ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 56
14.04.2024
വിഷുസദ്യയുണ്ടിട്ടു ശ്രീലകേനിൽക്കുന്നു
ഗുരുവായൂരുണ്ണിക്കുമാരനിന്ന്
ഒരുപാദമൊന്നുപിണച്ചിട്ടും മറ്റേക്കാൽ തറയിലായ്
മന്ദംചവിട്ടിയിട്ടും
കാൽത്തളയുണ്ടല്ലോകാണുന്നുകാൽകളിൽ
ചാർത്തിയക്കിങ്ങിണി പൊന്നരയിൽ
പട്ടുകോണം നീർത്തിക്കിങ്ങിണിമേലുടു-ത്തെത്രയുംമോടിയിൽനില്പൂ കൃഷ്ണൻ
കൈവളയുണ്ടുഭുജങ്ങളിൽ തോൾവള
കർണ്ണങ്ങളിൽചേരുംവർണ്ണപ്പൂക്കൾ
മാറത്തെ മാങ്ങാമാലയ്ക്കൊപ്പംചേർന്നിട്ടു
കാണുന്നുവെള്ളമന്ദാരമാല
കാണാംകിശോരന്റെനെറ്റിത്തടത്തിലാ-
യോതിക്കൻ ചന്തത്തിൽ തൊട്ടഗോപി
പീലിക്കിരീടത്തിൽ ചാർത്തിയിട്ടുണ്ടല്ലോ
താമരപ്പൂവിന്റെകേശമാല
മോടികൂട്ടീടുന്നമാലകൾ നാലെണ്ണം
കാണുന്നൂകണ്ണനലങ്കാരമായ്
ദീപപ്രകാശത്തിൽനിൽക്കുന്നൂമാധവൻ
വായുപുരത്തുള്ള കോവിലിങ്കൽ
രണ്ടുതൃക്കൈകളുംവേണുവിൽ ചേർത്തിട്ടാ-
ണിമ്പത്തിൽനാദമുതിർക്കുമിപ്പോൾ
വന്നുകൊൾകെല്ലാരുമെന്നുള്ള ഭാവത്തിൽ
മണ്ഡപംനോക്കീട്ടുനിൽക്കയാണ്
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ
ഗോപബാലാ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേഗോപബാലകൃഷ്ണാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment