Saturday, 20 July 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 109

20.07.2024

അമ്പാടിതന്നിലെയുമ്മറത്തെന്നപോൽ
ചമ്രംപടിഞ്ഞിരിക്കുന്നുകണ്ണൻ
വെണ്ണയുമായിപ്പോൾവന്നീടുമേയമ്മ-
യെന്നുള്ളഭാവേന ശ്രീലകത്ത്

മഞ്ജീരമുണ്ടുപാദങ്ങളിൽ,ബാഹുക്കൾ
രണ്ടിലും കാണുന്നു കങ്കണങ്ങൾ
കിങ്ങിണികെട്ടിയകുമ്പയ്ക്കുതാഴെയായ് നന്നായുടുത്തുള്ള കോണകവും

മാറത്തു,കുന്ദമുകുളത്തിന്മാലയും
കാനനമാലയുമിട്ടിട്ടുണ്ട്
തോളത്തുകാപ്പുകളോടൊത്തുകാണുന്നുപൂവിതളാലുളള പൊട്ടൊരെണ്ണം

മാലേയംചാർത്തിയതൂനെറ്റിമേലുണ്ട്
മാധവനുണ്ണിക്കു സ്വർണ്ണഗോപി
പീലിക്കിരിടേ മുടിമാലകാണുന്നു
മൂന്നുമയില്പീലിയൊത്തുചേർന്ന്

കുഞ്ഞുതുടമേലെ വേണുവലങ്കയ്യാ-
ലൊന്നമർത്തിക്കൊണ്ടും,പുഞ്ചിരിച്ചും
തന്നിടംകയ്യാ,മറുതുടമേലെവെ-
ച്ചല്ലോ കിശോരനിരുന്നിടുന്നു !

കൃഷ്ണാ,മുകുന്ദാ,ജനാർദ്ദനാ,മാധവാ
ഭക്തർക്കൊരാശ്രയമായ ദേവാ
കൃഷ്ണാ,ജനാർദ്ദന,കേശവാ,ഗോവിന്ദ!
നിത്യാ,നിരാമയാ,കൈതൊഴുന്നേൻ !

ഗിരിജ ചെമ്മങ്ങാട്ട്



No comments:

Post a Comment