Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 26

15.03.2024


വൈകുണ്ഠനാഥന്റെ,യാദ്യാവതാരത്തിൻ

രൂപത്തിലാണു മഹേഷോതിക്കൻ

ഏറെയും മെച്ചമായ് തീർത്തു കളഭത്താൽ

വേദങ്ങൾ രക്ഷിച്ച തമ്പുരാനെ


മീനത്തിൻഭാവമോ കാണുന്നുകാൽക്കലായ്

മോഹനം സ്വർണ്ണശല്ക്കങ്ങളായി

തേജസ്സിൽ മേലോട്ടായ് നാരായണരൂപം

കാണാം മിഴികൾക്കു മുക്തിനൽകാൻ


കിങ്ങിണിയുണ്ട് കളഭപ്പൊന്മേനിയിൽ

കൈവള തോൾവള കാണുന്നുണ്ട്

കാതിലെപ്പൂക്കളും മാറത്തെമാലയും

മോടിയിൽ ദേവനണിഞ്ഞിട്ടുണ്ട്


ചന്ദനച്ചാർത്തിൽ തിളങ്ങുന്ന നെറ്റിമേൽ

സ്വർണ്ണത്തിലകം തെളിഞ്ഞിട്ടുണ്ട്

മന്ദഹാസം തൂകിനിൽക്കുന്നു മാധവൻ

പൊന്നിൻകിരീടവും ചൂടിക്കൊണ്ട്


നാലഞ്ചുപൂമാല തോരണമായ് കാണ്മൂ

താമരപ്പൂവാൽ മുടിമാലയും

ദേഹത്തുമുണ്ടല്ലോ കാനനമാലകൾ

കോവിൽനിറഞ്ഞല്ലോ നില്പു ! കൃഷ്ണൻ


ചന്ദനംകൊണ്ടു നിർമ്മിച്ചഗദയുണ്ട്

സ്വർണ്ണത്തിൻ ശംഖുചക്രങ്ങളുണ്ട്

നാലുതൃക്കയ്യൊന്നിൽ താമരപ്പൂവുമായ്

പീതാംബരനല്ലോ നില്പൂ മുന്നിൽ


ഇന്നീ,ഭുവനമസുരന്മാ,രാലല്ലോ

ദുർന്നിമിത്തങ്ങൾ ഭവിച്ചിടുന്നൂ

ചിന്തകൂടാതങ്ങു മത്സ്യവേഷത്തിൽവ-

ന്നൂർവ്വീകീടങ്ങളെ സംഹരിക്ക !


നാരായണാ ഹരേ നാരായണാ ഹരേ

നാരായണാഹരേ നാരായണാ

നാരായണാ ഹരേ നാരായണാ ഹരേ

വേദസംരക്ഷകാ കുമ്പിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment