Saturday, 22 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 151

22.02.2025

തടിച്ചുരുണ്ടൊരുണ്ണിയായണിഞ്ഞുനില്പു,മാധവൻ
മരുത്പുരത്തിലുള്ളദീപശോഭയാർന്നകോവിലിൽ
പദത്തിലുണ്ടുപൊൻചിലമ്പു,കങ്കണങ്ങൾ പാണിയിൽ
തുടുത്തകോണമുണ്ടു,കുമ്പമേലുരുമ്മികാഞ്ചിയും

വനത്തിൽനിന്നിറുത്തുഗോപകന്യകോർത്തമാലയാ-
കുരുന്നുമാറിലുണ്ടുസ്വർണ്ണമാലരണ്ടുവേറെയും
അതിന്നുമാറ്റുകൂട്ടുമാറുകാണ്മുതങ്കഗോപിയും
ഭുജത്തിൽകാപ്പുമുണ്ടു,കാതിലുണ്ടുപൊൻസുമങ്ങളും

മുഖത്തണിഞ്ഞുകാണ്മു,സ്വർണ്ണഗോപിയെത്രമോഹനം!
ശിരസ്സിലോമണിക്കിരീടമുണ്ടുമൂന്നുപീലിയും
അതിങ്കലുണ്ടൊരുണ്ടമാല,വൃന്ദയാൽപിരിച്ചതും
വിതാനമായ്കിടന്നിടുന്നുവർണ്ണപുഷ്പമാലയും

ഇടംകരത്തിൽതോളിലമ്മചാരിവെച്ചവേണുവും
വലംകരത്തിൽതോഴനൊരാൾമോദമായ്കൊടുത്തതും
പിടിച്ചുനില്ക്കയാണുബാലലീലയാടിടാനൊരാ-
ളവന്റെതൃപ്പദങ്ങളുള്ളിൽചേർത്തുകുമ്പിടുന്നുഞാൻ....

ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment