ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 40
29.03.2024
അനന്തശായിയായ് കളഭത്താൽചാർത്തി
പ്രഭുശ്രീനാഥനെ ദ്വിജനാം ശ്രീനാഥൻ
മടങ്ങിമൂന്നായിക്കിടപ്പുപന്നഗം
വിടർത്തിതന്നഞ്ചുപടങ്ങൾ മേലെയും
നിവർത്തിവെച്ചൊരാ ചരണങ്ങൾരണ്ടു-
മണിഞ്ഞതായ്ക്കാണാം കനകമഞ്ജീരം
അരയിൽചോന്നുള്ള കസവുടയാട
നിറഞ്ഞമാറിലുണ്ടൊരുമാങ്ങാമാല
ഉദരത്തിൽ പൊക്കിൾക്കുഴിയിൽനിന്നൊരു
മിനുത്തതാമരലതയുംകാണുന്നു
ലതതന്നറ്റത്തായ് സരസിജമുണ്ട്
സരോജേ,നാന്മുഖനിരിക്കുന്നുമുണ്ട്
വലംകയ്യിലുമുണ്ടൊരുതാമരപ്പൂ
ഇടംകയ്യിൽക്കാണാമൊരുഗദപ്പിടി
ചെവിപ്പൂക്കൾ,നെറ്റിത്തടത്തിൽപൊൻഗോപി
കിരീടപ്പീലിമേൽ തുളസിമാലയും
അലങ്കാരമായിട്ടനേകം മാലകൾ
വിരിനെഞ്ചിൽവെള്ളക്കുസുമമാലയും
നിറചിരിയാലെ വിടർന്നചുണ്ടുകൾ
അബലഭക്തരിലമൃതമേകുമ്പോൽ
വലത്തുകയ്യിലെ സരോജത്തിൻതാഴെ
ശിവലിംഗമൊന്നുതെളിഞ്ഞുകാണുന്നു
രമാകാന്തൻ ഭക്ത്യാ,ലുമാമണാളനെ
സുമത്താലർച്ചന,നിവർത്തിക്കുംപോലെ
അനന്തപദ്മനാഭനായ് ഗുരുവായൂർ
വിളങ്ങിടുന്നൊരാ പ്രഭു നാരായണൻ
നരകകൃത്യങ്ങൾ നടനമാടുന്ന
ധരയെ,വൈകുണ്ഠസമാനമാക്കണേ!
ഹരേനാരായണാ ഹരേനാരായണാ ഹരേനാരായണാ മുരാന്തകാ ദേവാ ഹരേനാരായണാ ഹരേനാരായണാ
അഹങ്കാരഹരാ ഭവദു:ഖാന്തകാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment