ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 101
11.07.2024
നാലു തൃക്കൈകളിൽ ശംഖു-
ചക്രങ്ങൾ സ്വർണ്ണശോഭയിൽ
ചന്ദനംകൊണ്ടു തീർത്തുള്ള
ഗദയും,ജലപുഷ്പവും
നാരായണന്റെ രൂപത്തി-
ലിന്നുചാർത്തീ മുകുന്ദനെ
ചാതുര്യത്തോടെയോതിക്കൻ
ശ്രീലകത്തതിരമ്യമായ്
ഭക്തരെന്നും വണങ്ങീടും
തൃപ്പദങ്ങളിൽ പൊൻതള
മഞ്ഞക്കസവുപട്ടിന്മേൽ
മിന്നുന്നൂപൊന്നുകിങ്ങിണി
മാറത്തുമുല്ലമൊട്ടിന്റെ
മാലയുണ്ടു തെളിഞ്ഞതാ
ചാരുരൂപന്റെ കണ്ഠത്തിൽ
ചേരും വളയമാല്യവും
മാലകൾക്കുനടുക്കിന്നു
കാണാം കനകഗോപിയും
നാലുകൈകളിലുണ്ടല്ലോ
കേയൂരം കങ്കണങ്ങളും
കർണ്ണത്തിൽ പൂവണിഞ്ഞിട്ടും
മന്ദഹാസം വിടർത്തിയും
ചന്ദനത്തിരുനെറ്റിമേൽ
സ്വർണ്ണക്കുറി തിളങ്ങിയും
മാറത്തു*സുരഭീഹാരം
ചേതോഹരനണിഞ്ഞു,ഹാ
മുടിക്കെട്ടിലുമുണ്ടല്ലോ
തുളസിപ്പൂമാല ചന്തമായ്
താമരപ്പൂവിനാലല്ലോ
തൂങ്ങുംമാല വിതാനമായ്
ശ്രീലകേ നെയ് വിളക്കത്തു
കാണാംവൈകുണ്ഠവൈഭവം !!
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ!
കൃഷ്ണ!കൃഷ്ണ!ജനാർദ്ദനാ!
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ!
കൃഷ്ണ!നാരായണാ!ഹരേ!
ഗിരിജ ചെമ്മങ്ങാട്ട്.
*സുരഭി=തുളസി
No comments:
Post a Comment