ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 20
08.03.2024
ചമ്രംപടിഞ്ഞിട്ടിരിക്കുന്നരൂപത്തിൽ
കണ്ണനെമേൽശാന്തിയിന്നൊരുക്കി
പൊന്നിൻതളയുണ്ട്,കോണകം കുമ്പമേൽ
കിങ്ങിണിചേർന്നിട്ടുകാണുന്നുണ്ട്
കൈവള,തോൾവള,കർണ്ണസൂനങ്ങളും
പൂമാല,പൊന്മാലയെല്ലാം കാണാം
പീലിത്തിരുമുടിമാല,യലങ്കാര-
മാലകൾ ശ്രീലകത്തിന്നുകാണാം
ദർഭപ്പുല്ലിന്നഗ്രം കൈകളിൽചേർത്തു,ശ്രീ-
രുദ്രമന്ത്രംജപംചെയ്തുകൊണ്ടും
രുദ്രന്നു,ധാരചെയ്തീടുന്നഭാവത്തിൽ
ഉത്തമപൂരുഷനിന്നിരിപ്പൂ
ധാരക്കിടാരത്തിൽനിന്നും,പവിത്രമാം
ധാരോദകം ശിവലിംഗത്തിന്മേൽ
ധാരയായ് വീഴുന്നകാൺകേ,മന്ദസ്മിത-
ലോലൻ മുരാന്തകനിന്നിരിപ്പൂ
കാളകൂടമശിച്ചേകനായ്നിൽക്കുന്ന
മാരാരിതന്നുടെ ബാധമാറാൻ
ധാരാജലംകൊണ്ടഭിഷേകർമ്മങ്ങൾ
മാധവൻ ചെയ്കയാണെന്നുതോന്നും
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയാ കൃഷ്ണാഹരേ
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
വൃഷ്ണീവംശേശ്വരാ കൈതൊഴുന്നേൻ
ഗിരിജ ചെമ്മങ്ങാട്ട്
ശിവനെ പ്രസാദിപ്പിക്കാൻ ഉരുവിടുന്ന മന്ത്രമാണ് ശ്രീരുദ്രം
No comments:
Post a Comment