Friday, 5 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 9

26.2.24


ഊഞ്ഞാൽ പടിയിൽ കയറിനിൽക്കുന്നപോ-

ലാണിന്നു,കണ്ണൻ വിളങ്ങിനിൽപ്പൂ

കാലിലുണ്ടല്ലോതളക,ളരയിലോ

വീതിയിലുള്ളൊരുപൊന്നരഞ്ഞാൺ


പട്ടുകോണംനീർത്തി കുമ്പമേൽകാണുന്നു

പുത്തനാംവേണുവോ കുഞ്ഞരയിൽ

കൊച്ചുകൈരണ്ടുമാ പൊൻവള്ളിയിൽചേർത്തു

കൃഷ്ണ,നാടാനെന്നപോലെനിൽപ്പൂ


പൊൻമാലപോരാഞ്ഞുകാണുന്നുമാറിലായ്

വെൺപൂ,തുളസിപ്പൂചേർന്നമാല

കൈവളപാണിയിൽ,തോൾവളതോളിലും

ഭംഗിയത്രയ്ക്കുണ്ടു,നോക്കിനിന്നാൽ


കർണ്ണസൂനംവെച്ചു,ഗോപിയുംചാർത്തീട്ടു

മന്ദസ്മിത്തോടെ നില്പുകണ്ണൻ

പീലിക്കിരീടത്തിൻമേലെയായ് കാണുന്നു

താമരുപ്പൂചേർന്നൊരുണ്ടമാല


കാണാമലങ്കാരമായ് നല്ലമാലകൾ

വേറെയുംതെച്ചിത്തുളസിചേർന്ന്

ചാരത്തുചെന്നൊന്നു വെറ്റിലക്കെട്ടിടാൻ മോഹിച്ചുപോകയാണിന്നുചിത്തം.


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട് 


വെറ്റിലക്കെട്ട് ഇടുക=കുട്ടികളെ ഊഞ്ഞാലാട്ടുമ്പോൾ മുതിർന്നവർക്ക് തോന്നുന്ന ഒരു കുസൃതി.

No comments:

Post a Comment