Friday, 5 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 10

27.2.24


 കാളിയമർദ്ദനഭാവത്തിലാണിന്നു

ശ്യാമമനോഹരരൂപംതീർത്തു

കക്കാട്ടെയോതിക്കനാണല്ലോകണ്ണന്റെ

നട്ടുവവേഷമൊരുക്കിവെച്ചു


മൂന്നുതലയുള്ളപാമ്പിന്റെ പത്തിമേൽ

കോമളപാദമമർത്തിവെച്ചും

ചേണാർന്നിടതുകാൽമെല്ലവേ പൊക്കിയും

ആടുന്നുനൃത്തമെന്നുള്ളഭാവേ


പൊന്നരതന്നിലായ് മിന്നുന്നുവീതിയിൽ

പൊന്നരഞ്ഞാണമോ കിങ്ങിണിയോ

ചന്തംനിറഞ്ഞൊരാ കണ്ഠത്തിൽ കാണുന്നു 

സ്വർണ്ണനിറത്തിൽ വളയമാല


അഞ്ചുഗോപീതിലകങ്ങളാലോതിക്കൻ

തഞ്ചത്തിൽചെയ്തൊരുവർണ്ണമാല

കർണ്ണദ്വയത്തിൽ ചെവിപ്പൂക്കൾനെറ്റിയിൽ

കണ്ണഞ്ചിച്ചീടും തിലകക്കുറി


മാറിലും നന്മുടിക്കെട്ടിലുംകാണുന്നു

ചേലോടെയീരണ്ടാമുണ്ടമാല

മേലേയലങ്കാരമായതാകാണുന്നു

താമരപ്പൂക്കളാൽതീർത്തമാല


ഓടക്കുഴൽ നെഞ്ചിൽ ചേർത്തുവെച്ചങ്ങനെ

തൂമന്ദഹാസം പൊഴിച്ചുകൊണ്ടും

കാളിയഗർവ്വം കളഞ്ഞൊരുഭാവത്തിൽ

കോമളബാലൻനടനംചെയ് വൂ


കാളിയമർദ്ദനരൂപംവണങ്ങീട്ടു

മോദംനിറയ്ക്കണംമാനസേ,നാം

കാകോളമെല്ലാംകളഞ്ഞിട്ടുനമ്മളും

പാവനചിത്തരായ് മാറിടേണം.

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment