ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 152
23.02.2025കുട്ടിയാനമേലേറണമെന്നൊരു
കൊച്ചുമോഹമുദിച്ചകുമാരകൻ
അച്ഛനോടതുചൊന്നാൻ,പിതാവുടൻ
തച്ചനെയാളയച്ചുവരുത്തിനാൻ
തേക്കുകൊണ്ടുകടഞ്ഞെടുത്തുള്ളൊര-
ക്കാട്ടുകുട്ടിക്കരിപ്പുറത്തങ്ങനെ
ആത്തമോദംജനനിലാളിച്ചങ്ങു
കേറ്റിനിർത്തി,കിശോരനെ മെല്ലവേ
കാൽത്തളയിട്ട കാലുകൾകണ്ടില്ല
നീർത്തിനില്ക്കുംചെവിയാൽമറയ്ക്കയാൽ
കാപ്പുചാർത്തിയകൈകളും,കോണകം
ചേർത്തനൂലും,കിലുങ്ങുന്ന കാഞ്ചിയും
മാറിലേറെമലർമാല,പൊന്നിന്റെ
മാങ്ങമാലയും,നന്മണിമാലയും
കാതിലെപ്പൂ,ഭുജങ്ങളിലംഗദം
കോമളനിന്നുകണ്ണിന്നൊരുത്സവം
മാലേയത്താൽമെനഞ്ഞ നിടിലത്തിൽ
ഗോപികാണുന്നുകാന്തിയോടിന്നതാ
ശോഭയാളുംകിരീടവും,പീലിയും
ശ്രീലകമിന്നുനാകസമാനമോ ?
വെണ്ണയുണ്ടു വലംകയ്യിൽ,വേണുവോ
കുഞ്ഞിടംകയ്യിൽ ചേർത്തുവെച്ചങ്ങനെ
കണ്ണനുണ്ണിയെക്കണ്ടിടാം കോവിലിൽ
ചെന്നുകാൽക്കൽ കുനിഞ്ഞുവന്ദിച്ചിടാം
കൃഷ്ണ!കൃഷ്ണാ!മുരളീധരാ!ഹരേ!
കൃഷ്ണ!ഗോവിന്ദ!നന്ദജാ!മാധവാ!
കൃഷ്ണ!കൃഷ്ണാ!നിരന്തരം,നിന്നോടു
ഭക്തിയേറാനനുഗ്രഹിക്കേണമേ....
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment