ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 37
26.03.2024
കൽക്കിതൻരൂപത്തിലാണിന്നു മേൽശാന്തി
കൃഷ്ണനെ നന്നായ് കളഭംചാർത്തി
അശ്വത്തിൻമേലല്ലോ കേറിയിരിക്കുന്നു
കൊച്ചുപടയാളിയെന്നമട്ടിൽ
തന്നിടംകയ്യിൽ കുതിരക്കടിഞ്ഞാണും
മിന്നുന്നവാൾ വലംതൃക്കയ്യിലും
കുഞ്ഞിത്തളകളും കിങ്ങിണിച്ചന്തവും
പൊന്നിൻകസവൊത്തചോന്നപട്ടും
കങ്കണം തോൾവള, മാറിൽ പതക്കങ്ങൾ-
ചന്തത്തിൽ ചേർത്തുള്ള സ്വർണ്ണമാല
കർണ്ണപുടങ്ങളിൽ വർണ്ണപുഷ്പങ്ങളും
ചന്ദനനെറ്റിയിൽ ഗോപിപ്പൊട്ടും
മഞ്ഞക്കളഭക്കിരീടത്തിൽ പീലികൾ
വെള്ളമന്ദാരമുടിമാലകൾ
മേലാപ്പിൽകാണുന്നു മൂന്നാലുമാലകൾ
താമരക്കണ്ണന്നലങ്കാരമായ്
ശ്രീലകത്തിന്നൊരു യോദ്ധാവിൻവേഷത്തിൽ
കാലപുരുഷൻ വിളങ്ങിനിൽപ്പു
ലോകക്കൊടുംപാപിക്കൂട്ടത്തെക്കൊല്ലുവാൻ
വാളുമായ് വാജിപ്പുറത്തുകേറി
കൃഷ്ണനാരായണ കൃഷ്ണനാരായണാ
ശത്രുസംഹാരകാ കൈതൊഴുന്നേൻ
കൃഷ്ണനാരായണാ കൃഷ്ണനാരായണാ
മിത്രസംരക്ഷകാ കുമ്പിടുന്നേൻ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment