Monday, 24 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 153
24.02.2025

ശ്രീവില്വമാമലയിലിന്നുപുകഴ്പെടുന്നോ-
രേകാദശീവ്രതവിശേഷമതാകയാലോ
ശ്രീരാമരൂപമൊടുകോവിലിൽനില്പു,കണ്ണൻ
മാലേയമിട്ടു,പലഭൂഷകളൊത്തുഭംഗ്യാ

കാണാംപദങ്ങൾതളയാലഴകിൽ,നിറന്നു-
കാണാം സുവർണ്ണവളകൾ തളിർപാണിതന്നിൽ
ശോണാഭയാർന്നുവിലസുന്നൊരുപട്ടുചേല,
ചേലായരയ്ക്കുമുകളിൽഞൊറിവെച്ചുടുത്തും

പൊന്നിൽപ്പണിഞ്ഞുനിറവാർന്നൊരു കിങ്ങിണിക്കും
നെഞ്ചോടിണങ്ങി വിലസും പലമാലകൾക്കും
ചന്തംനിറഞ്ഞുകവിയുന്നൊരുതോൾവളയ്ക്കും
കണ്ടിന്നു ഞാൻ, നയനമോഹനമാംതിളക്കം

കാതിൽപ്രസൂനമതുകാണ്മു,മുഖത്തുനന്നായ്
ചേണുറ്റഗോപി,നിറുകിൽ കനകക്കിരീടം
പൂമാലയുണ്ടു,മുടിയിൽ പലമാലകാണ്മു
താഴേക്കുതൂങ്ങി,രഘുരാജനുമോടിയായി
തൻവാമഹസ്തമതിലുണ്ടൊരുവില്ല്,ചേരും-
വണ്ണംവലംകരമതിൽമുനയൊത്തൊരമ്പും
കണ്ണിൽത്തെളിഞ്ഞകരുണാർദ്രതരം സ്വരൂപം
നമ്മൾക്കുനൽകിടുകയാണൊരുഭക്തിഭാവം

കാൽക്കൽക്കുനിഞ്ഞു,തൊഴുകയ്യുകളാൽവിനീതം
കീഴ്പ്പോട്ടുനോക്കിമരുവുന്നിതുവായുപുത്രൻ
ചാരത്തുകാണ്മുഗദ,മാരുതിയോടുചേർന്നു
ഞാനും തൊഴുന്നു രഘുവീരപദങ്ങളിപ്പോൾ !!

ഗിരിജ ചെമ്മങ്ങാട്ട്.






No comments:

Post a Comment