Monday, 1 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 57

15.04.202


വിഷ്ണുവിന്നാദ്യാവതാരത്തിൻരൂപമാം 

മത്സ്യാകൃതിയിൽ സുമേഷോതിക്കൻ 

കൃഷ്ണരൂപത്തെ കളഭത്തിൽചാർത്തിയി-

ന്നുച്ചപ്പൂജയ്ക്കായലങ്കാരത്തിൽ 


പൊന്നരക്കിങ്ങിണിയിൽനിന്നുതാഴെയായ് 

വർണ്ണമത്സ്യംവാലിളക്കുമ്പോലെ 

സ്വർണ്ണക്കസവിന്റെ ശൽക്കങ്ങൾ നന്നായി-

ട്ടുണ്ണിയോതിക്കൻ ചമച്ചുകാണ്മൂ 


കൈവള ചേരുന്ന നാലുതൃക്കൈകളി-

ലുണ്ടുകളഭത്തിൻ ശംഖുചക്രം 

ചന്ദനംചാലിച്ചുതീർത്ത ഗദ,മറു-

കയ്യിൽ സരസിജമല്ലോ കാണ്മൂ 

മാറത്തു മുല്ലമുകുളത്തിൻ ഹാരവും

ചാരുകണ്ഠത്തിലൊരുമാല്യവും

മാലകൾക്കൊത്തുനടുക്കൊരുഗോപിയും

നീലക്കാർവർണ്ണനണിഞ്ഞുകാണ്മൂ 


ചാർത്തീഭുജങ്ങളിൽ കേയൂരം,കർണ്ണത്തിൽ-

നേർത്ത ചെവിപ്പൂക്കൾ,നെറ്റിമേലോ-

കാപ്പവൻവട്ടത്തിൽ സ്വർണ്ണത്തിലകവും 

ചേർത്തുനാരായണസ്വാമിനില്പൂ 


മഞ്ഞക്കളഭക്കിരീടത്തിൻകാന്തിക്കായ് 

നന്ത്യാർവട്ടത്തിന്റെ മാലയോടും 

കണ്ണിനുവെട്ടമരുളിക്കുളിർപ്പിക്കും 

മന്ദാരപ്പൂവാംവിതാനത്തോടും 

വെള്ളത്തെച്ചിപ്പൂ,തുളസിക്കഴുത്തൊപ്പം 

മിന്നുന്ന മാറത്തെമാലയോടും 

മന്ദഹാസാമൃതംതൂകിനിന്നീടുന്നു 

സമ്മോദിച്ചെന്നായ് മധൂപൂജയാൽ 


നാരായണാ ഹരേ നാരായണാഹരേ

നാരായണാവേദസംരക്ഷകാ

നാരായണഹരേ നാരായണാഹരേ 

പാലാഴിവാഴുന്ന ദേവദേവാ 


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment