Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 32

21.03.2024


കൃഷ്ണൻ നമ്പൂരിയാണല്ലോ ,ഉണ്ണി-

ക്കൃഷ്ണനുകളഭംചാർത്തി

തൃച്ചരണം പിണച്ചാണങ്ങനെ

നിൽക്കുന്നു ശ്രീലകത്തിന്ന്

പൊൻതളയുണ്ടു കാൽകളിൽ,രണ്ടു

കങ്കണങ്ങളാ കൈകളിൽ

കിങ്ങിണിയോടുചേർന്നമട്ടിലായ്

ചെമ്പട്ടുകോണം കാണുന്നു

മാറിലുണ്ടു പുലിനഖത്തിന്റെ

മാലയും മണിമാലയും

ചോന്നതാമരപ്പൂ,പതക്കമായ്

നീലത്തൃത്താവിൻ മാലയും

ചാരുകർണ്ണത്തിൽ പൂക്കളുംരണ്ടു-

തോളിലായ് *അംഗദങ്ങളും

ഫാലത്തിൽ സ്വർണ്ണഗോപിയുമായി

മായാമോഹനൻ നിൽക്കുന്നു

കാണുന്നൂ,കളഭക്കിരീടത്തിൽ

മാലേയപ്പീലി മൂന്നെണ്ണം

ചേരുന്നൂ,മുടിമാലകൾമൂന്നും

താമര,തെച്ചി,തൃത്താവാൽ

മോടിയിൽ പലമാലകളുണ്ട്

ചാരുരൂപ,നലങ്കാരം

ദീപനാളത്തിൽ ശോഭിച്ചേകാണാം

കോമളമായ വിഗ്രഹം

തൃക്കരങ്ങളാൽ വേണുമെല്ലവേ

സുസ്മിതാധരേചേർത്തിട്ട്

ദു:ഖമെല്ലാമകറ്റും മട്ടിലായ്

ശബ്ദപീയൂഷമേകുന്നു

കൃഷ്ണ ! കൃഷ്ണ ! മുകുന്ദ കേശവ

കൃഷ്ണ ! വേണുഗോപാലകാ

കൃഷ്ണ ! കൃഷ്ണ ! മുകുന്ദ മാധവ

കൃഷ്ണ ! ഗോവർദ്ധനോദ്ധരാ !

ഗിരിജ ചെമ്മങ്ങാട്ട് 

* അംഗദം= തോൾവള

*

No comments:

Post a Comment