിന്നതാ
കളഭാലണിഞ്ഞുനില്ക്കുന്നു

പുതുകാപ്പുമിന്നുന്ന വലതുകരമതിൽ
നവനീതമുണ്ടു,കാണുന്നു
അരുമയാം മുരളികയാണിടംകയ്യിലോ
നവനീതകൃഷ്ണനണിഞ്ഞു

അരയിലണിഞ്ഞുകാണുന്നുണ്ടുകിങ്ങിണി
അതിനോടുചേർന്നുള്ള കോണം
കയറൊന്നുകാണുന്നു,കുമ്പമേലമ്മയോ
അരികത്തെയുരിലിൽ തളച്ചു!

തളിരൊത്തമാറിലുണ്ടല്ലോതിളങ്ങുന്നു
അരിമുല്ലമൊട്ടിന്റെ മാല
മൃദുലമാംകണ്ഠത്തിലല്ലോമിനുങ്ങുന്നു
വളയരൂപംപൂണ്ടമാല

നടുവിൽധരിച്ചതായ്കാണ്മൂപതക്കവും
വനമാലയോടൊത്തുചേലിൽ
അതുപോലെയോരോപതക്കങ്ങൾതോളിലും
അഴകായ് വരഞ്ഞു കാണുന്നു

നിടിലത്തിലിന്നു,മണിഞ്ഞുകാണുന്നുണ്ടുകനകതിലകവും നന്നായ്
കളഭക്കിരീടത്തിലുണ്ടേ മയില്പീലി
അതിനൊത്തുചേരുന്നഹാരം

ഉരലെങ്കിലെന്തേ,യെനിക്കിന്നുപുല്ലെന്ന
നിനവിൽ കളിക്കുന്നപോലെ
ഉലകംനമിക്കുന്നകേശവൻമന്ദിരേ
ചിരിതൂകിനില്പതായ് കാണ്മു!

ജയജയകൃഷ്ണാ ജനാർദ്ദനാ മാധവാ
ജയജയകൃഷ്ണ ഗോവിന്ദാ
ജയജയ വേണുഗോപാലാ രമാകാന്ത
ജയജയ കൃഷ്ണാ മുകുന്ദാ

ഗിരിജ ചെമ്മങ്ങാട്ട്