ശ്രീ ഗുരുവായൂരപ്പന്റെ പന്തീരടിപ്പൂജാലങ്കാരവർണ്ണന 13
01.03.2024
ആനതൻപുറത്താണിന്നുകാർവർണ്ണൻ
ആറാട്ടിന്നായൊരുങ്ങിവന്നീടുന്നു
വേണു,തൻവലംകയ്യിലുമുണ്ടല്ലോ
ചേരുന്നുണ്ടിടംകയ്യിൽതിടമ്പതാ
രണ്ടുപാദങ്ങളങ്ങോട്ടുമിങ്ങോട്ടും
ചന്തമായ് കവച്ചാണിരിക്കുന്നുപോൽ
പൊൻതളകൾതിളങ്ങുന്ന,രയിലോ
പൊന്നുപട്ടിൻകസവുടയാടയും
ആടമേലതാകാണുന്നുകിങ്ങിണി
മാറിൽചേലിൽ പുലിനഖമാലയും
ഗണ്ഡത്തിൽ ചേർന്നുകാണ്മൂ വളയത്തിൻ
സുന്ദരാകൃതിയുള്ളൊരു മാലയും
കർണ്ണപുഷ്പവും,തോൾവള,കങ്കണം
ചന്തമോടിന്നണിഞ്ഞതാമാധവൻ
നെറ്റിയിൽതിലകക്കുറികാണുന്നു
നൽക്കിരീടവുമുണ്ടുനെറുകയിൽ
പീലിമേൽ മുടിമാലയും മേലെയായ്
താമരയാലലങ്കാരമാലയും
ഗോപബാലനിരിപ്പു കീഴ്ശാന്തിപോൽ
ഗോപീകണ്ണന്റെ,മോളിലാറാട്ടിനായ്
കൃഷ്ണകൃഷ്ണാ,ഹരേകൃഷ്ണമാധവാ
കൃഷ്ണകൃഷ്ണാ,ഹരേകൃഷ്ണകേശവാ
കൃഷ്ണകൃഷ്ണാ,മധുസൂദനാഹരേ
കൃഷ്ണകൃഷ്ണാ,മധുവൈരി!പാഹിമാം
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment