Tuesday, 2 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 42

31.03.2024


ശ്രീലകത്തിന്നുചതുർബാഹുരൂപനായ്

ശ്രീനാഥൻ വിഷ്ണുരൂപംചമച്ചു

കാലിൽതളയുണ്ടരയിലോകിങ്ങിണി

ശോണനിറപ്പട്ടിൻ മേലെയുണ്ട്


വെള്ളക്കസവിന്റെ മുണ്ടൊരെണ്ണം പട്ടു-

മുണ്ടിൻമുകളിൽമുറുക്കിക്കെട്ടി

മന്ദസ്മിതത്തോടെ നാരായണപ്രഭു

മണ്ഡപംനോക്കി നിറഞ്ഞുനിൽപ്പൂ


നാലുതൃക്കയ്യിലും കങ്കണങ്ങൾ ,നാലു-

തോളിലും തോൾവള കാണാനുണ്ട്

കാതിലെപ്പൂക്കളും നെറ്റിക്കുറികളും

പാലാഴിനാഥനണിഞ്ഞുകാണ്മൂ


മാറി,ലരിമണിമാലകൂടാതുണ്ടു,

മാങ്ങാമാല പൂപ്പതക്കമാല

പീതവർണ്ണത്തെച്ചിപ്പൂവും തുളസിയും

ധാരാളമായ്ചേർത്തൊരുണ്ടമാല


മഞ്ഞക്കളഭക്കിരീടത്തിലുണ്ടതാ

വെള്ളത്തെച്ചിപ്പൂവാൽതീർത്തമാല

താമരപ്പൂക്കളാലാണിന്നുകാണുന്നു

താമരാക്ഷന്നു വിതാനമാല


നാലുകരങ്ങളിൽ ശംഖുചക്രംഗദ

താമരപ്പൂവും തിളങ്ങിടുന്നു

നീലവർണ്ണൻ വന്നുനിൽക്കുന്നുശ്രീലകേ

ലോകരെയെല്ലാമനുഗ്രഹിക്കാൻ


സ്വാമിതൻപാദേ നമസ്ക്കരിക്കുന്നപോൽ

ശ്രീനാഥൻ തന്നെത്താൻ ചാർത്തിയാഹാ!

ചാരത്തുവെള്ളിക്കുടമുണ്ട് താക്കോലും

കാണുന്നു കൂട്ടമായ് തൃപ്പദത്തിൽ


കൃഷ്ണാ ഹരേജയ കൃഷ്ണാഹരേജയ

കൃഷ്ണാമുരാരേ വൈകുണ്ഠവാസാ

കൃഷ്ണാഹരേജയ കൃഷ്ണാഹരേജയാ

ലക്ഷീദേവീപതേ വിഷ്ണുദേവാ


ഗിരിജ ചെമ്മങ്ങാട്ട് 

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി മാറുന്ന ദിവസമാണ്.

No comments:

Post a Comment