Thursday, 20 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 149

20.2.2025

തൃപ്പദങ്ങളതി,രമ്യമായ്പിണ-
ച്ചെത്രയും കുതുകമോടെയിന്നിതാ
കൃഷ്ണനുണ്ണി തെളിവാർന്നു,ചന്ദനം
ചാർത്തിനില്പു ഗുരുവായുമന്ദിരേ

കാൽമടമ്പിനൊടുതൊട്ടുമേലെയായ്
കാണ്മതുണ്ടു കനകച്ചിലമ്പുകൾ
പൊന്നുകിങ്ങിണി,യലുക്കിനാൽമറ-
ഞ്ഞങ്ങുപാതിയൊരുപട്ടുകോണകം

മാറിലുണ്ടൊരുപതക്കമാലയായ്-
ച്ചേരുമാറു,ചെറുമാങ്ങമാലയും
കണ്ഠഹാരമതിനൊട്ടുതാഴെയാ-
യുണ്ടു ഗോപിതിലകം വരഞ്ഞതായ്

കങ്കണങ്ങളണിപാണിയും,ഭുജേ-
യംഗദങ്ങളുമതൊത്തുഭംഗിയായ്
തങ്കഗോപികളുമുണ്ടു,കാതിലും
ചന്തമോടെയണിയിച്ചുകാണ്മിതാ

ശോഭയാർന്നനിടിലത്തിലും തിള-
ങ്ങീടുമാറു,തിലകം തൊടീച്ചതായ്
ഓമനയ്ക്കു,പുതുതായി നൽകിയോ
പ്രേമമോടെ*തിലകാഖ്യ,യമ്മതാൻ

മൗലിയിൽ ചെറുകിരീടവുംമയിൽ-
പ്പീലിയൊത്തു,മുടിമാലചാർത്തിയും
പുഞ്ചിരിച്ചൊടിയിൽ വേണുവുംകരാ-
ലങ്ങുചേർത്തു,മരുവുന്നു ശ്രീഹരി

കൃഷ്ണ!കൃഷ്ണ!ജയമാധവാ!ഹരേ!
കൃഷ്ണ!നന്ദജ!മുരാന്തകാ!ഹരേ!
കൃഷ്ണ!ഗോകുലകുമാരകാ!ഹരേ!
രക്ഷഷയേക!മധുസൂദനാ!ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്

*തിലകാഖ്യ=തിലകൻ എന്ന പേര്.കുറെ ഗോപീതിലകങ്ങൾ തൊടുവിച്ചിട്ടുണ്ടല്ലോ...ഇന്ന്.








No comments:

Post a Comment