ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 23
12.03.2024
വാമനമൂർത്തിയായ് മേൽശാന്തി ശ്രീനാഥൻ
നാരായണനെ മെനഞ്ഞെടുത്തു
ഓലക്കുട,വലംകയ്യിൽ കമണ്ഡലു
കാണുന്നിടംകയ്യിൽ ചന്തമോടെ
പൊൻതളമിന്നുംപദങ്ങളിൽഭസ്മത്തിൻ
മുമ്മൂന്നൂനൽക്കുറി കണ്ടിടുന്നു
നെഞ്ചിലും തോളിലും നെറ്റിമേലുംകൂടി-
യുണ്ടുകാണുന്നൂ *വിഭൂതിക്കുറി
കിങ്ങിണിക്കുകുമ്പമേൽതറ്റുടുത്തിട്ടുണ്ട്
വെള്ളിക്കസവിന്റെ കുഞ്ഞുവസ്ത്രം
കങ്കണം കേയൂരം സ്വർണ്ണഹാരങ്ങളും
*കുഞ്ഞോനിച്ചുണ്ണി,യണിഞ്ഞിട്ടുണ്ട്
പീലിക്കിരീടമിന്നില്ല,നെറുകമേൽ
മാടിക്കെട്ടീടുംകുടുമയല്ലോ
കാണാംപൂമാലരണ്ടെണ്ണം ,* ശിഖയിലും
കാണാമലങ്കാരമായിമൂന്നും
കാതിൽ സ്വർണ്ണപ്പൊട്ട്,നെറ്റിയിൽ ഗോപിയും
മാറിൽവെളുത്തുള്ളപൂണുനൂലും
കാണാം,*വടൂവേഷധാരിയായ് കണ്ണനെ
വായുപുരത്തിലെ ശ്രീകോവിലിൽ
പാടീപുരാണങ്ങൾ, ദൈത്യരാജാവിനെ
വാഴിച്ചുവല്ലോസുതലത്തിലായ്
വാഴുവാൻവീണ്ടുമനുഗ്രഹിച്ചീടണ-
മീഭൂമിയിപ്പോൾ നരകതുല്യം
നാരായണാഹരേ നാരായണാഹരേ
നാരായണാ,കശ്യപാത്മജാതാ
നാരായണാഹരേ നാരായണാഹരേ
മാതാവ,ദിതിതൻഭാഗ്യപുത്രാ
ഗിരിജ ചെമ്മങ്ങാട്ട്
വിഭൂതി = ഭസ്മം
കുഞ്ഞോനിച്ചുണ്ണി = ഉപനയനം കഴിഞ്ഞ ചെറിയ ഉണ്ണി
ശിഖ = കുടുമ
വടു = ബ്രഹ്മചാരി
No comments:
Post a Comment