ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 4
21.2.24
ആനയോട്ടത്തിന്നൊരുങ്ങുന്നപോലവേ
ഗോപാലകൃഷ്ണനെയിന്നുകാണ്മൂ
വേണു,ഭുജമൂലമൊന്നിൽ വിളങ്ങുന്നു
കാരമരത്തിന്റെ കോലെന്നപോൽ
ഗോപീകണ്ണന്റെ ചെവിയാൽ മറഞ്ഞതോ
പാദദ്വയങ്ങളെ കണ്ടതില്ല
കോണകംകിങ്ങിണികൈവളതോൾവള
കാണുന്നു ഭംഗിയായ് വിഗ്രഹത്തിൽ
സ്വർണ്ണത്തിൻമാലയൊന്നുണ്ടൂ
കഴുത്തിലായ്,
മന്ദാരവും,തെച്ചിപ്പൂവുമായി
നന്നായിച്ചേർത്തേതോമഞ്ജുളകോർത്തതാ-
മുണ്ടപ്പൂമാലയും കാണ്മുമാറിൽ
ഇമ്പമേറീടുംചെവിപ്പൂക്കൾ,നെറ്റിയിൽ
കൺമയക്കീടുന്ന പൊൻഗോപിയും
കയ്യിൽനവനീതമുണ്ടിടയ്ക്കുണ്ണുവാൻ
കണ്ണനുദരം വിശന്നിടുമ്പോൾ
ഉത്സവനാളുവന്നെത്തുമെന്നോർത്തിട്ടു
കൃഷ്ണനുമുള്ളത്തിലുത്സാഹമായ്
കൃഷ്ണഭക്തർക്കുമാഹ്ലാദമായ് ഭൂവിലെ
വിഷ്ണുലോകത്തിൽവന്നെത്തുവാനായ്.
കൃഷ്ണഗോവിന്ദാമുരാരേജഗത്പതേ !
കൃഷ്ണായദുകുലഗോപബാലാ !
കൃഷ്ണാമുകിൽവർണ്ണാനന്ദകുമാരകാ !
ഭക്തിയാൽനിന്നെ നമിപ്പൂഞങ്ങൾ !!
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment