Saturday, 27 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 113

27.07.2024

കണ്ടിടുന്നു ഗുരുവായുരെത്തിയാൽ
കണ്ണനിന്നുരഘുരാമരൂപിയായ്
ഉണ്ടുകയ്യിലൊരുസ്വർണ്ണ*സായകം
വില്ലുമുണ്ടു,മറുപാണിതന്നിലും

ശോണവർണ്ണമഴകൊത്തപട്ടിനാൽ
ചേലൊടൊത്ത,രയിലങ്ങുചുറ്റിയും
മീതെ,ചന്തമിയലുന്ന കിങ്ങിണി
മോദമോടലസമായ്,കിലുങ്ങിയും

മാറിലുണ്ടു,നവഹേമമാലയും
ചേണെഴുന്ന,പുതുവന്യമാലയും
മേനിയിൽ,കനകഭൂഷണങ്ങളും
മൗലിമേലഴകിലായ് കിരീടവും

സുന്ദരന്റെയരികത്തുകാണ്മതാ
തങ്കവർണ്ണമുടലാർന്ന,ജാനകി
വർണ്ണമാലയിരുകൈകളിൽധരി-
ച്ചല്ലി!നമ്രമുഖിയായിനില്പതാ !

വെണ്മയേറുമൊരുപട്ടുചേലയാ-
ണു,ണ്ടുമാറിലൊരു,പച്ചകഞ്ചുകം
കണ്ടിടുന്നു,പലവർണ്ണഭൂഷകൾ
പല്ലവാംഗിയുടെ,യാസ്പദത്തിലും

രാമചന്ദ്രനിത!നില്പു,കോവിലിൽ
സീതയൊത്തു,മൃദുഹാസഭാവനായ്
ഓടിയെത്തി,നടയിൽതൊഴുന്നവർ-
ക്കേകുവാനഭയമെന്നുമെപ്പൊഴും

ഗിരിജ ചെമ്മങ്ങാട്ട്
* സായകം=അമ്പ്

No comments:

Post a Comment