ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 15021.02.2025
കളഭംകൊണ്ടുമെനഞ്ഞതാമര-
യ്ക്കകമേ,മുട്ടുമടക്കി,നീർന്നുമായ്
ഗുരുവായൂരിലെശ്രീലകത്തിതാ
മുരഹന്താവിനെയിന്നുകാണ്മുഞാൻ
ഇരുപാദങ്ങളിലുണ്ടു,പൊൻതള
കനകക്കൈവള പാണിതന്നിലും
അരയിൽകിങ്ങിണിഞാത്തുമായതി-ന്നരികിൽനൂലതിൽപട്ടുകോണകം
തിരുവക്ഷസ്സിലണിഞ്ഞുകാണുമാ
മണിമാല,യ്ക്കഴകേകിടുന്നപോൽ,
വളയംപോലൊരുമാല,രണ്ടുമൊ-
ത്തൊരുഗോപീതിലകംതെളിഞ്ഞതും
ഇരുതോളത്തുമണിഞ്ഞകാപ്പുകൾ-
ക്കതിനോടൊത്തൊരുസ്വർണ്ണഗോപിയും
സുഖസൗഗന്ധമിയന്നചന്ദനാൽ
മുഖരംമോഹനമെത്രകൗതുകം!
അതുലം,ശോഭയൊടല്ലികാണ്മതാ
നിടിലേഗോപി,വരച്ചതമ്മയോ?
ദിനവുംകണ്ണനെയങ്ങൊരുക്കിടാൻ
സുകൃതംചെയ്തവൾ,നന്ദപത്നിയാൾ!
മകുടംമൗലിയിലുണ്ടു,പീലിയും
അതിനോടൊത്തൊരുവൃന്ദമാലയും
തിരുമെയ്യിൽചിലവന്യമാലയും
പലതാംമാലവിതാനമായതും
അരമേലുണ്ടൊരുകയ്യമർന്നതാ-
യഴകായ്കുത്തിയപോലെവെച്ചതും
ഭുജമൂലത്തിലടക്കിവെച്ചതാ-
മൊരുപൊൻവേണുവുമുണ്ടു,കാന്തിയിൽ
മറുകയ്യിൽപ്പുതുവെണ്ണയുർളയും
ചൊടിയിൽപുഞ്ചിരിസൂനശോഭയും
മിഴിയിൽഭക്തരിലുള്ള രാഗവും
നിറയും,കണ്ണനെഞാൻവണങ്ങിടാം
അപരാധങ്ങൾനിറഞ്ഞൊരൂഴിയിൽ
ഗതികാണാതെയലഞ്ഞിടുന്നുഞാൻ
ശരിയാംപാതയിലേക്കുപോയിടാൻ
തരണേ,യോഗമതിന്നുകൂപ്പിടാം
ഗിരിജ ചെമ്മങ്ങാട്ട്.
No comments:
Post a Comment