ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 108
19.07.2024രാമായണമാസമാകയാലോ
ശ്രീരാമചന്ദ്രനായിന്നുകണ്ണൻ
ശ്രീലകത്തല്ലോവിളങ്ങിടുന്നു
ശോണനിറപ്പട്ടുചേലചുറ്റി
കാലിലുണ്ടല്ലോ കനകത്തള
പാണിയിൽകാപ്പുണ്ടു ചന്തമോടെ
ചേലമേലല്ലോ മണിക്കിങ്ങിണി
ചേരുന്നു തങ്കത്തിളക്കമോടെ
മാറത്തു മല്ലികമൊട്ടുമാല
മാങ്ങമാലാ,നൽപതക്കമാല
മാലകൾ പോരെന്നുതോന്നിയിട്ടോ
ഓതിക്കൻ ചാർത്തി വളയമാല
കാതിലോ രണ്ടെണ്ണമുണ്ടുകാണാം
സൂനാഭരണങ്ങൾ ഭംഗിയോടെ
തോളിലും കങ്കണമുണ്ടുചേലിൽ
ഗോപിയും നെറ്റിയിൽ തൊട്ടുകാണ്മു
മൗലിയിൽ തങ്കക്കിരീടമുണ്ട്
നന്മുടിമാലയണിഞ്ഞതുണ്ട്
രാജാവിൻരൂപത്തിലാകയാലാം
പീലികളൊന്നുമേ കാണുന്നില്ല
മുന്നിൽ തറയോടുചേർന്നുഭക്ത്യാ
കുമ്പിട്ടിരിക്കുന്നു രാമഭക്തൻ-
അഞ്ജനാപുത്രനുമുണ്ടുകാണാം
വന്ദിക്കയാണുകരങ്ങൾകൂപ്പി
വില്ലൊന്നിടംകയ്യിൽ ചേർത്തുവെച്ചും
പൊന്നിൻശരം വലംകയ്യിൽവെച്ചും
മന്നിലെ തിന്മകളെയ്തുനീക്കാൻ
വന്നുനില്പൂ രാമചന്ദ്രനായി
രാമരാമാ ഹരേ രാമരാമാ
രാമരാമാ ജയ രാമരാമാ
രാമരാമാ ഹരേ രാമരാമാ
ജാനകീവല്ലഭാ രാമരാമാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment