Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 27

16.03.2024


ശ്രീലകത്തിന്നുകാണുന്നുണ്ടു കണ്ണനെ

രേണുകാജാതൻ ഭൃഗുരാമരൂപനായ്

ശ്രീപീഠത്തിന്മേൽ വലംകാൽമടക്കിയും

താഴേയ്ക്കിടത്തുകാൽ തൂക്കിയുമങ്ങനെ


ഊരുവിലല്ലോ മഴുവൊന്നു,തൃക്കരം

നേരായ് മുറുക്കിപ്പിടിച്ചതുപോലവേ

കാണുന്നു കാലിൽത്തളകളും,പട്ടുമു-

ണ്ടാണു,ചുറ്റീട്ടുണ്ടരയിൽ കസവിനാൽ


കൈകളിൽകങ്കണം,മാറിൽപൂമാലകൾ

മിന്നുംകഴുത്തോടുചേർന്നൊരുമാലയും

പുഞ്ചിരിപ്പൂമുഖം തന്നിലെഗ്ഗോപിയും

ചന്തമായ് കെട്ടിയ കൊച്ചുകുടുമയും


കാണാമലങ്കാരമാലകൾ മേലെയായ്

കാണാം ജടയിലും മൂന്നാലുമാലകൾ

മാറിലെ പൂമാലയോടൊത്തുകാണുന്നു

രാമന്നുചേരുന്ന നീലക്കൽമാലയും


ഏറെയും രൂക്ഷമായുള്ളഭാവത്തിലായ്

കാണും,പരശുരാമൻതന്റെവിഗ്രഹം

കോമളരൂപത്തിൽ നന്നായ് ചമച്ചൊരാ

ശ്രീനാഥനെത്രയും ഭാഗ്യവാൻ തന്നെയാം


ഏകാധിപത്യം തികഞ്ഞ രാജാക്കളെ

വേരോടറുത്തോരു ഭാർഗ്ഗവരാമനായ്

ഭുമിയിൽ വീണ്ടുമവതരിച്ചീടുവാൻ

വേഗമൊരുങ്ങണേ വൈകുണ്ഠനായകാ


നാരായണാഹരേ നാരായണാഹരേ

നാരായണാഹരേ ശത്രുസംഹാരകാ

നാരായണാഹരേ നാരായണാഹരേ

നാരായണാഹരേ മിത്രസംരക്ഷകാ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment