ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 38
27.03.2024
സ്വർണ്ണത്തിന്നൂഞ്ഞാൽപ്പടിയിലിരിക്കയാ-
ണിന്നു,ശ്രീകോവിലിൽ കണ്ണനുണ്ണി
എന്തുനന്നായിക്കളഭത്തിൽചാർത്തി ഹാ!
മുന്നൂലമില്ലം മഹേഷോതിക്കൻ
ഉച്ചപ്പൂജയ്ക്കായൊരുങ്ങിവന്നെത്തിയാ
വിപ്രവര്യൻ ഭവദാസോതിക്കൻ
മാമൂൺകഴിഞ്ഞിന്നീ,യൂഞ്ഞാലിലാടണം
മാതാവിനോടല്ലോ കൊഞ്ചികൃഷ്ണൻ
തൂക്കിയിട്ടീടുന്ന പാദങ്ങളിൽ തള-
യേറ്റം തിളങ്ങീട്ടു കാണാകുന്നു
കൈവളയുണ്ടു,തോളത്തുകേയൂരവും
ഭംഗിയോടൊത്തതാ കാണാകുന്നു
കിങ്ങിണിമേലുണ്ടു കൗപീനം പട്ടിന്റെ
ചെന്നിറനൂലിനാൽനെയ്തതാണ്
കണ്ഠത്തിൽകാണാം വളയത്തിൻമാലയും
കുഞ്ഞുനെഞ്ചത്തതാ മാങ്ങമാല
കർണ്ണത്തിലുണ്ടു ചെവിപ്പൂക്കൾ,ചന്ദനം-
കൊണ്ടുള്ള നെറ്റിമേൽ സ്വർണ്ണഗോപി
പീലിക്കിരീടത്തിൽ ചേണാർന്നുകാണുന്നു
നീലത്തൃത്താവിന്റെയുണ്ടമാല
കാണാംവിതാനമായേറെയുംമാലകൾ
കോമളബാലനലങ്കാരമായ്
ശ്രീലകനെയ് വിളക്കേകും വെളിച്ചത്തിൽ
ലോകത്തെ നോക്കിച്ചിരിപ്പു ബാലൻ
മാതാവുമെല്ലെവന്നൂഞ്ഞാലിലാട്ടവേ
പേടിയാണെന്നുനടിച്ചുകൊണ്ടേ
ഊഞ്ഞാൽക്കയറുംമുറുക്കിപ്പിടിച്ചാണു
ഗീതോപദേശകനിന്നിരിപ്പൂ
കൃഷ്ണാ ഹരേജയ കൃഷ്ണാ ഹരേജയ
കൃഷ്ണാ ഗോപാലകർക്കുറ്റതോഴാ
കൃഷ്ണാ ഹരേജയ കൃഷ്ണാ ഹരേജയ
കൃഷ്ണാ മാതാക്കൾതന്നേകപുത്രാ
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment