Friday, 5 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 7

24.2.24


നന്ദകുമാരനിരിപ്പു,ശ്രീകോവിലിൽ

സുന്ദരകൈശോരരൂപത്തിലായ്

കുഞ്ഞുകാലൊന്നുമടക്കിയും,മറ്റേതു

തെല്ലൊന്നുനീർത്തിയുംവെച്ചുകൊണ്ട്


കാൽത്തളമിന്നുംചരണങ്ങൾകാണുന്നു

നേർത്തോര,രക്കെട്ടിൽ കിങ്ങിണിയും

പട്ടുകോണം ഭംഗിചേർന്നണിഞ്ഞിട്ടുണ്ടു

കൊച്ചുമിടുക്കൻചിരിച്ചിരിപ്പൂ


ഉത്സവം കാണാൻ തിടുക്കമാർന്നോ,മാമ-

മൊട്ടുമുണ്ടില്ലേ വിശക്കുകില്ലേ?

കൊച്ചുകുടവയർവീർത്തില്ല,യെങ്കിലു-

മെപ്പോഴും തൃക്കയ്യിൽ വെണ്ണയില്ലേ


കുഞ്ഞിച്ചെവികളിൽ സ്വർണ്ണത്തിൻഗോപിയും

കുഞ്ഞുപൊട്ടും കൂടെമിന്നിനിൽപ്പൂ

നെറ്റിമേലും ഗോപിചേർന്നതിലകവും

കൃഷ്ണവർണ്ണൻ ചന്തമോടണിഞ്ഞു


പീലികൾ പൊന്നിൻ കിരീടം മുടിമാല

മേലെയായ്,കാണുംവിതാനമാല

കാണാം,നറുനെയ് വിളക്കിൻ പ്രകാശത്തിൽ

കോമളബാലനെ കൺനിറയ്ക്കാം


ഉത്സാഹമോടങ്ങിരിക്കുമക്കണ്ണനോ

കൊച്ചുകുമാരന്റെരൂപമെന്നാൽ

ഉത്സവം ഞാനേ നടത്തുന്നുവെന്നുള്ളൊ-

രുഗ്രനാം കാർന്നവർ ഭാവമത്രേ...!!


കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേജയ 

കൃഷ്ണാഹരേജയ,കൃഷ്ണാഹരേ


ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment