Friday, 5 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന  5

22.2.24


 പൊന്നൂഞ്ഞാലാടിയിരിക്കുന്നപോലല്ലോ

പൊന്നുണ്ണിക്കണ്ണനണിഞ്ഞൊരുങ്ങീ

പൊന്നിൻതളകളുമാടുന്നു,ചന്ദനം-

കൊണ്ടുമെനഞ്ഞുള്ളതൃപ്പടിമേൽ


രണ്ടുവയസ്സുതികഞ്ഞുള്ളപൈതലി-

ന്നമ്മയശോദപൊൻവള്ളികളാൽ

ചന്തത്തിൽകെട്ടിയൊരൂയലിൽമന്ദമായ്

സന്തോഷത്തോടെയങ്ങാടീടുന്നു


കൈവളയുണ്ടു,ഭുജങ്ങളിൽകാണുന്നു

കോൾമയിർകൊള്ളിക്കുംതോൾവളകൾ

കുഞ്ഞിക്കഴുത്തിൽ മിനുങ്ങിക്കാണുന്നുണ്ടു

സ്വർണ്ണത്തിൽതീർത്തൊരുകുഞ്ഞുമാല


കിങ്ങിണിയുണ്ടതിൽനന്നായുടുത്തുള്ള

ചെമ്പട്ടുകോണകം കാണുന്നുണ്ട്

കർണ്ണസൂനങ്ങളും സ്വർണ്ണത്തിൻഗോപിയും

പൊന്നിൻകിരീടവും കാണുന്നുണ്ട്


തെച്ചിപ്പൂവോടുംതുളസിക്കഴുത്തോടും

ദർഭയിൽകോർത്തവിതാനമാല

താമരപ്പൂക്കളുംവെൺപൂക്കളുംചേർത്തു

മോടിയിലല്ലോനെറുകമാല


മുന്നൂലംനമ്പൂരിയാണിന്നുകൃഷ്ണനു

സന്തോഷത്തോടുച്ചപ്പൂജചെയ്തു

നന്നായ്കളഭംകൊണ്ടല്ലോ,പഴയവു-

മിമ്മട്ടുകൈശോരവേഷംതീർത്തു


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കുഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment