Friday, 28 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 157
28.02.2025

തൃക്കാലൊന്നുമദംനിറഞ്ഞഫണിതന്നുത്തുംഗമാംപത്തിമേൽ
വെച്ചും,പൊൻതളചേർന്നിടുംമറുപദംതെല്ലൊന്നുയർത്തീട്ടുമായ്
നൃത്തംചെയ്വതിനങ്ങൊരുങ്ങി,കുഴലും,വാലുംപിടിച്ചാടിടും
കറ്റക്കാർമുകിൽവർണ്ണനെത്തൊഴുതിടാം,നാമംപ്രകീർത്തിച്ചിടാം...
      
ഗിരിജ ചെമ്മങ്ങാട്ട്.

Thursday, 27 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 156

27.02.2025
കാൽപിണച്ചുനിന്നിടുന്നൊരുണ്ണിയായിശ്രീലകേ
മോദമോടെനില്ക്കയാണുനന്ദഗോപനന്ദനൻ
കാൽച്ചിലമ്പണിപ്പദങ്ങളൊന്നുപിണച്ചെങ്കിലും
ചേർത്തതില്ലവേണു,കയ്യിലെന്തുമൂലമായിടാം?

പൊന്നലുക്കുഞാന്നിടുന്നകിങ്ങിണിയാൽകോണകം
ഒന്നുമറഞ്ഞാണു,പാതിമാത്രമായികാണ്മുഞാൻ
കുഞ്ഞുമാറിലുണ്ടു,മുല്ലമൊട്ടുമാല,പൂക്കളാ-
ലുണ്ടമാലയൊന്നുവേറെ,കണ്മണിക്കുചന്തമായ്

കങ്കണംകിലുങ്ങിടുന്നകൈകളും,ഭുജങ്ങളിൽ
വർണ്ണഗോപി,തോൾവളകൾ,കാതിൽനല്ലപൂക്കളും
മൗലിയിൽകിരീടമുണ്ട്,പീലിയുണ്ട്,താമര-
പ്പൂവുകൊണ്ടുകോർത്തകേശമാലയുണ്ടു
മോടിയിൽ

നെറ്റിയിൽ,തുടുത്തഗോപിയുണ്ടുചൊടിപ്പൂക്കളിൽ
തത്തിനിന്നിടുന്നമന്ദഹാസമുണ്ടുചേലൊടെ
കുഞ്ഞുരുളവെണ്ണയൊന്നുകാണ്മുവലംകയ്യിലും
നല്ലതാമുരുളകാണ്മു,കുഞ്ഞിടംകരത്തിലും

വെണ്ണകണ്ടുകൺകുളിർത്തമൂലമോ,മുളങ്കുഴൽ
കണ്ണനിന്നെടുക്കുവാൻമറന്നു,കഷ്ടമായിഹാ!വെണ്ണയുണ്ടുനിന്നിടുന്നകണ്ണനെവണങ്ങിടാം
കുഞ്ഞുപാദപങ്കജങ്ങൾകണ്ടുകൂപ്പിനിന്നിടാം...

കൃഷ്ണ!കൃഷ്ണ!ഗോപബാല!വാസുദേവ!മാധവാ!
കൃഷ്ണ!കൃഷ്ണ!കേശവാ!മുകുന്ദ!നന്ദനന്ദനാ
കൃഷ്ണ!കൃഷ്ണ!കൃഷ്ണവർണ്ണ!കൃഷ്ണ!ഗോപനായകാ!
കൃഷ്ണ!കൃഷ്ണ!നിൻപദങ്ങൾ കുമ്പിടുന്നുഞാൻ സദാ...

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 26 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 155
26.02.2025

മത്സ്യാവതാരസ്വരൂപത്തിൽ,കോവിലിൽ
കൃഷ്ണകുമാരനെയിന്നുകാണാം
താഴേയ്ക്കുമീനത്തിൻരൂപവും,മേലേയ്ക്കു
നാരായണപ്രഭൂഭാവംപൂണ്ടും

പൊന്നിൻചെതുമ്പലും,വാലും തിളങ്ങുന്ന
മിന്നൽക്കസവാൽ പതിച്ചിട്ടുണ്ട്
പട്ടുപുടവഞൊറിഞ്ഞതിൽകിങ്ങിണി
വെട്ടിത്തിളങ്ങിലസിക്കുന്നുണ്ട്

മാറത്തുസ്വർണ്ണപ്പതക്കങ്ങൾകാണുന്നു
മാങ്ങാമാലാച്ചന്തംചേർന്നുകാണ്മൂ
ഓടിക്കിതച്ചെന്റെ മഞ്ജുളകോർത്തൊരു
പൂമാലവേറെയുമിന്നുകാണ്മൂ!

കൈവള,കേയൂരം,കാതിപ്പൂവൊക്കെയു-
മഞ്ജനവർണ്ണനണിഞ്ഞിട്ടുണ്ട്
മാലേയംചാർത്തിയതൂനെറ്റി,ഗോപിയാ-ലേറെപ്രകാശിച്ചുകാണുന്നുണ്ട്

പൊന്നിൻകിരീടവും,ചേണാർന്നമാലയും
പങ്കജനേത്രനണിഞ്ഞിട്ടുണ്ട്
കണ്ണിൽകരുണയും,ചുണ്ടിൽചിരിപ്പൂവു-മിന്നു,ശ്രീകാന്തൻനിറച്ചിട്ടുണ്ട്

തൃക്കൈകൾനാലിലും,ശംഖുചക്രം,ഗദ,
പദ്മവും ദേവൻ ധരിച്ചിട്ടുണ്ട്
ഭക്തരെയെല്ലാമനുഗ്രഹിച്ചീടുവാൻ
പദ്മനാഭസ്വാമി നില്ക്കുന്നുണ്ട്!

നാരായണാ!ഹരേ!നാരായണാ!ഹരേ!
നാരായണാ!ഹരേ!നാരായണാ!
നാരായണാ!ഹരേ!നാരായണാ!ഹരേ!
നാരായണാ!ഹരേ!നാരായണാ!

ഗിരിജ ചെമ്മങ്ങാട്ട്.

Tuesday, 25 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 154
25.2.2025
പൊന്നോടക്കുഴലൊന്നു,തൃക്കരമതിൽചേർത്തും,ചുവന്നുള്ളൊര-
ക്കുഞ്ഞിച്ചേല,ഞൊറിഞ്ഞുടുത്തു,വനമാല്യങ്ങൾധരിച്ചും മുദാ
പൊന്നിൻഭൂഷയണിഞ്ഞു,തുള്ളി,*കുതുകാൽ,കാൽപൊക്കിയാടുന്നൊര-
ക്കണ്ണൻതന്നെയടുത്തുചെന്നുവിരവിൽകാണാം,വണങ്ങാമിനി...

ഗിരിജ ചെമ്മങ്ങാട്ട്
*കുതുകാൽ=കൗതുകത്തോടെ.



Monday, 24 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 153
24.02.2025

ശ്രീവില്വമാമലയിലിന്നുപുകഴ്പെടുന്നോ-
രേകാദശീവ്രതവിശേഷമതാകയാലോ
ശ്രീരാമരൂപമൊടുകോവിലിൽനില്പു,കണ്ണൻ
മാലേയമിട്ടു,പലഭൂഷകളൊത്തുഭംഗ്യാ

കാണാംപദങ്ങൾതളയാലഴകിൽ,നിറന്നു-
കാണാം സുവർണ്ണവളകൾ തളിർപാണിതന്നിൽ
ശോണാഭയാർന്നുവിലസുന്നൊരുപട്ടുചേല,
ചേലായരയ്ക്കുമുകളിൽഞൊറിവെച്ചുടുത്തും

പൊന്നിൽപ്പണിഞ്ഞുനിറവാർന്നൊരു കിങ്ങിണിക്കും
നെഞ്ചോടിണങ്ങി വിലസും പലമാലകൾക്കും
ചന്തംനിറഞ്ഞുകവിയുന്നൊരുതോൾവളയ്ക്കും
കണ്ടിന്നു ഞാൻ, നയനമോഹനമാംതിളക്കം

കാതിൽപ്രസൂനമതുകാണ്മു,മുഖത്തുനന്നായ്
ചേണുറ്റഗോപി,നിറുകിൽ കനകക്കിരീടം
പൂമാലയുണ്ടു,മുടിയിൽ പലമാലകാണ്മു
താഴേക്കുതൂങ്ങി,രഘുരാജനുമോടിയായി
തൻവാമഹസ്തമതിലുണ്ടൊരുവില്ല്,ചേരും-
വണ്ണംവലംകരമതിൽമുനയൊത്തൊരമ്പും
കണ്ണിൽത്തെളിഞ്ഞകരുണാർദ്രതരം സ്വരൂപം
നമ്മൾക്കുനൽകിടുകയാണൊരുഭക്തിഭാവം

കാൽക്കൽക്കുനിഞ്ഞു,തൊഴുകയ്യുകളാൽവിനീതം
കീഴ്പ്പോട്ടുനോക്കിമരുവുന്നിതുവായുപുത്രൻ
ചാരത്തുകാണ്മുഗദ,മാരുതിയോടുചേർന്നു
ഞാനും തൊഴുന്നു രഘുവീരപദങ്ങളിപ്പോൾ !!

ഗിരിജ ചെമ്മങ്ങാട്ട്.






Sunday, 23 February 2025

 ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 152

23.02.2025

കുട്ടിയാനമേലേറണമെന്നൊരു
കൊച്ചുമോഹമുദിച്ചകുമാരകൻ
അച്ഛനോടതുചൊന്നാൻ,പിതാവുടൻ
തച്ചനെയാളയച്ചുവരുത്തിനാൻ

തേക്കുകൊണ്ടുകടഞ്ഞെടുത്തുള്ളൊര-
ക്കാട്ടുകുട്ടിക്കരിപ്പുറത്തങ്ങനെ
ആത്തമോദംജനനിലാളിച്ചങ്ങു
കേറ്റിനിർത്തി,കിശോരനെ മെല്ലവേ

കാൽത്തളയിട്ട കാലുകൾകണ്ടില്ല
നീർത്തിനില്ക്കുംചെവിയാൽമറയ്ക്കയാൽ
കാപ്പുചാർത്തിയകൈകളും,കോണകം
ചേർത്തനൂലും,കിലുങ്ങുന്ന കാഞ്ചിയും

മാറിലേറെമലർമാല,പൊന്നിന്റെ
മാങ്ങമാലയും,നന്മണിമാലയും
കാതിലെപ്പൂ,ഭുജങ്ങളിലംഗദം
കോമളനിന്നുകണ്ണിന്നൊരുത്സവം

മാലേയത്താൽമെനഞ്ഞ നിടിലത്തിൽ
ഗോപികാണുന്നുകാന്തിയോടിന്നതാ
ശോഭയാളുംകിരീടവും,പീലിയും
ശ്രീലകമിന്നുനാകസമാനമോ ?

വെണ്ണയുണ്ടു വലംകയ്യിൽ,വേണുവോ
കുഞ്ഞിടംകയ്യിൽ ചേർത്തുവെച്ചങ്ങനെ
കണ്ണനുണ്ണിയെക്കണ്ടിടാം കോവിലിൽ
ചെന്നുകാൽക്കൽ കുനിഞ്ഞുവന്ദിച്ചിടാം

കൃഷ്ണ!കൃഷ്ണാ!മുരളീധരാ!ഹരേ!
കൃഷ്ണ!ഗോവിന്ദ!നന്ദജാ!മാധവാ!
കൃഷ്ണ!കൃഷ്ണാ!നിരന്തരം,നിന്നോടു
ഭക്തിയേറാനനുഗ്രഹിക്കേണമേ....
       
ഗിരിജ ചെമ്മങ്ങാട്ട്










Saturday, 22 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 151

22.02.2025

തടിച്ചുരുണ്ടൊരുണ്ണിയായണിഞ്ഞുനില്പു,മാധവൻ
മരുത്പുരത്തിലുള്ളദീപശോഭയാർന്നകോവിലിൽ
പദത്തിലുണ്ടുപൊൻചിലമ്പു,കങ്കണങ്ങൾ പാണിയിൽ
തുടുത്തകോണമുണ്ടു,കുമ്പമേലുരുമ്മികാഞ്ചിയും

വനത്തിൽനിന്നിറുത്തുഗോപകന്യകോർത്തമാലയാ-
കുരുന്നുമാറിലുണ്ടുസ്വർണ്ണമാലരണ്ടുവേറെയും
അതിന്നുമാറ്റുകൂട്ടുമാറുകാണ്മുതങ്കഗോപിയും
ഭുജത്തിൽകാപ്പുമുണ്ടു,കാതിലുണ്ടുപൊൻസുമങ്ങളും

മുഖത്തണിഞ്ഞുകാണ്മു,സ്വർണ്ണഗോപിയെത്രമോഹനം!
ശിരസ്സിലോമണിക്കിരീടമുണ്ടുമൂന്നുപീലിയും
അതിങ്കലുണ്ടൊരുണ്ടമാല,വൃന്ദയാൽപിരിച്ചതും
വിതാനമായ്കിടന്നിടുന്നുവർണ്ണപുഷ്പമാലയും

ഇടംകരത്തിൽതോളിലമ്മചാരിവെച്ചവേണുവും
വലംകരത്തിൽതോഴനൊരാൾമോദമായ്കൊടുത്തതും
പിടിച്ചുനില്ക്കയാണുബാലലീലയാടിടാനൊരാ-
ളവന്റെതൃപ്പദങ്ങളുള്ളിൽചേർത്തുകുമ്പിടുന്നുഞാൻ....

ഗിരിജ ചെമ്മങ്ങാട്ട്.

Friday, 21 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 150
21.02.2025

കളഭംകൊണ്ടുമെനഞ്ഞതാമര-
യ്ക്കകമേ,മുട്ടുമടക്കി,നീർന്നുമായ്
ഗുരുവായൂരിലെശ്രീലകത്തിതാ
മുരഹന്താവിനെയിന്നുകാണ്മുഞാൻ

ഇരുപാദങ്ങളിലുണ്ടു,പൊൻതള
കനകക്കൈവള പാണിതന്നിലും
അരയിൽകിങ്ങിണിഞാത്തുമായതി-ന്നരികിൽനൂലതിൽപട്ടുകോണകം


തിരുവക്ഷസ്സിലണിഞ്ഞുകാണുമാ
മണിമാല,യ്ക്കഴകേകിടുന്നപോൽ,
വളയംപോലൊരുമാല,രണ്ടുമൊ-
ത്തൊരുഗോപീതിലകംതെളിഞ്ഞതും

ഇരുതോളത്തുമണിഞ്ഞകാപ്പുകൾ-
ക്കതിനോടൊത്തൊരുസ്വർണ്ണഗോപിയും
സുഖസൗഗന്ധമിയന്നചന്ദനാൽ
മുഖരംമോഹനമെത്രകൗതുകം!

അതുലം,ശോഭയൊടല്ലികാണ്മതാ
നിടിലേഗോപി,വരച്ചതമ്മയോ?
ദിനവുംകണ്ണനെയങ്ങൊരുക്കിടാൻ
സുകൃതംചെയ്തവൾ,നന്ദപത്നിയാൾ!

മകുടംമൗലിയിലുണ്ടു,പീലിയും
അതിനോടൊത്തൊരുവൃന്ദമാലയും
തിരുമെയ്യിൽചിലവന്യമാലയും
പലതാംമാലവിതാനമായതും

അരമേലുണ്ടൊരുകയ്യമർന്നതാ-
യഴകായ്കുത്തിയപോലെവെച്ചതും
ഭുജമൂലത്തിലടക്കിവെച്ചതാ-
മൊരുപൊൻവേണുവുമുണ്ടു,കാന്തിയിൽ

മറുകയ്യിൽപ്പുതുവെണ്ണയുർളയും
ചൊടിയിൽപുഞ്ചിരിസൂനശോഭയും
മിഴിയിൽഭക്തരിലുള്ള രാഗവും
നിറയും,കണ്ണനെഞാൻവണങ്ങിടാം

അപരാധങ്ങൾനിറഞ്ഞൊരൂഴിയിൽ
ഗതികാണാതെയലഞ്ഞിടുന്നുഞാൻ
ശരിയാംപാതയിലേക്കുപോയിടാൻ
തരണേ,യോഗമതിന്നുകൂപ്പിടാം

ഗിരിജ ചെമ്മങ്ങാട്ട്.










Thursday, 20 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 149

20.2.2025

തൃപ്പദങ്ങളതി,രമ്യമായ്പിണ-
ച്ചെത്രയും കുതുകമോടെയിന്നിതാ
കൃഷ്ണനുണ്ണി തെളിവാർന്നു,ചന്ദനം
ചാർത്തിനില്പു ഗുരുവായുമന്ദിരേ

കാൽമടമ്പിനൊടുതൊട്ടുമേലെയായ്
കാണ്മതുണ്ടു കനകച്ചിലമ്പുകൾ
പൊന്നുകിങ്ങിണി,യലുക്കിനാൽമറ-
ഞ്ഞങ്ങുപാതിയൊരുപട്ടുകോണകം

മാറിലുണ്ടൊരുപതക്കമാലയായ്-
ച്ചേരുമാറു,ചെറുമാങ്ങമാലയും
കണ്ഠഹാരമതിനൊട്ടുതാഴെയാ-
യുണ്ടു ഗോപിതിലകം വരഞ്ഞതായ്

കങ്കണങ്ങളണിപാണിയും,ഭുജേ-
യംഗദങ്ങളുമതൊത്തുഭംഗിയായ്
തങ്കഗോപികളുമുണ്ടു,കാതിലും
ചന്തമോടെയണിയിച്ചുകാണ്മിതാ

ശോഭയാർന്നനിടിലത്തിലും തിള-
ങ്ങീടുമാറു,തിലകം തൊടീച്ചതായ്
ഓമനയ്ക്കു,പുതുതായി നൽകിയോ
പ്രേമമോടെ*തിലകാഖ്യ,യമ്മതാൻ

മൗലിയിൽ ചെറുകിരീടവുംമയിൽ-
പ്പീലിയൊത്തു,മുടിമാലചാർത്തിയും
പുഞ്ചിരിച്ചൊടിയിൽ വേണുവുംകരാ-
ലങ്ങുചേർത്തു,മരുവുന്നു ശ്രീഹരി

കൃഷ്ണ!കൃഷ്ണ!ജയമാധവാ!ഹരേ!
കൃഷ്ണ!നന്ദജ!മുരാന്തകാ!ഹരേ!
കൃഷ്ണ!ഗോകുലകുമാരകാ!ഹരേ!
രക്ഷഷയേക!മധുസൂദനാ!ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്

*തിലകാഖ്യ=തിലകൻ എന്ന പേര്.കുറെ ഗോപീതിലകങ്ങൾ തൊടുവിച്ചിട്ടുണ്ടല്ലോ...ഇന്ന്.








Tuesday, 18 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 148
18.02.2025

ഇന്നുവായുപുരത്തിലെത്തീടുകിൽ
കണ്ടിടാംമനോരമ്യനാമുണ്ണിയെ
പൊൻപദങ്ങളിലുണ്ടുതളകളും കങ്കണങ്ങൾകരത്തിലുംചന്തമായ്

കോണകമുണ്ടു,കുമ്പമേലൊട്ടുന്ന
കാഞ്ചിയും,വനമാലയാമാറിലും
മാങ്ങമാലാ,പതക്കമാലാ,കഴു-
ത്തോടുചേർന്നുവളയത്തിന്മാലയും

തോളിൽകാപ്പുണ്ടു,പൂക്കൾചെവിയിലും
ഗോപിയുണ്ടു,നിടിലേവരഞ്ഞതായ്
പീലിയുണ്ടു,നിറുകിൽ മുടിമാല
കോമളരൂപമെന്തൊരുകാന്തിയിൽ!

തന്നിടംകയ്യിൽവെണ്ണക്കുടം,വലം-
കയ്യിൽവേണുവോ,തോളത്തുചാരിയും
നന്ദസൂനുവിളങ്ങുന്നു,കോവിലിൽ
മന്ദഹാസമണിഞ്ഞചൊടിയുമായ്

മുന്നിലെത്തുന്നഭക്തർക്കുനൽകുവാൻ
കണ്ണിൽകാരുണ്യവർഷംചൊരിഞ്ഞുമായ്
നിന്നിടുന്നൂ,മുരാരി,ശ്രീകോവിലിൽ
ചെന്നുകണ്ടുനമിക്കാംജപിച്ചിടാം

കൃഷ്ണ!കൃഷ്ണാ!മുകുന്ദാ!ജനാർദ്ദനാ
കൃഷ്ണ!കൃഷ്ണാ!മുരാന്തകാ!മാധവാ!
കൃഷ്ണകൃഷ്ണാമുകിൽവർണ്ണമോഹനാ
നിത്യവുംകാത്തുകൊള്ളണേകേശവാ
                 
ഗിരിജ ചെമ്മങ്ങാട്ട്