Wednesday, 3 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 35

24.03.2024


പശുപാലനായിട്ടാണു 

ഗുരുവായൂർ മന്ദിരത്തിൽ

ശിശുപാലവൈരിതന്നെ-

യൊരുക്കിക്കാണ്മൂ

വലത്തുകാൽപിണച്ചിട്ടു-

മിടത്തുകാലൂന്നിയിട്ടു-

മിടയ,ക്കിശോരനേപ്പോൽ മുരാരിനിൽപ്പൂ


തളരണ്ടുമുണ്ടുകാലിൽ 

വളകളുമുണ്ടുകയ്യിൽ

അരയിൽ ഞൊറിഞ്ഞുടുത്ത കസവുമുണ്ടും

ഇരുകൈകളാലേ വേണു 

അരുമയായ്ചുണ്ടിൽചേർത്തു

ചിരിയോടെ മധുനാദംപൊഴിക്കുന്നുണ്ട്


പശുക്കിടാവൊന്നുനിൽപ്പൂ

തിരുമെയ്യിൽ ചാരിക്കൊണ്ട്

മുരളീസംഗീതംകേട്ടു നിർവൃതിക്കൊണ്ട്

മൃദുമാറിൽ മാങ്ങാമാല പതക്കംചേർന്നൊരുമാല

തുളസിപ്പൂപിരിച്ചതാ,മുണ്ടപ്പൂമാല


ചെവികളിൽ കണ്ടിടുന്നു

 കുസുമഗോപികൾ നന്നായ്

ലലാടത്തിലുംകാണുന്നു സുവർണ്ണഗോപി

മുടിയിൽ പീലികൾമൂന്നു-

മതായ്ച്ചേർന്നമാല്യങ്ങളും

അലങ്കാരത്തിനായ് കാണാം സരോജമാല്യം


പശുപാലനായിനിന്നു

ചിരിക്കുന്ന ഗോപബാലൻ

പശുവെപ്പോൽ ഭക്തന്മാരെ

നയിച്ചീടുക!

മനസ്സിലെ കാകോളങ്ങ-

 ളമൃതമായ് മാറ്റിത്തന്നീ-

മഹീലോകം നാകമാക്കാനനുഗ്രഹിക്ക!


ഹരേ കൃഷ്ണ നാരായണാ

ജയകൃഷ്ണ നാരായണാ

വസുദേവാത്മജാ കൃഷ്ണാ വണങ്ങിടുന്നേൻ

ഹരേകൃഷ്ണ നാരായണാ

ജയകൃഷ്ണ നാരായണാ

ജയ നന്ദഗോപപുത്രാ തൊഴുതിടുന്നേൻ


ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment