Friday, 12 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 102

12.07.2024

ഗുരുവായൂർ ശ്രീലകേ ചെന്നുവന്ദിക്കുമ്പോൾ
നരസിംഹമൂർത്തിയെകാണാം
ഭയമേകുംരൂപത്തിലാണിന്നുമാധവൻ
സടനീർത്തിഗംഭീരഭാവേ

അസുരരാജാവിൻസഭയിലായുമ്മറ-
പ്പടിമേലിരിക്കുകയല്ലോ
മടിയിൽ ഹിരണ്യകശിപുവിന്നാസ്പദം
രുധിരത്താലല്ലോചുവന്നു

ഇരുകയ്യാൽകൂർത്തനഖരങ്ങൾകൊണ്ടല്ലോ
ദിതിവംശനാഥവക്ഷസ്സിൽ
അതിവേഗമാഴ്ത്തുന്നുപിന്നെയുംപിന്നെയും
അലറിച്ചിരിച്ചുകൊണ്ടങ്ങ്
പടിമേലിരിക്കുന്നപാദത്തിൽകാണുന്ന
തളകളുംകൂടെച്ചിരിച്ചോ
അരയിൽ കസവിന്റെ പട്ടിലുമുണ്ടല്ലോ
അവശനാം ദൈത്യന്റെ രക്തം

വധകർമ്മംചെയ്യുംകരങ്ങളെക്കൂടാതെ-
യിരുകരങ്ങൾകൂടെക്കാണാം
വളകളു,മംഗദശോഭയുംചേർന്നു,നൽ
തിരുശംഖുചക്രങ്ങൾ ഭംഗ്യാ

ചെവിയിൽ പ്രസൂനവും നിടിലത്തിൽ ഗോപിയും
തിരുമുടിമാലയും ചാർത്തി
അവനിവാഴുംദുഷ്ടദൈത്യരെക്കൊല്ലുവാ-
നവതരിക്കേണേമുരാരേ

ജയജയകൃഷ്ണാ മുകുന്ദാ ജനാർദ്ദന
ജയജയവൈകുണ്ഠനാഥാ
ജയജയനരസിംഹമൂർത്തേ!മഹാപ്രഭോ
ജയജയഭൂലോകനാഥാ

ഗിരിജ ചെമ്മങ്ങാട്ട്


No comments:

Post a Comment