Tuesday 11 November 2014

ഒന്നര

അങ്ങേതിൽ നിന്നോടി വന്നൂ  മണിക്കുട്ടി 
അമ്മയോടായിക്കിണുങ്ങി 
"അമ്മിണിയേടത്തി പോലെനിക്കിന്നമ്മേ 
ഒന്നര മുണ്ടുടുക്കേണം "

കുഞ്ഞുമണിക്കൊഞ്ചൽ കേൾക്കേ ചിരിച്ചുകൊ-
ണ്ടമ്മുവോടോതുന്നിതമ്മ
"ഒന്നര ചുറ്റി മുറുക്കുന്നതെങ്ങനി -
'ക്കുഞ്ഞര' തന്നിലെൻ പൊന്നേ 
കുഞ്ഞുടുപ്പിട്ടാലൊതുങ്ങിക്കിടക്കുമോ 
ഒന്നരയെന്ടെ  വെണ്‍ മുത്തേ  
മുണ്ടിൽ തടഞ്ഞു വീണാൽ നിൻടെ തോഴിമാർ 
തമ്മിൽ ചിരിക്കില്ലേ സ്വത്തേ  
അമ്മിണിയേടത്തിക്കൊപ്പം വളർന്നിട്ടു 
മുണ്ടുടുത്തീടാം കുരുന്നേ 
പുള്ളിപ്പാവാടയും ചുറ്റിടാം പോയ്‌ കളി -
യ്ക്കെൻ മണിച്ചെല്ലമേ കുഞ്ഞേ "

അമ്മതൻ നന്മൊഴി കേട്ടപ്പോൾ കണ്മണി 
പിന്നെയും നിന്നു ചിണുങ്ങി
"ഒന്നര ചേരില്ലയെങ്കിലെനി ' യ്ക്കര '
മുണ്ടെങ്കിലും നല്കിടമ്മേ "

*****************

4 comments:

  1. പാല്‍പായസം പോലെ ഒരു കവിത!!!!

    ReplyDelete
  2. നല്ല കവിത... കുഞ്ഞുങ്ങളെ ചൊല്ലി കേള്‍പ്പിക്കാനും നന്ന്... ഇഷ്ടായിട്ടോ :)

    ReplyDelete
  3. അഭിനന്ദനങ്ങള്‍ കിട്ടുമ്പോള്‍ കൂടുതല്‍ എഴുതാന്‍ തോന്നുന്നു.

    ReplyDelete